
ബംഗാളിൽ ശതകോടികളുടെ നിക്ഷേപത്തിനൊരുങ്ങി മുകേഷ് അംബാനി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് 50,000 കോടി രൂപ നിക്ഷേപിക്കാനാണ് അംബാനി നയിക്കുന്ന റിലയൻസിന്റെ തീരുമാനം. ഈ നിക്ഷേപം സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എട്ടാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് (ബിജിബിഎസ്) 2025 ൽ സംസാരിക്കവെ അംബാനി പറഞ്ഞു.
“കഴിഞ്ഞ ദശകത്തിൽ ബംഗാളിൽ റിലയൻസ് 50,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ 50,000 കോടി രൂപ കൂടി നിക്ഷേപിക്കും. ഡിജിറ്റൽ സേവനങ്ങൾ, ഹരിത ഊർജം, റീട്ടെയിൽ എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിൽ ഞങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കും” – മുകേഷ് അംബാനി പറഞ്ഞു. ബംഗാളിൽ നിക്ഷേപിക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിന്‍റെ സമഗ്ര വികസനത്തിനായി റിലയൻസ് സഹകരിക്കുമെന്നും 2016-ൽ ആദ്യമായി ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ രാജ്യത്ത് റിലയൻസിന്റെ നിക്ഷേപം 2,000 കോടി രൂപയിൽ താഴെയായിരുന്നു എന്നും അംബാനി പറഞ്ഞു. ഒരു ദശാബ്ദത്തിനുള്ളിൽ, ബംഗാളിലെ നിക്ഷേപം 20 മടങ്ങാണ് റിലയൻസ് ഉയർത്തുന്നത്. ബംഗാളിന്‍റെ പല വ്യാവസായിക മേഖലകളിലും വൻ വികസനത്തിന് വഴിയൊരുങ്ങുന്നു പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. നിർമിത ബുദ്ധിയിൽ ജിയോ നടത്തുന്ന പദ്ധതികളെ കുറിച്ചും അതിന്‍റെ ഇന്ത്യയിലെ സാധ്യതകളെ കുറിച്ചും അംബാനി ചർച്ച ചെയ്യുകയുണ്ടായി.
അംബാനിക്ക് പുറമെ ആർപി ഗോയങ്ക ഗ്രൂപ്പും വൻ നിക്ഷേപം നടത്തുന്നുണ്ട്. പതിനായിരം കോടിയുടെ നിക്ഷേപമാണ് ഇവർ നടത്തുന്നത്. നിക്ഷേപം നടത്തുന്നതിന് സർക്കാരിൽ നിന്നുള്ള പ്രോത്സാഹനം മികച്ചതാണെന്ന് പറഞ്ഞ ഗോയങ്ക ഗ്രൂപ് ചെയർമാൻ സഞ്ജീവ് ഗോയങ്ക മുഖ്യമന്ത്രി മമതാ ബാനർജിയെ പുകഴ്ത്താനും മറന്നില്ല. അതെ സമയം, ബിസിനസ് സുഗമമാക്കുന്നതിന് സംസ്ഥാനതല സിനർജി കമ്മിറ്റി രൂപീകരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് പ്രഖ്യാപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

