
അമേരിക്ക ലോകത്തിന്‍റെ പൊലീസാണെന്നാണ് വെയ്പ്പ്. മറ്റുള്ളവരെയെല്ലാം തങ്ങളുടെ അധീനതയിലാക്കാനാണ് അവർ വെമ്പൽകൊള്ളുന്നത്. റിപ്പബ്ലിക്കനായ ട്രംപ് ഒരിക്കൽകൂടി അധികാരത്തിലെത്തിയതോടെ, മനോനില തെറ്റിയതുപോലെയുള്ള നടപടികളാണ് അമേരിക്ക സ്വീകരിച്ചുവരുന്നത്. ട്രംപിന്‍റെ പിടിവാശിയെന്നോ, മണ്ടത്തരമെന്നോ ഇതിനെ വിശേഷിപ്പിക്കാം. മറ്റുരാജ്യങ്ങൾക്ക് മേൽ അമിതമായ പകരച്ചുങ്കം ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം അമേരിക്കയും ചൈനയും നേർക്കുനേർ ഏറ്റുമുട്ടുന്നതുപോലെയായി. ലോക സമ്പദ് വ്യവസ്ഥയെ അപ്പാടെ പിടിച്ചുകുലുക്കുന്നതായി ഈ നടപടികൾ. ഓഹരിവിപണികളിൽ ലക്ഷം കോടികൾ ഒഴുകിപ്പോയി. എന്നാൽ ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകുമ്പോൾ അവധാനതയോടെയായിരുന്നു ചൈനയുടെ ഇടപെടൽ.
എല്ലാവരേക്കാളും അധിപർ തങ്ങളാണെന്ന ട്രംപിന്‍റെയും കൂട്ടാളികളുടെയും ചിന്തകൾ കാണിക്കുന്നത്, ശരിക്കും അവർ മൂഢ സ്വർഗത്തിലാണെന്നതാണ്. എപ്പോഴും സ്വന്തം ശക്തിയെക്കുറിച്ച് മാത്രമാണ് ഇവർ ആലോചിക്കുന്നത്. ലോകത്ത്, പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളിലുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് ശരിയായ രീതിയിൽ മനസിലാക്കാൻ ട്രംപിനും കൂട്ടർക്കും കഴിയുന്നില്ലെന്നതാണ് വാസ്തവം.
ചൈനയുടെ ഇറക്കുമതി നയം
ഇപ്പോൾ നടക്കുന്ന അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിന് തുടക്കമിട്ട സംഭവങ്ങളിലേക്ക് ഒന്ന് പോകാം. 2001ലാണ് ചൈന ലോക വ്യാപാര സംഘടനയിൽ ചേരുന്നത്. അതോടെ സ്വന്തമായ ഒരു വ്യാപാരനയവുമായി മുന്നോട്ടുപോകാൻ ചൈനയ്ക്ക് കഴിയാതെ വന്നു. കാരണം മറ്റ് രാജ്യങ്ങളുമായി വ്യാപാരത്തിൽ ഏർപ്പെടുമ്പോൾ ഉദാരനയങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ചൈന വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ ചേരുമ്പോൾ, അമേരിക്ക കരുതിയിരുന്നത് വൈകാതെ ആ രാജ്യം രാഷ്ട്രീയമായി തകരുമെന്നായിരുന്നു. ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഊർജമേകി ഒളിഞ്ഞുംതെളിഞ്ഞും അമേരിക്ക സഹായിക്കുന്നുണ്ടായിരുന്നു. എന്നാൽ ആഗോളവത്കരണത്തിന് ശേഷം ചൈന കൂടുതൽ കരുത്താർജിക്കുകയായിരുന്നു. ഒടുവിൽ ചൈന എല്ലാ മേഖലയിലും അമേരിക്കയെ മറികടക്കുമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തി.
ചൈന വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ അംഗമായതോടെ അമേരിക്കയുമായുള്ള വ്യാപാരം വലിയ തോതിൽ കൂടി. അതിനുശേഷമുള്ള 20 വർഷംകൊണ്ട്, ചൈനയിൽനിന്നുള്ള ഇറക്കുമതി അമേരിക്കയിൽ ഗണ്യമായി വർദ്ധിച്ചു. അമേരിക്കയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തു. ഉദാഹരണത്തിന് കാർ നിർമാതാക്കൾ, അതിനുവേണ്ടിയുള്ള ചെറിയതെങ്കിലും വളരെ ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തു, അതുപോലെ മൊബൈൽഫോൺ നിർമാതാക്കൾ, അതിന്‍റെ ചിപ്പുകൾ പോലെയുള്ള പാർട്സുകൾ ഇറക്കുമതി ചെയ്തത് ചൈനയിൽനിന്നായിരുന്നു.
