
താരസംഘടനയായ എഎംഎംഎയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. അൻസിബ – ലക്ഷ്മിപ്രിയ തർക്കമടക്കം സംഘടനയിലെ സമീപകാല പ്രശ്നങ്ങൾ ജനറൽബോഡിയിൽ ചർച്ചയാകും. കാരണം കാണിക്കൽ നോട്ടീസിന് നടി അൻസിബ വിശദീകരണം നൽകാത്തതിൽ തുടർനടപടിക്കും സാധ്യതയുണ്ട്.
സമീപകാലത്ത് താരസംഘടനയിലുണ്ടായ എല്ലാ ആഭ്യന്തര തർക്കങ്ങളും ജനറൽ ബോഡിയിൽ ചർച്ചയാകും. അതിൽ ഏറ്റവും രൂക്ഷമായതാണ് അൻസിബ വിഷയം. അൻസിബയും നീനാ കുറുപ്പും ടിനി ടോമിനെതിരെയും അൻസിബ ലക്ഷമിപ്രിയക്കെതിരെയും പരാതികൾ ഉന്നയിച്ചിരുന്നു. പരസ്പര പോര് പോലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും വരെ എത്തി. പ്രസിഡണ്ട് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുണ്ടായ തർക്കവും ജനറൽ ബോഡിയിൽ ഉന്നയിക്കപ്പെടും.
കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസ്സൻ വിശദീകരണം നൽകാത്തത് സംഘടനാ വിരുദ്ധ നടപടിയായാണ് നേതൃത്വം കാണുന്നത്. സംഘടനയ്ക്കെതിരെ മാധ്യമങ്ങളിലൂടെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനാണ് അൻസിബയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിന് ഈ മാസം 17-നകം വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതുവരെ അൻസിബ മറുപടി നൽകാത്ത സാഹചര്യത്തിൽ ഈ വിഷയം കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ചക്കൊടുത്തില്ല.
സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്ന ചെറിയ തർക്കങ്ങൾ മാധ്യമങ്ങളിലേക്ക് വലിച്ചിഴച്ച് സംഘടനയ്ക്ക് കളങ്കമുണ്ടാക്കി എന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. ഈ വിഭാഗം നിലപാട് ശക്തമാക്കുകയും പ്രമുഖ താരങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുകയും ചെയ്താൽ അൻസി ബക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. പരസ്യപ്രതികരണങ്ങൾ നടത്തിയതിന് നടൻമാരായ ടിനി ടോമിനും ജോയ് മാത്യുവിനും നടി ലക്ഷ്മിപ്രിയക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതും ചർച്ചയായേക്കാം. എന്നാൽ കടുത്ത നടപടികളില്ലാതെ തർക്കങ്ങൾ രമ്യമായി പരിഹരിക്കണം എന്നതാണ് മുതിർന്ന അംഗങ്ങളുടെ നിലപാട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

