ആക്കുളം കായൽ വാഹകശേഷി കൂട്ടി സംരക്ഷിക്കണം: ശാസ്ത്രസാഹിത്യപരിഷത്ത്

akkulam lake

നെടുമങ്ങാട്: നഗരദുരന്തലഘൂകരണത്തിനായി ആക്കുളം കായലും പരിസരവും സംരക്ഷിക്കുകയും വാഹകശേഷി വർദ്ധിപ്പിച്ചു നിലനിർത്തുകയും വേണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനാന്തരകനാലായ എവിഎം കനാലിന്റെ കേരളത്തിലുള്ള ഭാഗത്തിന്റെ പുനരുദ്ധാരണം കേന്ദ്രസർക്കാർ ഉപേക്ഷിച്ച സാഹചര്യത്തിൽ സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്നും ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ ഏകവിളത്തോട്ടങ്ങൾ പുനഃസ്ഥാപിക്കാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിക്കണമെന്നും നെടുമങ്ങാട്ടു നടന്ന രണ്ടുദിവസത്തെ സമ്മേളനം വ്യത്യസ്തപ്രമേയങ്ങളിൽ ആവശ്യപ്പെട്ടു.

ആക്കുളം കായലിന്റെ വിസ്തൃതി 1950-കളിലെ 245-നിന്ന് 145 ഏക്കറായി കുറഞ്ഞിരിക്കുന്നു. വലിയതോതിൽ ജൈവ, അജൈവ മാലിന്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞ് ആവാസവ്യവസ്ഥ തകർന്നിരിക്കുന്നു. കാർബൺ-നൈട്രജൻ അനുപാതം ക്രമാതീതമായി ഉയർന്നത് സസ്യജാലവളർച്ച കൂട്ടുകയും ഗതാഗതം തടയുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായ അതിതീവ്രമഴ അടിക്കടി നഗരകേന്ദ്രിത വെള്ളപ്പൊക്കം സൃഷ്ടിക്കുന്നു. ഇതെല്ലാം കൂടുതൽ രൂക്ഷമാകുന്നതു പരിഗണിച്ചാണ് ആക്കുളം കായൽ സുസ്ഥിരമായി സംരക്ഷിക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നത്.

Also Read: ഏറ്റുമാനൂരില്‍ വക്കീലായ യുവതിയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു

കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എവിഎം കനാൽ മലിനീകരണവും കയ്യേറ്റവുംകൊണ്ട് ക്ഷയോന്മുഖമാണ്. പൊഴിയൂരിലെ നിർദ്ദിഷ്ട മത്സ്യബന്ധനതുറമുഖത്തിന്റെ വികാസത്തിനും ടൂറിസം, മത്സ്യബന്ധനം, വാണിജ്യം ജലസേചനം, കുടിവെള്ളം, യാത്ര, ചരക്കുനീക്കം എന്നിവയുടെ വളർച്ചയ്ക്കും കനാലിന്റെ പുനരുദ്ധാരണം സഹായിക്കും. ഇക്കാരണങ്ങളാൽ കനാലിന്റെ കേരളത്തിലെ ഭാഗം പുനരുദ്ധരിക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും നാംതന്നെ അതു ചെയ്യണമെന്നും പരിഷത്ത് പറയുന്നു.

ഞായറാഴ്ച ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ രണ്ടാം ദിവസം സംഘടനാരേഖയും ഭാവിപ്രവർത്തനരേഖയും ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടപ്പാക്കിവിജയിച്ച ആറു സുസ്ഥിര മാലിന്യപരിപാലനമാതൃകകളും ജനകീയവികസനബദലുകളും ജില്ലയിൽ വ്യാപകമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളനത്തിൽ അവതരിപ്പിച്ചു ചർച്ചചെയ്തു. എന്ന ഡോ. ബി. ഇക്ബാൽ ‘ദ പാൻഡമിക്സ്: പ്ലേഗ് ടു കോവിഡ്-19’ എന്ന സ്വന്തം പുസ്തകം ജില്ലാക്കമ്മിറ്റിക്കു സമ്മാനിച്ച് പുസ്തകം പരിചയപ്പെടുത്തി. സംസ്ഥാനസമിതിയംഗങ്ങളായ ജി. രാജശേഖരൻ, പി. ഗോപകുമാർ, അഡ്വ. വി. കെ. നന്ദനൻ, എസ്. ജയകുമാർ, ഡോ. രസീന എൻ. ആർ., ഡോ. രതീഷ് കൃഷ്ണ എന്നിവർ വിവിധ രേഖകൾ അവതരിപ്പിക്കുകയും ചർച്ച നയിക്കുകയും ചെയ്തു.

Also Read: മുനമ്പം വിഷയം; ബിജെപി സ്ഥിതി സങ്കീർണമാക്കുന്നു, വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം : മന്ത്രി പി രാജീവ്

പുതിയ ജില്ലാഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാപ്രസിഡന്റ് ജെ. ശശാങ്കൻ, വൈസ് പ്രസിഡന്റുമാർ ബി. നാഗപ്പൻ, ജയരാജി ജെ.എൻ., സെക്രട്ടറി ഷിംജി ജി., ജോയിന്റ് സെക്രട്ടറിമാർ ഡോ. കെ. ബീന, മുരളീധരൻ റ്റി., ട്രഷറർ ആർ. ജയച്ചന്ദ്രൻ. ശാസ്ത്രജാഥയോടെ സമ്മേളനം വൈകിട്ട് സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News