
ആലപ്പുഴ അമ്പലപ്പുഴയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പഴയങ്ങാടി ജുമാ മസ്ജിദിലെ ആണ്ടുനേര്‍ച്ചയുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പഴയങ്ങാടി പുത്തന്‍ പുരയില്‍ കുഞ്ഞുമോന്റെ മകന്‍ അമീന്‍ (27) ആണ് മരിച്ചത്.
സൗണ്ട് എഞ്ചിനീയറായിരുന്നു അമീന്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വൈദ്യുതാഘാതമേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ,
- ഷോക്കേറ്റ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകുന്നതിന് മുൻപ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം വൈദ്യുതബന്ധം വിച്ഛേദിക്കുക എന്നതാണ്. ഇനി വൈദ്യുതബന്ധം വിച്ഛേദിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യുതിയുടെ ചാലകമല്ലാത്ത ഉണങ്ങിയ മരക്കഷ്ണമോ, പ്ലാസ്റ്റിക് കസേരയോ ഉപയോഗിച്ച് ഷോക്കേറ്റ വ്യക്തിയെ വൈദ്യുതിയുടെ സ്രോതസ്സിൽ നിന്ന് തട്ടിമാറ്റാവുന്നതാണ്. വൈദ്യുതിയുടെ ചാലകങ്ങളായ മെറ്റലുകൾ ഈ ആവശ്യത്തിനായി ഒരിക്കലും ഉപയോഗിക്കരുത്.
- വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനുശേഷം ഷോക്കേറ്റ വ്യക്തിക്ക് ബോധം ഉണ്ടോ എന്ന് നോക്കുക. ബോധമില്ല, തട്ടിവിളിച്ചിട്ടും ഉണരുന്നില്ല എങ്കിൽ സ്വയം ശ്വസോച്ഛ്വാസം എടുക്കുന്നുണ്ടോ എന്നു പരിശോധിക്കുക.
- ശ്വാസമെടുക്കുന്നില്ല, പൾസ് ഇല്ല എങ്കിൽ ആ വ്യക്തിക്ക് ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കുകയും ഉടൻതന്നെ ജീവൻരക്ഷാമാർഗമായ സി.പി.ആർ. തുടങ്ങുകയും ചെയ്യുക.
- ഷോക്കേറ്റ ആളെ പരന്ന പ്രതലത്തിൽ കിടത്തി, നെഞ്ചിന്റെ മധ്യഭാഗത്തായി നമ്മുടെ കൈയുടെ വെള്ളകൊണ്ട് ശക്തിയായി അമർത്തുക. 30 തവണ ഇങ്ങനെ ചെയ്തശേഷം രണ്ടുതവണ വായിലൂടെ കൃത്രിമശ്വാസം കൊടുക്കുക. വീണ്ടും 30തവണ നെഞ്ചിൽ അമർത്തുക. രോഗിക്ക് ബോധംവരുന്നതുവരെയോ, മെഡിക്കൽ പരിചണം ലഭിക്കുന്നതുവരെയോ ഈ പ്രക്രിയ തുടരുക.
- ഷോക്കേറ്റതിനുശേഷം ആൾക്ക് ബോധം ഉണ്ടെങ്കിൽ എന്തൊക്കെയാണ് പരിക്കുകൾ ഉള്ളത് എന്നു നോക്കുക. പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിൽ അതിനുള്ള പ്രഥമശുശ്രൂഷ നൽകുക. വീഴ്ചകാരണമുള്ള പരിക്കുകൾ ഉണ്ടെങ്കിൽ നട്ടെല്ലിനെ സംരക്ഷിച്ചുകൊണ്ടു മാത്രം ആളെ ആശുപത്രിയിലേക്കു മാറ്റുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here