അതേസമയം ലോക വ്യാപാര സംഘടനയിൽ ചേർന്നിട്ടും ഇറക്കുമതി നിയന്ത്രിക്കാൻ ചൈന പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അസംസ്കൃത വസ്തുക്കൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതുമൂലം അമേരിക്കയിൽ വൻതോതിൽ തൊഴിൽനഷ്ടമുണ്ടായി. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും, ചൈനയിൽനിന്നുള്ള ഇറക്കുമതി ഒഴിവാക്കാനാകാത്ത അവസ്ഥയിലേക്ക് അമേരിക്ക എത്തിയിരുന്നു. അസംസ്കൃത ഉൽപന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്ക് ചൈനീസ് സർക്കാർ വലിയതോതിൽ സബ്സിഡി നൽകുന്നതുകൊണ്ടാണ് വില കുറച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ അവരെ പര്യാപ്തമാക്കുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. സ്വന്തം കറൻസിയിൽ തിരിമറി നടത്തി ലോകത്തിന്‍റെ മാനുഫാക്ചറിങ് ഹൌസായി മാറാൻ ചൈന ശ്രമിക്കുന്നുവെന്ന ആരോപണമൊക്കെ അമേരിക്ക ഉന്നയിക്കുന്നുണ്ടെങ്കിലും അതിൽ ഒരു അടിസ്ഥാനവുമില്ല. അതേസമയം മറ്റുള്ളവരുടെ മേൽ കടന്നുകയറാതെ, ഓരോ മേഖലയിലും സ്വയംപര്യാപ്തത കൈവരിച്ച് വളർച്ച മാത്രം ലക്ഷ്യമിട്ടായിരുന്നു ചൈനയുടെ പ്രയാണം.
പാശ്ചാത്യ മാധ്യമങ്ങളുടെ പ്രൊപ്പഗണ്ട
കഴിഞ്ഞ കുറേയധികം ദശാബ്ദങ്ങളായി ലോകത്തെക്കുറിച്ച് തെറ്റായ ധാരണ പരത്താൻ പാശ്ചാത്യ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ അവർ കുറെയൊക്കെ വിജയിച്ചിട്ടുമുണ്ട്. ചൈനയെക്കുറിച്ച് തെറ്റായ പ്രതീതി സൃഷ്ടിക്കാനും നിഗൂഢമായ ഒരു രാജ്യമാക്കി ചിത്രീകരിക്കാനും ഇത്തരം മാധ്യമങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട്. ഓരോ മേഖലയിലും ചൈന കൈവരിക്കുന്ന വളർച്ചയും പുരോഗതിയും ശരിക്കും അമ്പരപ്പെടുത്തുന്നതാണ്. എന്നാൽ ഇക്കാര്യം ലോകത്തിൽനിന്ന് മറച്ചുപിടിക്കുകയാണ് അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള മാധ്യമങ്ങൾ.
Also Read- ഇവിടുത്തെ ചുമരില്‍ ഞാന്‍ മതി! വൈറ്റ് ഹൗസില്‍ നിന്നും ഒബാമയുടെ ചിത്രമെടുത്ത് മാറ്റി ട്രംപ്
പതിറ്റാണ്ടുകളായി ലോകത്തെ അനിഷേധ്യശക്തിയായി അമേരിക്കയെ ചിത്രീകരിക്കുമ്പോഴും, ചൈന കൈവരിക്കുന്ന അഭൂതപൂർവമായ വളർച്ചയെ മനപൂർവം ഇത്തരം മാധ്യമങ്ങൾ ലോകത്തെ അറിയിക്കാൻ തയ്യാറായില്ല. അമേരിക്കയിലെ ഭരണകൂടം സൃഷ്ടിച്ച ചട്ടക്കൂടുകളിൽനിന്നുകൊണ്ട് മാത്രമാണ് പാശ്ചാത്യമാധ്യമങ്ങൾ ചൈനയുൾപ്പടെയുള്ള എതിർ ചേരിയിലുള്ള രാജ്യങ്ങളെ കാഴ്ചക്കാർക്കും വായനക്കാർക്കുംമുന്നിൽ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ക്യൂബ പോലെയുള്ള രാജ്യങ്ങൾ ഉപരോധം ഏറ്റുവാങ്ങേണ്ടവരാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ അമേരിക്കയിലെ ഭരണാധികാരികളും പാശ്ചാത്യമാധ്യമങ്ങളും ശ്രമിക്കുന്നത്. ഇതൊക്കെക്കൊണ്ട് ലോകത്തെ വ്യക്തതയോടെയും കൃത്യതയോടെയും വീക്ഷിക്കുന്നതിൽനിന്ന് അമേരിക്കയെ പിന്നോട്ടടിക്കുന്നു.
