
അൽഷിമേഴ്‌സ് എന്ന രോഗാവസ്ഥ വ്യാപകമായി കണ്ടുവരുന്ന ഒരു കഘട്ടമാണിത്. മുതിർന്ന മാധ്യമ പ്രവർത്തകൻ ബാബു രാമചന്ദ്രൻ തന്റെ ഫേസ്ബുക്കിൽ അൽഷിമേഴ്‌സ് അസുഖവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാളുടെ അൽഷിമേഴ്‌സ് രോഗിയുമായി ഉണ്ടായ ഒരു അനുഭവമാണ് ആ കുറിപ്പിൽ പറയുന്നത്. അൽഷിമേഴ്‌സ് എത്രത്തോളം സീരിയസ് അസുഖമാണെന്നും അത് ബാധിച്ചുകഴിഞ്ഞാൽ ഒരാളിലുണ്ടാവുന്ന മാറ്റങ്ങളും ആ കുറിപ്പിൽ വ്യക്തമാണ്. ഹിന്ദിയിൽ ഉള്ള പോസ്റ്റിന്റെ തർജമയാണ് ബാബു രാമചന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്. ആ പോസ്റ്റിൽ തന്നെ അൽഷിമേഴ്‌സ് രോഗിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും വ്യക്തമാകുന്നുണ്ട്.
കുറിപ്പിന്റെ പൂർണ രൂപം:
” ഇന്നലെ ഞാൻ ദില്ലി മെട്രോയുടെ വയലറ്റ് ലൈനിൽ യാത്ര ചെയ്യുകയായിരുന്നു. തൊട്ടടുത്ത സീറ്റിൽ ഏതാണ്ട് തൊണ്ണൂറു വയസ്സിൽ അധികം പ്രായം തോന്നിക്കുന്ന ഒരപ്പൂപ്പൻ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട്. ഒട്ടും വയ്യ ആൾക്ക്. അത്ര അവശതയുണ്ട് മുഖത്ത്. എന്നിട്ടെന്തേ ഇയാൾ ഇങ്ങനെ കൂട്ടിനാരും ഇല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു എന്ന തോന്നൽ മനസ്സിൽ ഒരു കരടായി ഉടക്കി. “എന്തോ കുഴപ്പമുണ്ട്”,എന്നൊരു ഉൾവിളി ഉള്ളിലുണർന്നു.
അല്ല, അങ്ങനെ തോന്നാനും ഒരു കാരണമുണ്ട്. ഓരോ സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോഴും ആ മനുഷ്യൻ എന്നെ നോക്കി ഒരേ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.
“ഇതേതാ സ്റ്റേഷൻ മോനെ ?”
നാലഞ്ച് വട്ടം ഇതേ ചോദ്യം തന്നെ കേട്ടപ്പോൾ ഒടുവിൽ ഒരല്പം നീരസത്തോടെ ഞാൻ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു, “അപ്പൂപ്പന് എങ്ങട്ടാ പോണ്ടേ..? “
“അതാണ് കുഞ്ഞേ പ്രശ്നം, എനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ ഏതാണെന്ന് മറന്നു പോയി…” .
“പിന്നെ എവിടെയെന്ന് വെച്ച് ഇറങ്ങും ?”
“അത് മോനെ, ഒരു വലിയ സ്റ്റേഷനാണ്. പേരങ്ങോട്ട് ഓർത്തെടുക്കാൻ പറ്റുന്നില്ല.”
“നയി ദില്ലി, രാജീവ് ചൗക്… “എന്നിങ്ങനെ പേരുകൾ പലതും അപ്പൂപ്പനോട് പറഞ്ഞു നോക്കി. അതൊന്നും അല്ലത്രേ.
“നടുക്കെവിടെയോ വെച്ച്, വണ്ടി മാറിക്കേറുന്ന ഒരു സ്റേഷനില്ലേ മോനേ, അതാണ്…”
“സെൻട്രൽ സെക്രട്ടേറിയറ്റ്..?”
“അതുതന്നെ മോനേ, അതുതന്നെ… താങ്ക് യു വെരി മച്ച്” സന്തോഷം കൊണ്ട് തിളങ്ങുന്ന മുഖത്തോടെ അപ്പൂപ്പൻ എന്റെ കൈ പിടിച്ചു കുലുക്കി നന്ദി പറഞ്ഞു.
“അല്ല… സെൻട്രൽ സെക്രട്ടേറിയറ്റിൽ ഇറങ്ങിയിട്ട് അവിടെന്ന് എങ്ങോട്ടാ പോണ്ടേ ?” എന്റെ ചോദ്യം കേട്ടതും അപ്പൂപ്പന്റെ മുഖം വീണ്ടും ഇരുണ്ടു.
