
അമ്പലമുക്കിലെ വിനീതയുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിലെ ഏക പ്രതിയായ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെ (40) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2022 ഫെബ്രുവരി 6 നാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ(38) രാജേന്ദ്രൻ കുത്തി കൊലപ്പെടുത്തിയത്. വിധി പ്രസ്താവത്തിനായി കേസ് ഈ മാസം 21 വീണ്ടും പരിഗണിക്കും.
പ്രതിയെ സംബന്ധിച്ച് ഏഴ് റിപ്പോർട്ടുകൾ കോടതി ആവശ്യപ്പെട്ടു. കന്യാകുമാരി ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് ഉൾപ്പടെയാണ് തേടിയത്. പ്രതി നടത്തിയ മുൻകൊലപാതകങ്ങളുടെ വിവരം കൂടി പരിശോധിക്കാൻ ആണ് കോടതി തീരുമാനം. അപൂർവങ്ങളിൽ അപൂർവ്വമായ കൊലപാതകമായി പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും, സാഹചര്യ തെളിവുകളെയും മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡിവിഡി ഉൾപ്പടെ 68 ലക്ഷ്യം വകകളും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