അമേരിക്കയ്ക്ക് പഴയ കരുത്ത് ഇല്ല
ഈ നൂറ്റാണ്ടിലെ ചൈനയെ കഴിഞ്ഞ നൂറ്റാണ്ടിലെ പാശ്ചാത്യരാജ്യങ്ങളുടെ വീക്ഷണത്തിലൂടെ നോക്കിക്കാണുന്നത് അബദ്ധമാണെന്ന് പറയേണ്ടിവരും. കാരണം അതിവേഗ ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ കൽക്കരികൊണ്ട് ഓടിക്കുന്ന എഞ്ചിൻ പോരല്ലോ. ഇവിടെയാണ് ട്രംപിനും കൂട്ടർക്കും സംഭവിച്ചിരിക്കുന്നത് അതിബുദ്ധിയാണോ, അതോ ബുദ്ധിമാന്ദ്യമോയെന്ന സംശയം ജനിക്കുന്നത്. അധികാരത്തിന്‍റെ വടി വീണ്ടും വീണ്ടും പ്രയോഗിക്കുമ്പോൾ തന്നെ പഴയതുപോലെ അത്ര ശക്തരല്ല തങ്ങളെന്ന ബോധ്യം ചിലപ്പോഴെങ്കിലും അമേരിക്ക പ്രകടിപ്പിക്കുന്നുണ്ടെന്നത് വേറെ കാര്യം. അവരുടെ വാക്കുകളിലെ ആത്മവിശ്വാസമില്ലായ്മ അതാണ് എടുത്തുകാണിക്കുന്നത്.
Also Read- ട്രംപിന് ചുട്ടമറുപടിയുമായി ചൈന; അമേരിക്കയ്ക്കുള്ള പകരച്ചുങ്കം 125 ശതമാനം ആക്കി ഉയര്‍ത്തി
ഇപ്പോൾ വ്യാപാരമേഖലയിൽ പകരച്ചുങ്കവുമായി ബന്ധപ്പെട്ട് ട്രംപ് കൈക്കൊള്ളുന്ന ഓരോ നടപടികളും കാണിക്കുന്നത്, ലോകത്ത് തങ്ങളുടെ അധീശത്വം ഇല്ലാതാകുന്നതിൽ അമേരിക്കയ്ക്കും, അവിടുത്തെ ഭരണകൂടത്തിനുമുള്ള ഉത്കണ്ഠയാണ്. തങ്ങളാണ് ഇപ്പോഴും ലോകത്തെ അധിപരെന്ന ചിന്താഗതിയോടെ ചൈനയുമായി ചർച്ച നടത്തണമെന്ന് പറയാനുള്ള യോഗ്യത അമേരിക്കയ്ക്ക് ഇല്ലെന്ന് ചൈനീസ് നയതന്ത്രജ്ഞനായ യാങ് ജിയേച്ചി പറഞ്ഞത് എത്ര അർഥവത്താണെന്നതാണ് സമകാലീന ലോകസാഹചര്യം കാണിച്ചുതരുന്നത്.
പക്വതയോടെ ചൈന
കഴിഞ്ഞ 40 വർഷമായി ആഗോളവൽക്കരണത്തെ പുനർരൂപകൽപ്പന ചെയ്ത ചൈനയെന്ന പുരാതന നാഗരികതയെ തുല്യനിലയിൽ കാണാൻ യുഎസിന് കഴിയുമോ എന്നതിനെ ആശ്രയിച്ചാണ് ചൈന-അമേരിക്ക ബന്ധത്തിന്‍റെ ഭാവി. സമചിത്തതയോടെ ഓരോ വിഷയത്തെയും സമീപിക്കുകയാണ് ഇരു രാജ്യങ്ങളും ചെയ്യേണ്ടതെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. “പരസ്പര ബഹുമാനം” എന്നത് ഒരു നയതന്ത്ര മുദ്രാവാക്യമല്ല, മറിച്ച് ഇരു രാജ്യങ്ങളും അംഗീകരിക്കേണ്ട അതിജീവനത്തിൻ്റെ അടിസ്ഥാന കാര്യമാണെന്നും ചൈന വ്യക്തമാക്കുന്നു.
Also Read- വിസകൾ റദ്ദാക്കി ട്രംപ് ഭരണകൂടം; പ്രതിസന്ധിയിലായി അന്താരാഷ്ട്ര വിദ്യാർഥികൾ
അമേരിക്കയോടുള്ള ചൈനയുടെ മനോഭാവം ഇപ്പോൾ വളരെ വ്യക്തമാണ്. ചുവന്ന വരകൾ വേണ്ടിടത്ത് അത് വരയ്ക്കുക, നിയമങ്ങൾ ക്രമീകരിക്കുക – അങ്ങനെയാണ് പക്വതയോടെ ഇടപെടേണ്ടത്. അമേരിക്കൻ ഭരണകൂടവും ട്രംപും സമചിത്തതയോടെ ഇടപെടുന്നതിൽ പരാജയപ്പെടുകയും അധികാരത്തിന്‍റെ സ്വരത്തിൽ ചൈനയുമായി ഇടപഴകുന്നത് തുടരുകയും ചെയ്താൽ ചൈന-യുഎസ് ബന്ധം കൂടുതൽ വഷളാകുകയേയുള്ളൂ. അവസാനമായി, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം പോലെയാണ്. രണ്ടുപേർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ച നടത്തുമ്പോൾ ഒരുകൂട്ടർ അധികാരത്തിന്‍റെ ശബ്ദം പ്രയോഗിക്കുന്നത് ഒരിക്കലും ഗുണംചെയ്യില്ല. പ്രശ്നപരിഹാരത്തിന് രണ്ടുകൂട്ടർക്കും ഒരേപോലെ സംസാരിക്കാൻ കഴിയുന്ന സ്ഥിതി ഉണ്ടാകുകയാണ് പ്രധാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here