“അവിടന്നോ…. അത്, അത് പിന്നെ… അതും ഓർമ്മയില്ലല്ലോ മോനേ…വയസ്സ് പത്തുതൊണ്ണൂറായേ ഇനിക്ക്… എന്താപ്പോ ചെയ്യാ. എങ്ങോട്ടെങ്കിലും ഒന്നിറങ്ങിയാൽ, വലിയ ഇടങ്ങേറ് തന്നെ…” അദ്ദേഹം തലയ്ക്ക് കൈവെച്ചു.
നിമിഷനേരത്തെ ആഹ്ലാദത്തിനു ശേഷം, ആ വിയർപ്പു പൊടിഞ്ഞു തുടങ്ങിയ മുഖത്ത് വീണ്ടും അങ്കലാപ്പിന്റെ കാർമേഘങ്ങൾ കുടിയേറുന്നത് ഞാൻ കണ്ടു.
“മുമ്പ് പോയിട്ടുള്ള സ്ഥലമാണോ? എത്ര നേരം എടുക്കും സെൻട്രലിൽ നിന്ന്?”
“കേറി രണ്ടു മിനിറ്റിൽ എത്താറുണ്ട് മോനേ”
“പട്ടേൽ ചൗക്?”
അപ്പൂപ്പന്റെ മ്ലാനമായ മുഖത്ത് വീണ്ടും ആയിരം വാട്ട്സിന്റെ ബൾബ് കത്തി.
“അതെയതെ… ഇപ്പൊ ഓർമ്മ വന്നു. എനിക്ക് പോവേണ്ടത് പട്ടേൽ ചൗക്കിൽ തന്നെ.”
ഞാൻ എന്റെ പോക്കറ്റ് ഡയറിയിൽ നിന്ന് ഒരു താൾ ചീന്തി അതിൽ “പട്ടേൽ ചൗക്ക്” എന്നെഴുതി അപ്പൂപ്പന്റെ കയ്യിൽ പിടിപ്പിച്ചു.
“അപ്പൂപ്പാ, അടുത്ത സ്റ്റേഷൻ സെൻട്രൽ സെക്രട്ടേറിയറ്റ് ആണ്. അവിടെ ഇറങ്ങി, പ്ലാറ്റ്ഫോമിൽ കാണുന്ന ആരെയെങ്കിലും ഈ സ്ലിപ്പ് കാണിച്ചാൽ മതി, അവർ യെല്ലോ ലൈനിൽ കൊണ്ടുപോയി കറക്റ്റ് ട്രെയിനിൽ കയറ്റിത്തരും കേട്ടോ…” എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
“എന്റെ പൊന്നുമോനെ, നീ ഇപ്പൊ വന്നില്ലായിരുന്നു എങ്കിൽ അപ്പൂപ്പൻ ആകെ പെട്ടുപോയേനെ. എത്ര നേരമായെന്നോ ഞാൻ എവിടെ ഇറങ്ങണം എന്നറിയാതെ പ്രയാസപ്പെടുന്നു. നിനക്ക് ഒരുത്തനു മാത്രമേ എന്നോട് ഒന്ന് ചോദിയ്ക്കാൻ തോന്നിയുള്ളൂ. പോട്ടെ എന്നാൽ…” എന്റെ കയ്യിൽ പിടിച്ചമർത്തികൊണ്ട്, ഇടറിയ തൊണ്ടയോടെ ഇത്രയും പറഞ്ഞ്, അപ്പൂപ്പൻ ഇറങ്ങാൻ തത്രപ്പെട്ടു.
പ്രാഞ്ചി പ്രാഞ്ചിയുള്ള ആ ഇറങ്ങിപ്പോക്ക് കണ്ടപ്പോൾ എന്തോ എനിക്കും വല്ലാത്തൊരു ഈഷൽ തോന്നി. പിന്നെ ഇരിപ്പുറച്ചില്ല. പിന്നാലെ ചാടി ഇറങ്ങി. അപ്പൂപ്പന്റെ കയ്യും പിടിച്ച് വയലറ്റ് ലൈനിൽ നിന്ന് യെല്ലോ ലൈൻ വരെ മാത്രമല്ല, അവിടെ നിന്ന് മെട്രോയിൽ കയറി, പട്ടേൽ ചൗക്ക് വരെയും കൂട്ടുചെന്നു.
“സൂക്ഷിച്ച് ഇറങ്ങൂ… ഇതാണ് പട്ടേൽ ചൗക് സ്റ്റേഷൻ…’
അപ്പൂപ്പനെ പിടിച്ചിറക്കി മെട്രോയുടെ വാതിൽക്കൽ രണ്ടു നിമിഷം അങ്ങനെ നിന്നു. പുറത്തേക്ക് ഒരടി വെച്ച ശേഷം എന്തോ അദ്ദേഹവും തിരിഞ്ഞു നിന്നു.
വാതിൽക്കൽ നിൽക്കുന്ന എന്നെ നോക്കി കൈവീശി. മെട്രോയുടെ ഗ്ലാസ് ഡോർ അടഞ്ഞ്, വണ്ടി നീങ്ങി അകന്നകന്നു പോവും വരെ ആ കൈവീശൽ തുടർന്നു.
