‘ഞാൻ ഗന്ധർവ്വൻ ചിത്രീകരിച്ച ആ വീട്’, ഗന്ധർവ്വൻ പാടിയ പൂമുഖം, പദ്മരാജന്റെ ഓർമ്മകൾ പതിഞ്ഞ മണ്ണിൽ അനന്തപദ്മനാഭൻ: ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. മനുഷ്യനും ഗന്ധവർവനും തമ്മിലുള്ള പ്രണയത്തെ അതിമനോഹരമായി വരച്ചിട്ട ചിത്രത്തിന് ഇപ്പോഴും പ്രേക്ഷക പിന്തുണയുണ്ട്. സിനിമയ്ക്കൊപ്പം തന്നെ ഞാൻ ഗന്ധർവനിലെ ലൊക്കേഷനും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ഇപ്പോഴിതാ പദ്മരാജന്റെ ഓര്മകളുള്ള, ഞാൻ ഗന്ധവന്റെ ലൊക്കേഷനായിരുന്ന വീട് സന്ദർശിച്ചിരിക്കുകയാണ് മകൻ അനന്ദ പദ്മനാഭൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ആ വീടിനെ കുറിച്ചും അവിടെ ഇപ്പോൾ താമസിക്കുന്ന മനുഷ്യരെ കുറിച്ചും അനന്ദൻ പറഞ്ഞത്.

അനന്തപദ്മനാഭന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ‘ഫിയറില്ല ഫയറാടാ’, പട്ടാപ്പകൽ വീട്ടിൽക്കയറിയ കള്ളന്മാരെ ഓടിച്ചിട്ട് തല്ലി അമ്മയും മകളും, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഒരു മാസം മുമ്പ് പ്രശസ്ത ഫോട്ടോഗ്രാഫർ ഗോപാലകൃഷ്ണൻ അച്ഛൻ്റെ ഇത് വരെ കാണാത്ത ഒരു ചിത്രം അയച്ചു തന്നു. ചിത്രത്തിൽ പിന്നിൽ കാണുന്ന ചിത്രം ആരുടേതെന്ന് ഓർത്തപ്പോൾ തന്നെ ഗോപാലകൃഷ്ണൻ ചേട്ടൻ പറഞ്ഞു, ” പിന്നിൽ കാണുന്ന ചിത്രം ജോസഫ് കാട്ടൂക്കാരൻ വർഗ്ഗീസിൻ്റെയാണ്. മലയാളത്തിലെ ഫിലിം എക്സിബിഷൻ്റെ പിതാവ്. അദ്ദേഹത്തിൻ്റെ മകൻ ജോസിൻ്റെ വീട്ടിൽ വെച്ചായിരുന്നു ‘ഞാൻ ഗന്ധർവ്വൻ’ ഷൂട്ട് ചെയ്തത്. ഈ ചിത്രം പപ്പേട്ടൻ പറഞ്ഞ് എടുപ്പിച്ചതാണ്.” ചിത്രത്തിലുള്ളയാളെ പറ്റി വായിച്ചത് ഓർമ്മ വന്നു ‘ബാല”നും ഇരുപത് വർഷം മുമ്പ് ചലിക്കുന്ന ചിത്രം മലയാളിക്ക് മുന്നിൽ പ്രദർശിപ്പിച്ച ആൾ. തൃശ്ശിനാപ്പള്ളിക്കാരൻ വിൻസൻ്റ് പോളിൽ നിന്നും വാങ്ങി ബയോ സ്കോപ്പ് എന്ന വിസ്മയത്തെ മലയാളിക്ക് മുന്നിൽ തുറന്നു വെച്ച ആൾ. 1907 ലെ തൃശ്ശൂർപൂരകാലത്ത് തേക്കിൻകാട് മൈതാനത്ത് ഒരു ടെൻ്റ് കെട്ടി ബയോസ്ക്കോപ്പിലൂടെ കാഴ്ച്ചയുടെ ഇന്ദ്രജാലം മലയാളിയെ അനുഭവിപ്പിച്ച ഇദ്ദേഹമാണ് മലയാള ചലച്ചിത്ര പ്രദർശനത്തിൻ്റെ പിതാവ്. കേരളത്തിലെ ആദ്യ തിയേറ്റർ തൃശ്ശൂർ ജോസ്, സ്വപ്ന കോഴിക്കോട് ഡേവിസൺ ഒക്കെ അദ്ദേഹത്തിൻ്റെ ദീർഘദർശനലബ്ധികൾ. മകൻ ജോസ് കാട്ടൂക്കാരൻ കേരളത്തിൻ്റെ നായാട്ട് ചരിത്രരേഖകളിൽ ആദ്യം കാണുന്ന പേരുകളിൽ ഒന്നാണ്. മഹാ സാഹസികനായിരുന്ന അദ്ദേഹത്തിൻ്റെ പുത്രൻ പോളിൻ്റെ വീട്ടിലാണ് ഗന്ധർവൻ ചിത്രീകരിച്ചത്. ഇന്നലെ തൃശ്ശൂർ ഒല്ലൂരിൽ, നിവിൻ പോളി നായകനായ Disney Hotstar പുതിയ Series ചിത്രീകരണം നിരീക്ഷിക്കാൻ പോയി. ഇടവേള സമയത്ത് ആർട്ട് ഡയരക്ടർ രാജീവ് വന്നു പറഞ്ഞു, ” ഇതിന് തൊട്ടപ്പുറത്തെ വീട്ടിലാണ് പത്മരാജൻ സർ ഗന്ധർവൻ ഷുട്ട് ചെയ്തത്. കാണണോ?”
ലഞ്ച് ബ്രേക്ക് സമയത്ത് ഞങ്ങൾ ആ വീട്ടിലെത്തി. വിശാലമായ മുറ്റത്തെ മാവിൽ സിനിമയിലെന്ന പോലെ ഇപ്പോഴും ഉണ്ണിമാങ്ങകൾ. ഗന്ധർവൻ പാടിയ പൂമുഖം. ഭാമ പ്രണയ മുഗ്ധയായിരുന്ന ആ പടിക്കെട്ടുകൾ. ആദ്യമാണ് ഇവിടെ.

