
കേരളത്തിന്റെ വെല്ലുവിളികള്‍ നിറഞ്ഞ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹാരം കണ്ടെത്തുന്ന റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികള്‍ മാതൃകയാണെന്ന് സ്പീക്കര്‍ കെ എന്‍ ഷംസീര്‍. റവന്യൂ, സര്‍വെ വകുപ്പുകള്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ റീ സര്‍വെ നാഷണല്‍ കോണ്‍ക്ലേവിന്റെ ഡെലിഗേറ്റ് സെക്ഷനുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ പാതയുടെ വികസനത്തിനുള്‍പ്പടെ ആവശ്യമായി വന്ന ഭൂമി ആക്ഷേപങ്ങളില്ലാതെ അനായാസമായി ഏറ്റെടുത്ത് നല്‍കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞു. ഭൂ തര്‍ക്കങ്ങളില്ലാത്ത ഒരു നാടായി കേരളത്തെ മാറ്റാന്‍ കഴിയുന്ന ഡിജിറ്റല്‍ റീ സര്‍വെയും ഭൂമി സംബന്ധമായ എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കില്‍ സാധ്യമാക്കുന്ന ‘എന്റെ ഭൂമി’ ഏകജാലക പോര്‍ട്ടലും മാതൃകയാക്കി സ്വീകരിക്കാന്‍ ഇത്രയധികം സംസ്ഥാനങ്ങള്‍ തയ്യാറായി മുന്നോട്ടു വരുന്നത് അഭിമാനകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി അമുദ, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ മുഹമ്മദ് സഫീറുള്ള, സര്‍വെ ഡയറക്ടര്‍ സീറാം സാംബശിവ റാവു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന മന്ത്രിമാരായ പി രാജീവ്, ജി ആര്‍ അനില്‍, എം ബി രാജേഷ് എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. ഇന്ന് നടക്കുന്ന ഫീല്‍ഡ് സന്ദര്‍ശനത്തോടെ ദേശീയ കോണ്‍ക്ലേവിന് സമാപനമാകും. 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 127 പ്രതിനിധികള്‍ അഞ്ച് ജില്ലകളില്‍ ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ തുടരുന്ന വില്ലേജുകളില്‍ നേരിട്ട് സന്ദര്‍ശിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here