
വസ്തുതകള്‍ മറച്ച് വച്ച് ഡിജിപി നിയമനം വിവാദമാക്കാനാണ് പ്രതിപക്ഷ ശ്രമം. ഡിജിപി നിയമനത്തില്‍ പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്.അതേ സമയം കൂത്തുപറമ്പ് വെടിവയ്പ്പിന്റെ പ്രധാന ഉത്തരവാദി റവാഡ ചന്ദ്രശേഖര്‍ ആണെന്ന ആരോപണം സിപിഐ എം ഒരു കാലത്തും ഉന്നയിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.
ഡിജിപി നിയമനത്തില്‍ പൂര്‍ണ്ണ അധികാരം സംസ്ഥാന സര്‍ക്കാറിനില്ല.2006 ലെ പ്രകാശ് സിങ്ങ് vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെയും 2018 ലെ സെന്‍കുമാര്‍ vs ഗവാ ഓഫ് കേരള കേസിലെയും സുപ്രീം കോടതി വിധികളെയും അടിസ്ഥാനമാക്കിയാണ് നിലവില്‍ ഡിജിപി നിയമനം നടക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്ന 30 വര്‍ഷം സര്‍വ്വീസുള്ളവരുടെ പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന യു പിഎസ്സി അംഗം അധ്യക്ഷനായ സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.ഇത് പ്രകാരം ലഭിച്ച നിധിന്‍ അഗര്‍വാള്‍,റവാഡ ചന്ദ്രശേഖര്‍ യോഗേഷ് ഗുപ്ത എന്നിരുള്‍പ്പെട്ട പട്ടികയില്‍ നിന്നും മറ്റ് മാനാണ്ഡങ്ങള്‍ കൂടി പരിഗണിച്ച് റവാഡ ചന്ദ്രശേഖറിനെ ഡിജിപി യായി നിയമിക്കുകയായിരുന്നു.ഡിജിപി നിയമനത്തെ കൂത്തുപറമ്പ് വെടിവെപ്പുമായി ചേര്‍ത്തും പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്.കൂത്തുപറമ്പ് വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പാണ് റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എ എസ് പിയായി ചുമതലയേല്‍ക്കുന്നത്.IPS ലഭിച്ചതിന് ശേഷമുള്ള ആദ്യ നിയമനം.കൂത്തുപറമ്പ് സംഭവം അന്വേഷിച്ച പത്മനാഭന്‍ കമ്മീഷന്‍ റവാഡയ്ക്ക് വെടിവയ്പ്പില്‍ മുഖ്യ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല.ഡിവൈഎസ്പി ഹക്കീം ബത്തേരി,ഡപ്പൂട്ടി കലക്ടര്‍ പിപി ആന്റണി എന്നിവരാണ് പ്രധാന ഉത്തരവാദികളെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.പിന്നീട് ഹൈക്കോടതിയും റവാഡ ചന്ദ്രശേഖറിനെ കുറ്റവിമുക്തനാക്കി.കൂത്തുപറമ്പ് വെടിവയ്പ്പിന് പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ ഹക്കീം ബത്തേരിയും ടിടി ആന്റണിയുമാണ് പ്രധാന ഉത്തരവാദികളെന്നുമാണ് അന്നും ഇന്നും സിപിഐ എം നിലപാട്.
മുന്‍ ഇടത് സര്‍ക്കാറുകളുടെ കാലത്ത് റവാഡ ചന്ദ്രശേഖറിനെ മലപ്പുറം എസ്പി, തിരുവനന്തപുരം സിറ്റി പോലീസ് കമീഷണര്‍ പ്രധാന പോസ്റ്റുകളില്‍ നിയമിച്ചിരുന്നു.ആ സമയത്തൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോഴുണ്ടായതിന് പിന്നില്‍ പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും കൃത്യമായ അജണ്ടയുണ്ട്.സി പിഐ എം അണികളില്‍ ആശയക്കുഴപ്പമുണാക്കാനും സിപിഐ എം നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here