ALSO READ: യാത്രക്കിടയിൽ പ്രസവവേദന, സഹായികളായത് സഹയാത്രികരായ യുവതികൾ; ഒടുവിൽ കുഞ്ഞിന് ആ ട്രെയിനിന്റെ പേരിട്ട് അമ്മ

ഗൃഹനാഥൻ ആൻ്റോ പോൾ ഹൃദ്യമായി സ്വീകരിച്ചു. “ഞങ്ങൾ ഏഴ് പേരാണ്. I am the youngest. അഞ്ച് വർഷം മുമ്പ് അപ്പച്ചൻ മരിച്ചു, നൂറാം വയസ്സിൽ. അമ്മച്ചി ഉണ്ട്. 98 വയസ്സായി. അപ്പച്ചനും അമ്മയുമായി നിങ്ങളുടെ ഫാദർ വലിയ അടുപ്പമായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് എൻ്റെ രണ്ടാമത്തെ ബ്രദറിനെ ഫോൺ ചെയ്തു പറഞ്ഞു, ‘ കോഴിക്കോട് നിന്നും മടങ്ങുമ്പോൾ ഞാൻ വീട്ടിൽ വരുന്നുണ്ട് എല്ലാവരെയും കാണാൻ’ എന്ന്. ഒരു വിങ്ങലിൻ്റെ മൂടാപ്പ് പടരുന്നത് തടയാൻ ഞാൻ ചോദിച്ചു, “ബുദ്ധിമുട്ടില്ലെങ്കിൽ അമ്മയെ ഒന്ന് കണ്ടാൽ..” “അതിനെന്താ!’ അപ്പോൾ വാക്കർ പിടിച്ച് നിലാവ് പോലെ ആ അമ്മൂമ്മ ഇറങ്ങി വന്നു. തൊഴുതു മന്ത്രിച്ചു, “സ്വസ്തി ‘. ദൈവമേ! എനിക്ക് മുന്നിൽ ഒരു ബൃഹദ് കാലം സ്വസ്തി പറയുന്നു. തിരികെയും തൊഴുതു, “സ്വസ്തി! ” “പത്മരാജൻ ഇവിടെയുണ്ടായിരുന്നപ്പോൾ ഞങ്ങൾ രണ്ട് പേരുമായി നല്ല കൂട്ടായിരുന്നു. ഞാൻ തമാശ പറഞ്ഞു,’ ഇവിടെ പറമ്പില് ഒരു കായക്കുല ണ്ടായിട്ട്ണ്ട്. പത്മരാജന്റെ അത്രേം വലുപ്പത്തിൽ! അത് കേട്ട് വലിയ ചിരി ആയിരുന്നു ” ഓർമ്മകളിൽ നിലാച്ചിരി. പിന്നെ പതുക്കെ തിരക്കി ” ആള്.. ഇപ്പളും ണ്ടൊ?’ “ഇല്ല അമ്മേ. പോയിട്ട് മുപ്പത്തിമൂന്ന് വർഷം കഴിഞ്ഞു. ” ‘ അയ്യോ! ക്ഷമിക്കണേ. ചിലത് ഓർമ്മ കിട്ടണില്യ’ അമ്മ കൈ എടുത്ത് തൊഴുതു. “അമ്മക്ക് പഴയ കാര്യങ്ങൾ ഒക്കെ നല്ല ഓർമ്മയാ. ചില കാര്യങ്ങൾ വിട്ടു പോവും” മകൻ പറഞ്ഞു. ഓർത്തു,കെട്ടതൊക്കെയും ചേറി പതിര് കളഞ്ഞ് ശുദ്ധി വെക്കുന്ന മനസ്സ് . “നമുക്കൊരുമിച്ച് ഒരു പടം വേണ്ടേ?” എന്ന് തിരക്കി “അതിനെന്താ! ” എന്ന് ചിരി. അമ്മുമ്മയുടെ മണം പോലെ തോന്നി. ആ മണത്തോട് ചേർന്നിരുന്നു. അപ്പോൾ അമ്മ കൈ എടുത്ത് എൻ്റെ കൈയ്യിൽ വെച്ചു. ഉള്ളിൻ്റെ കാണാമറകൾ കിനിഞ്ഞു. കണ്ണുകളുടെ കടയഴിച്ചിലിന് ഞാൻ ശ്രമപ്പെട്ട് തട വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News