
എ കെ ജിയുടെ സമര നേതൃത്വം കൊണ്ട് ഇന്ത്യയൊട്ടാകെ ചര്‍ച്ചയായ പോരാട്ടങ്ങളാണ് ഇടുക്കിയിലെ അമരാവതി സമരവും ചുരുളി- കീരിത്തോട് കുടിയൊഴുപ്പിക്കലിന് എതിരെയുള്ള സമരവും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കടുത്ത എതിരാളികളായിരുന്നവരെ പോലും പ്രസ്ഥാനത്തോട് അടുപ്പിച്ച ജ്വലിക്കുന്ന ഏടുകളാണ് കുടിയൊഴിപ്പിക്കലുകള്‍ക്ക് എതിരായ സമരങ്ങള്‍.
1957 ഏപ്രില്‍ അഞ്ചിന് അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് എല്ലാവിധ കുടിയൊഴിപ്പിക്കലുകളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറക്കിയതെങ്കില്‍ വിമോചന സമരത്തിലൂടെ ആ ഗവണ്‍മെന്റിനെ അട്ടിമറിച്ച് അധികാരത്തിലേറിയ പട്ടത്തിന്റെയും ശങ്കറിന്റെയും സര്‍ക്കാരുകള്‍ നിരവധി കുടിയൊഴിപ്പിക്കലുകളാണ് നടത്തിയത്. 1961 മെയ് രണ്ടിന് അയ്യപ്പന്‍കോവിലില്‍ നിന്നും 10,000 ആളുകളെയാണ് കുടിയിറക്കിയത്. കോരിച്ചൊരിയുന്ന മഴയത്ത് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് 1,700 കുടുംബങ്ങളെ അമരാവതിയിലും കുമളിയിലും കൊണ്ടുപോയി തള്ളിയത്. വിവരമറിഞ്ഞ് അവിടെയെത്തിയ എ കെ ജിയുടെയും ഇ എം എസിന്റെയും മുമ്പില്‍ ജനങ്ങള്‍ പൊട്ടിക്കരഞ്ഞു. 1961 ജൂണ്‍ ആറിന് എ കെ ജി നിരാഹാര സമരം ആരംഭിച്ചു.
Read Also: ചീമേനി വെറുമൊരു സ്ഥല നാമമല്ല; ചരിത്രത്തില്‍ ചെഞ്ചോരയാല്‍ അടയാളപ്പെടുത്തിയ മൂന്നക്ഷരം
അക്കാലത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ക്രിസ്ത്യന്‍ പുരോഹിതനായിരുന്ന ഫാദര്‍ വടക്കന്‍, എ കെ ജി നിരാഹാരം കിടക്കുന്ന സമരപ്പന്തലില്‍ എത്തി. യേശുവിന്റെ പ്രതിപുരുഷനെന്നാണ് നിരാഹാരം കിടക്കുന്ന എ കെ ജിയെ ഫാദര്‍ വടക്കന്‍ വിശേഷിപ്പിച്ചത്. ചട്ടയും മുണ്ടുമുടുത്ത നസ്രാണി സ്ത്രീകള്‍ കമ്മ്യൂണിസ്റ്റുകാരനായ എ കെ ജിയുടെ ജീവനുവേണ്ടി ജപമാല ചൊല്ലികൊണ്ടിരുന്നു. എ കെ ജിക്കൊപ്പം ജീവിത പങ്കാളി സുശീല ഗോപാലനും സമരപ്പന്തലില്‍ ഉണ്ടായിരുന്നു.
നിരാഹാര സമരം 12 ദിവസം നീണ്ടുനിന്നു. എ കെ ജിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടന്നു. പ്രധാനമന്ത്രി നെഹ്‌റുവിന് പോലും പ്രശ്‌ന പരിഹാരത്തിന് ഇടപെടേണ്ടി വന്നു. കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും സര്‍ക്കാരിനെക്കൊണ്ട് അനുവദിപ്പിച്ചാണ് സമരം അവസാനിച്ചത്.
കേരളത്തില്‍ നടന്ന ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ നടന്നത് 1963 ഡിസംബര്‍ മാസത്തിലാണ്. ചുരുളി- കീരിത്തോട്ടില്‍ നിന്ന് 4,000 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഇതിനെതിരെ സമരം ചെയ്ത മലനാട് കര്‍ഷക യൂണിയന്‍ നേതാക്കളായ എന്‍ എം വര്‍ഗീസിനെയും മത്തായി മാഞ്ഞുരാനെയും പൊലീസ് നിഷ്ഠുരമായി മര്‍ദിച്ചു. എന്‍ എം വര്‍ഗീസിന്റെ മീശ പൊലീസ് പിഴുതെടുത്തു. പ്രശ്‌നപരിഹാരത്തിനായി എ കെ ജി നിരാഹാരം ആരംഭിച്ചു. എ കെ ജിയെ അറസ്റ്റ് ചെയ്തു മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു. ജയിലിലും എ കെ ജി നിരാഹാരം തുടര്‍ന്നു. ഇ എം എസിന്റെ അഭ്യര്‍ഥന മാനിച്ച്, രോഗിയായിരുന്ന എ കെ ജി നിരാഹാരം പിന്‍വലിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറായില്ല. എന്നാല്‍ 1967ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ ചുരുളി കീരിത്തോട്ടില്‍ നിന്നും കുടിയൊഴിപ്പിച്ച മുഴുവന്‍ കൃഷിക്കാര്‍ക്കും അതേ ഭൂമി നല്‍കി പ്രശ്‌നം പരിഹരിച്ചു.
തുടര്‍ന്നും നിരവധി കുടികൊഴുപ്പിക്കലുകള്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ നടന്നു. അന്നെല്ലാം മര്‍ദിതര്‍ക്കൊപ്പം ഓടിയെത്തിയത് സി പി ഐ എം നേതൃത്വമാണ്. അരിവാള്‍ തല കൊയ്യാനുള്ളതാണെന്നും ചുറ്റിക മര്‍ദിക്കാന്‍ ഉള്ളതാണെന്നും നക്ഷത്രം ചുറ്റിക്കാനുള്ളതാണെന്നും മതപഠന ക്ലാസുകളില്‍ പറഞ്ഞു പഠിപ്പിച്ചിരുന്ന വിഭാഗങ്ങളെ അടക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്തിയ സമരോജ്ജ്വല ചരിത്രമാണ് കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

