
പിഎം ശ്രീ പദ്ധതിയെ പരസ്യമായി എതിർത്ത് കെ. എസ്. യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പി എം ശ്രീ സംഘപരിവാറിൻറെ കുഞ്ഞെന്ന് കെ. എസ്. യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു. പി എം ശ്രീ പദ്ധതിക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെ.എസ്.യുക്കാർ എന്നും ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കാൻ കെ.എസ്.യു പഠിച്ചിട്ടില്ലെന്നും അലോഷ്യസ് ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.
മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെ.എസ്.യു സ്വാഗതം ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ആശങ്കകളും കെ.എസ്.യു സർക്കാരിനെ അറിയിക്കും. വിദ്യാർഥി സംഘടനകളെ കേൾക്കാൻ സർക്കാർ തയ്യാറാകണം. കേരള സർക്കാരിനെ വീർപ്പ് മുട്ടിക്കാൻ കേന്ദ്രം തുനിഞ്ഞാൽ തെരുവിൽ പോരാടാൻ കെഎസ്‍യു തയ്യാറാണെന്നും അലോഷ്യസ് പോസ്റ്റിൽ പറയുന്നു.
അതേസമയം ഒപ്പിട്ടതുകൊണ്ട് മാത്രം മുന്നോട്ടുപോകുന്ന പദ്ധതിയല്ല പിഎം ശ്രീയെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ നയപരമായി തീരുമാനിച്ചാൽ മാത്രമേ പിഎം ശ്രീ നടപ്പാകൂ എന്നും അത്തരമൊരു നയംമാറ്റത്തിന് യുഡിഎഫ് സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടോ എന്നും പദ്ധതിയെ എതിർത്ത യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവരുന്നതിന്റെ ഉദ്ദേശശുദ്ധി വിശദീകരിക്കണമെന്നും പിണറായി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

