‘സേവിങ്‌സിനൊടുവിൽ ഒരു ക്യാമറയും ട്രൈപ്പോഡും ലൈറ്റും വാങ്ങി, ഒടുവിൽ റീൽസ് റിയലായി’, പ്രേമലുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അഖില ഭാർഗവൻ

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികൊണ്ട് പ്രേമലു മുന്നേറുകയാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുന്ന ഗിരീഷ് എ ഡി ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ എല്ലാവര്ക്കും സുപരിചിതരാണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് കൈരളി ഓൺലൈനിനോട് പ്രതികരിക്കുകയാണ് അഖില ഭാർഗവൻ.

പ്രേമലുവിന്റെ വിജയം

പ്രേമലു വിജയിക്കുമെന്ന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. അതിന് കാരണം സംവിധായകൻ ഗിരീഷ് എ ഡി തന്നെയാണ്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ മികച്ച സിനിമകൾ ചെയ്ത സംവിധായകൻ ആണല്ലോ അദ്ദേഹം. ജോജി, പാൽതു ജാൻവർ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിച്ച ഭാവന സ്റ്റുഡിയോസിന്റെ പ്രോഡക്‌ഷനും സിനിമയിലുള്ള പ്രതീക്ഷ വർധിപ്പിച്ചു. പക്ഷെ വിജയിക്കുമെന്ന പ്രതീക്ഷയ്ക്ക് മുകളിലാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ. വളരെ പെട്ടെന്ന് തന്നെ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു.

സിനിമയിലേക്കുള്ള ദൂരം

അപ്രതീക്ഷിതമായിട്ടാണ് സിനിമയിൽ എത്തിപ്പെട്ടത്. ആദ്യം ഓഡീഷനൊക്കെ അയച്ചെങ്കിലും ഒന്നിലും തെരഞ്ഞെടുക്കാതെ വന്നതോടെ മടുപ്പു തോന്നി. പിന്നീട് ഓഡീഷന് പോകുന്നത് തത്കാലത്തേക്ക് നിർത്തിവെച്ചു. പിന്നീട് റീൽസ് ചെയ്ത് തുടങ്ങുന്ന സമയത്താണ് എന്നെ ‘അനുരാഗ് എഞ്ചിനീയറിങ് വർക്സി’ലേക്ക് ലേക്ക് വിളിച്ചത്. അവിടെ നിന്നാണ് ‘പൂവൻ’ എന്ന എന്റെ ആദ്യ സിനിമയിൽ എത്തിയത്. അനുരാഗ് മുതൽക്ക് പിന്നീട് ജീവിതത്തിൽ നടന്നതെല്ലാം അപ്രതീക്ഷിതമാണ്.

കണ്ണൂരെ സ്ലാങ്

എൻ്റെ നാട് കണ്ണൂരായത് കൊണ്ട് തന്നെ സ്ലാങ് ആദ്യമൊക്കെ ഒരു പ്രശ്നമായിരുന്നു. അനുരാഗിൽ കണ്ണൂർ സ്ലാങ് ആയത് കൊണ്ട് തന്നെ ബുദ്ധിമുട്ട് ഇല്ലായിരുന്നു. പക്ഷെ പൂവനിലേക്ക് വരുമ്പോൾ ഡയലോഗിനിടയ്ക്ക് കണ്ണൂർ സ്ലാങ് വരുമായിരുന്നു. ഡബ്ബ് ചെയ്യുമ്പോൾ ആ പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നത് സംവിധായകൻ വിനീത് വാസുദേവനാണ്. പിന്നീട് ഡബ്ബിങ്ങിൽ ആണ് സംഭാഷണങ്ങൾ ശരിയാക്കിയത്. പക്ഷെ സ്ലാങ് ഒരു ബുദ്ധിമുട്ടായി ഇത് വരേയ്ക്കും തോന്നിയിട്ടില്ല.

റീൽസും റിയലും

റീൽസിലൂടെയാണ് അഭിനയത്തിലേക്കും സിനിമയിലേക്കും എത്തുന്നത്. ഒരു രസത്തിന് ഞാനും ഭർത്താവും ആരംഭിച്ച എ ആർ റീലിസ് പിന്നീട് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. നല്ല കണ്ടന്റുകൾ ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകളുടെ നല്ല അഭിപ്രായങ്ങൾ കാണുമ്പോൾ വീണ്ടും നല്ല വീഡിയോസ് ചെയ്യണമെന്ന് തോന്നും. അങ്ങനെ കുറച്ചു കാലത്തെ സേവിങ്‌സിന് ശേഷമാണ് ഞങ്ങൾ ഒരു ക്യാമറയും ട്രൈപ്പോഡും ലൈറ്റും വാങ്ങുന്നത്. അതുവരെ ഫോണിൽ ആയിരുന്നു എല്ലാം ഷൂട്ട് ചെയ്തിരുന്നത്. അപ്പോൾ എടുത്ത പരിശ്രമങ്ങളാണ് എന്നെ ഇന്നിവിടെ വരെ എത്തിച്ചത്.

