മസ്തകത്തിന് ഗുരുതരമായി പരുക്കേറ്റ അതിരപ്പിള്ളിയിലെ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു

elephant

മസ്തകത്തിന് ഗുരുതരമായി പരുക്കേറ്റ അതിരപ്പിള്ളിയിലെ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു. അഭയാരണ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ വെച്ചാണ് ആനയ്ക്ക് ചികിത്സ നൽകുക. ഒന്നര മാസത്തോളം ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. 

ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. വെടിയേറ്റു മയങ്ങിയ ആന പിന്നീട് ചെരിഞ്ഞു വീണെങ്കിലും അൽപ സമയത്തിനകം എഴുന്നേൽപിക്കാൻ ദൗത്യസംഘത്തിന് സാധിച്ചു. ആന ചെരിഞ്ഞു വീണത് ഗുണകരമായെന്നും അതിനാലാണ് ഉടൻ തന്നെ മുറിവിന് പ്രാഥമിക ചികിത്സ നൽകാൻ സാധിച്ചതെന്നും ഡോ അരുൺ സക്കറിയ പറഞ്ഞു. പരിക്കു ഭേദമായി ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം പൂർണമായും വിജയകരമാണെന്ന് പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ALSO READ; പലതരം അടിച്ചുമാറ്റൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ഇതാദ്യം! താമരശ്ശേരിയിൽ പരിചയം നടിച്ച് കടയുടമയുടെ പോക്കറ്റിൽ നിന്നും പൈസ പൊക്കി

പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലൻസിൽ കയറ്റി 9.30 ഓടെ ദൗത്യസംഘം കോടനാടേക്ക് തിരിച്ചു. അതിരപ്പള്ളിയിൽ നടന്നത് സങ്കീർണമായ ദൗത്യമായിരുന്നു എന്നും വിദഗ്ധ ചികിത്സ നൽകി ആനയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വാഴച്ചാൽ DFO, ആർ ലക്ഷ്മി പറഞ്ഞു.

അതിരപ്പള്ളിയിൽ നിന്ന് പുറപ്പെട്ട ദൗത്യസംഘം ഒന്നര മണിക്കൂറിനകം അഭയാരണ്യത്തിൽ എത്തി. കൂട്ടിലേക്ക് മാറ്റിയ ആന മയക്കം വിട്ടശേഷം ശാന്തനായി തുടരുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമ സ്വഭാവം കാണിക്കാത്തതിനാൽ ചികിത്സ സുഗമമാകും എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഒന്നര മാസത്തോളം ആനയെ കൂട്ടിൽ തന്നെ നിർത്തി വിദഗ്ധ ചികിത്സ നൽകേണ്ടി വരും. കോടനാട് കപ്രിക്കാടുള്ള അഭയാരണ്യത്തിൽ ആനയുടെ ചികിത്സയ്ക്കായുള്ള കൂടിൻ്റെ നിർമ്മാണം ചൊവ്വാഴ്ച വൈകിട്ടോടെയാണ് പൂർത്തിയായത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News