
കോൺഗ്രസിനും യുഡിഎഫിനുമെതിരെ കടുത്ത വിമർശനവുമായി എ എൻ ഷംസീർ. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിൽ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി പ്രതിസന്ധികളെ പരിഹസിച്ചുകൊണ്ടായിരുന്നു ഷംസീറിന്റെ പ്രധാന വിമർശനം.
സഞ്ജുവിന്റെ സിക്സറും യുഡിഎഫ് ഭരണവും യുഡിഎഫ് ആണ് ഇപ്പോൾ ഭരിക്കുന്നതെങ്കിൽ ടി20 ലോകകപ്പിൽ സഞ്ജു സാംസൺ സിക്സർ അടിക്കുമ്പോഴോ സൂര്യകുമാർ യാദവ് ട്രോഫി ഏറ്റുവാങ്ങുമ്പോഴോ ഇവിടെ കറണ്ട് ഉണ്ടാകില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പ്രധാന പരിപാടി ജനങ്ങളെ പറ്റിക്കലാണെന്നും നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി വോട്ട് തട്ടാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തട്ടിപ്പും വെട്ടിപ്പും നടത്തുന്ന കോൺഗ്രസ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.
പി എം ശ്രീ പദ്ധതിയിലെ ഇരട്ടത്താപ്പ് കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുലർത്തുന്ന നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലങ്കാനയും ഈ പദ്ധതിയിൽ ഒപ്പിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നിങ്ങൾ ഒപ്പിട്ടാൽ ഹലാലും നമ്മൾ ചെയ്താൽ ഹറാമും” എന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു. പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിൽ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന സാഹചര്യമുണ്ടായിട്ടും, മുന്നണിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങൾ കണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ കട്ടുമുടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിയമസഭയിൽ നിന്ന് ഓടിപ്പോയവർ പ്രതിപക്ഷത്തിന്റെ സംവാദ വെല്ലുവിളികളെയും ഷംസീർ തള്ളിക്കളഞ്ഞു. സംവാദത്തിനുള്ള ഏറ്റവും നല്ല വേദി നിയമസഭയായിരുന്നു എന്നും എന്നാൽ അവിടെ ഒരു വിഷയത്തിൽ പോലും ചർച്ചയ്ക്ക് നിൽക്കാതെ ഓടിപ്പോയവരാണ് യുഡിഎഫ് എന്നും അദ്ദേഹം പരിഹസിച്ചു. വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ അത് പാലിക്കാൻ യുഡിഎഫിന് കഴിയില്ലെന്നും ഷംസീർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