എന്നെ യാത്രയയക്കാൻ വന്നതാണോ അദ്ദേഹം എന്നുപോലും കാണുന്നവർ ചിലപ്പോൾ ധരിച്ചിട്ടുണ്ടാവും.
ആ അപ്പൂപ്പന്റെ മുഖത്തെ അവശഭാവം തിരിച്ചറിഞ്ഞ് എന്താണ് പ്രശ്നം എന്ന് ചോദിയ്ക്കാൻ തോന്നിയത് മുതൽ, അതിനുള്ള പരിഹാരം കാണാൻ ശ്രമിച്ച്, കൂടെ പട്ടേൽ ചൗക്ക് വരെ ട്രെയിനുകൾ മാറിക്കയറി എത്തിയ ആ മൊത്തം പ്രോസസിന് ആകെ എടുത്തത് അഞ്ചു മിനിറ്റിൽ താഴെ സമയമാവും. പക്ഷേ, അതിനു ശേഷം ഞാൻ മെട്രോയുടെ ശീതീകരിച്ച കംപാർട്ട്‌മെന്റിൽ സീറ്റിൽ ഇരുന്ന് തിരികെ വരുന്നതിനിടെ എന്റെ മനസ്സിൽ ഉയർന്നത് എണ്ണമറ്റ ചോദ്യങ്ങളാണ്.
“ആ അപ്പൂപ്പന് ഈ പ്രായത്തിലും സ്വന്തം വീട്ടിൽ നിന്ന് ഒറ്റയ്ക്കിങ്ങനെ ഇറങ്ങിപ്പോരേണ്ടി വന്നത് എന്തുകൊണ്ടാണ്? “
“ആരെയോ കാണാനുള്ള ആന്തൽ കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി വന്നതാവുമോ? “
“വയസ്സിത്രയായിട്ടും മക്കളുടെ കരുതലിൽ കഴിയാനുള്ള ഭാഗ്യമില്ല എന്നുണ്ടോ?”
എന്നെങ്കിലും ദൈവം സഹായിച്ച് ഒരിക്കൽ കൂടി കാണാൻ ഇടയായാൽ ഇതൊക്കെ ചോദിക്കണം എനിക്ക്.. 🙂
നബി.
1: ദില്ലി സ്വദേശിയായ राजेश राज 2014 -ൽ ദേവനാഗരിയിൽ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ മലയാളമാണ് മുകളിൽ. എന്താണ് കാരണം എന്നറിയില്ല. ഇത് കഴിഞ്ഞ നാലഞ്ച് ദിവസമായി ദില്ലി സോഷ്യൽ മീഡിയയിൽ വളരെ വൈറലാണ്. ആ വൈറൽ ഇച്ചിരി മലയാളികൾക്കും ഇരിക്കട്ടെ എന്ന് കരുതി ഒന്ന് മൊഴിമാറ്റുന്നു.
സംഗതി ദില്ലിയിൽ നടന്നതാണെങ്കിലും ഡിമെൻഷ്യ/അൽഷിമേഴ്‌സ് വ്യാപകമായിക്കൊണ്ടിരിക്കുന്ന കേരളത്തിലും ഏറെ പ്രസക്തം എന്ന് തോന്നിയതുകൊണ്ട് കൂടിയാണ്, ഡിമെൻഷ്യ ബാധിച്ചു മരിച്ച ഒരച്ഛന്റെ മകൻ വക ഈ പരിശ്രമം.
2: നിങ്ങളുടെ വീട്ടിൽ നിന്ന് ഓർമ്മക്കുറവുള്ള ആരെങ്കിലും ഇങ്ങനെ ഇറങ്ങിപ്പോവാൻ ഇടയുണ്ട് എങ്കിൽ, അവരുടെ പോക്കറ്റിൽ തിരികെ ചെല്ലേണ്ട ഇടം, എമർജൻസി ഫോൺ നമ്പർ എന്നിവ എഴുതിയ ഒരു കാർഡ് വെയ്ക്കാൻ മറക്കരുത്. വഴിയിൽ എങ്ങോട്ട് പോവണം എന്നറിയാതെ നിൽക്കുന്ന അവരെ ആർക്കെങ്കിലും സഹായിക്കണം എന്ന് തോന്നിയാൽ അത് ഗുണം ചെയ്യും.
3 : ഈ പോസ്റ്റ് ആർക്കും പങ്കുവെക്കാം. ഇതുപോലെ ബസ്സിലോ ട്രെയിനിലോ പ്ലാറ്റ്ഫോമിലോ ഒക്കെ നില്കുന്ന അവശരെ കണ്ടാൽ, ഇതുവായിച്ചതിന്റെ മൂച്ചിലെങ്കിലും ആരെങ്കിലുമൊക്കെ അവരോട് ചോദിക്കട്ടെ, “അപ്പൂപ്പന്/അമ്മൂമ്മയ്ക്ക് എങ്ങട്ടാ പോണ്ടേ..? “

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