ആദ്യ സിനിമയും കഥാപാത്രവും

പൂവൻ സിനിമയിലെ വീണ ഒരു പാവം കുട്ടിയാണ്, നിഷ്കളങ്കയാണ്‌. കുഞ്ഞു കുഞ്ഞു കള്ളത്തരങ്ങൾ ഉണ്ടെങ്കിലും അവൾക്ക് ചുറ്റുമുള്ള മനുഷ്യർ എപ്പോഴും നന്നായിരിക്കണം എന്ന ആഗ്രമെ അവൾക്കുള്ളൂ. കുടുംബത്തിലേക്കും അവരുടെ ചെറിയ സന്തോഷങ്ങളിലേക്കും ഒതുങ്ങുന്ന കഥാപാത്രമാണ് അവൾ. എന്റെ ആദ്യത്തെ സിനിമയായത് കൊണ്ട് ആ കഥാപാത്രം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.

ജീവിതത്തിലും ബോൾഡാണോ

കാർത്തികയെ പോലെ ബോൾഡ് അല്ല ഞാൻ. എല്ലാ കാര്യങ്ങളും എല്ലാവരോടും മുഖത്തുനോക്കി സംസാരിക്കുന്ന, നോ പറയേണ്ടിടത്ത് നോ പറയുന്ന കഥാപാത്രമാണ് കാർത്തിക. പക്ഷെ നോ പറയാൻ ഒരുപാട് ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ പോലും പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

അനുരാഗ് എഞ്ചിനീയറിങ് വർക്‌സ്

അനുരാഗ് എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഷോർട് ഫിലിം ആണ്. ക്യാമറക്ക് മുൻപിൽ നിന്ന് പരിചയം ഇല്ലാത്ത എനിക്ക് അത് പരിചയപ്പെടുത്തിയത് ഈ സിനിമയാണ്. അതുകൊണ്ട് തന്നെ ആ സിനിമ ഇത്രയും വലിയ വിജയമായതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഇപ്പോഴും സിനിമയിൽ അഭിനയിച്ച കുട്ടി എന്ന രീതിയിൽ അല്ല എന്നെ ആളുകൾ തിരിച്ചറിയുന്നത്. അനുരാഗിലെ നീതു അല്ലെ എന്നാണ് പലരും ചോദിക്കുന്നത്. ആ പേരിൽ അറിയപ്പെടാനാണ് എനിക്കിഷ്ടം.

ഓൾ ഐ നീഡ് ഈസ് എ അമൽ ഡേവിസ്

പ്രേമലുവിലേത് പോലുള്ള സൗഹൃദങ്ങൾ എന്റെ ജീവിതത്തിലുമുണ്ട്. സുഹൃത്തുക്കൾ എന്ന് പറയുമ്പോൾ നമുക്ക് ഒരുപാട് പേരൊന്നും വേണ്ട. ആത്മാർത്ഥതയുള്ള ഒന്നോ രണ്ടോ പേർ ഉണ്ടായാൽ മതി. ഒരു അമൽ ഡേവിസോ, ഒരു സച്ചിനോ, ഒരു കാർത്തികയോ അങ്ങനെ ഏതെങ്കിലും ഒരാൾ ഉണ്ടായാൽ മതി. സിനിമ ഇറങ്ങിയതിന് ശേഷം ഒരുപാട് പേരുടെ പോസ്റ്റുകളും മറ്റും കണ്ടു ‘ഓൾ ഐ നീഡ് ഈസ് എ അമൽ ഡേവിസ്’ എന്ന് പറഞ്ഞിട്ട്. അതുപോലുള്ള ഒരു അമൽ ഡേവിസ് മതി ജീവിതത്തിലും സുഹൃത്തായിട്ട്.

പുതിയ പാതകൾ

പ്രേമലു റിലീസ് ആവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. പുതിയ നല്ല വേഷങ്ങൾ ഇനിയും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയണം എന്നത് തന്നെയാണ് പ്രാർത്ഥന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News