
അമേരിക്ക വീണ്ടുമൊരു ലോകകപ്പിന് വേദിയൊരുക്കുമ്പോള്‍ മരണത്തിന്‍റെ മണമുള്ള ഒരോര്‍മ്മ ബാക്കിനില്‍ക്കുന്നുണ്ട്. വഴിതെറ്റിപ്പോയൊരു പന്തിന് പകരം ജീവന്‍ കൊടുക്കേണ്ടി വന്ന ആന്ദ്രെ എസ്കോബാറിന്‍റെ മുഖം.ഒരു പന്ത് സഞ്ചരിക്കുന്ന വഴികള്‍ എത്രത്തോളം ദുരൂഹമാണെന്നും ചിലപ്പോള്‍ അതിനെ നിയന്ത്രിക്കുന്നത് കളത്തിന് പുറത്ത് മറ്റാരൊക്കെയോ ആണെന്നും എസ്കോബാര്‍ സ്വന്തം ചോര കൊണ്ട് അടയാളെപ്പെടുത്തി. ആന്ദ്രെ എസ്കോബാറിന്‍റെ ചരിത്രവും ജീവിതവുമൊക്കെ നാം എത്രയോ വട്ടം കേട്ടുപോയതാണ്. ചോരയും കഞ്ചാവും ഇഴ ചേരുന്ന കൊളംബിയന്‍ ഫുട്ബോളിന്‍റെ രക്ത സാക്ഷിയാണ് ആന്ദ്രെ എസ്കോബാര്‍.
1994 ലെ ലോകകപ്പില്‍ അദ്ഭുതം സൃഷ്ടിക്കുന്ന സംഘമെന്നായിരുന്നു കൊളംബിയ വാഴത്തപ്പെട്ടത്.സാക്ഷാല്‍ വാള്‍ഡറമയും റിങ്കണും ആസ്പ്രിയയും, ഫ്രെഡി ഗുവാറിനുമൊക്കെ അടങ്ങുന്ന ആ സുവര്‍ണ നിര കൊളംബിയന്‍ അധോലോകത്തിന്‍റെ പണം കായ്ക്കുന്ന മരമായിരുന്നു.അര്‍ജന്‍റീനയെപ്പോലും അഞ്ച് ഗോളിന് തകര്‍ത്തെറിഞ്ഞപ്പോള്‍ വാതുവെപ്പ് മാര്‍ക്കറ്റുകളില്‍ കോടിക്കണക്കിന് ഡോളറുകള്‍ മറിഞ്ഞു. എന്നാല്‍ ഫൈനല്‍ റൗണ്ടി ല്‍ അവരെ കാത്തിരുന്നത് ചതിക്കുഴികളായിരുന്നു. പ്രവചനങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. സ്വിറ്റ്സ്വര്‍ലന്‍ഡിനോടും റുമാനിയോയടും തോറ്റ് അവര്‍ നാണം കെട്ടു.നാട്ടില്‍ ടീമിനെതിരെ രോഷം അണ പൊട്ടി. കൊല വിളികള്‍ മുഴങ്ങി. പിടിച്ച് നില്‍ക്കാനുള്ള അവസാന പിടിവള്ളിയെന്നോണം അമേരിക്കക്കെതിരായ അന്തിമ ഗ്രൂപ്പ് പോരാട്ടം. കളി തുടങ്ങി 35 ആം മിനിറ്റില്‍ കൊളംബിയന്‍ വലയിലേക്കൊരു ഗോള്‍. അതും ഒരു കൊളംബിയക്കാരന്‍റെ കാലില്‍ നിന്ന് തന്നെ. അതെ എസ്കോബാറെന്ന കളിക്കാരന്‍റെ ജീവന് ആ പന്ത് വിലയിട്ടു. നാണം കെട്ട തോല്‍വിയുമായി ടീം മടങ്ങി.
Also Read: ഫിഫ ലോകകപ്പ് തുടങ്ങാനിരിക്കെ കല്ലുകടിയായി അമേരിക്കയുടെ നയങ്ങളും നടപടികളും
ഭീഷണികളെ തുടര്‍ന്ന് എസ്കോബാറിനെ അമേരിക്കയില്‍ തന്നെ നിര്‍ത്തിയാണ് അവര്‍ മടങ്ങിയത്. ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ നാട്ടില്‍ മടങ്ങിയെത്തി. അന്ന് രാത്രി മെഡലിനിലെ ഒരു നിശാ ക്ലബില്‍ വച്ച് എസ്കോബര്‍ കൊല്ലപ്പെട്ടു. ഒരു നിമിഷത്തിലെ പിഴവിന് ആറ് വെടിയുണ്ടകളാണ് ആ മനുഷ്യന്‍റെ ശരീരം തുളച്ച് കടന്നുപോയത്. ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും ഗോള്‍, ഗോള്‍ എന്ന് അക്രമി അലറിവിളിക്കുന്നുണ്ടായിരുന്നു . വര്‍ഷങ്ങള്‍ മൂന്ന് പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു. എങ്കിലും ഓരോ ലോകമേളക്ക് പന്തുരുളുമ്പോഴും എസ്കോബാര്‍ എന്ന മുറിവ് നീറിക്കൊണ്ടേയിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

