‘ഇത് തുടങ്ങിയിട്ട് കുറേയായി’; 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടക്കം ചെയ്ത മനുഷ്യന്റെ മുടിയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം

മനുഷ്യന്റെ ലഹരി ഉപയോഗത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍. വെങ്കല യുഗത്തില്‍ (ബിസി 3300 മുതല്‍ ബിസി 1200 വരെ) മനുഷ്യര്‍ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സ്‌പെയിനിലെ മെനോര്‍ക്കയിലെ ശവകുടീരത്തില്‍ നിന്ന് ലഭിച്ച മുടിയില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചെടികളില്‍ നിന്ന വേര്‍തിരിച്ചെടുക്കുന്ന മയക്കുമരുന്നാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

എലിസ ഗുരേര എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. സ്‌പെയിനിലെ മെനോര്‍കയില്‍ 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടക്കം ചെയ്ത മനുഷ്യന്റെ മുടിയിലാണ് സംഘം ഗവേഷണം നടത്തിയത്. വിശദമായ പഠനത്തില്‍ മുടിയില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. യൂറോപ്പില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ ആഘോഷങ്ങളുടെ ഭാഗമായി ലഹരി ഉപയോഗിച്ചിരുന്നതിന്റെ തെളിവാണിതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ശവകുടീരത്തില്‍ നിന്ന് ലഭിച്ച മുടി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സ്‌കോപൊലാമൈന്‍, എപെഡ്രൈന്‍, അട്രോഫൈന്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇതില്‍ അട്രോഫൈനും സ്‌കോപൊലാമൈനും മനുഷ്യരെ ഉന്മാദത്തിലെത്തിക്കാന്‍ കഴിവുണ്ട്. ചില കുറ്റിച്ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എപെഡ്രൈന്‍ മനുഷ്യരുടെ ഊര്‍ജം കൂടുതല്‍ സമയം നിലനിര്‍ത്തും.

ഏകദേശം 3600 വര്‍ഷം പഴക്കമുള്ള അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുടിക്ക് പുറമേ കല്ലറയില്‍ നിന്ന് ലഭിച്ച പാത്രങ്ങളില്‍ നിന്നും ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് യൂറോപ്പിന്റെ പല ഭാഗത്തു നിന്ന് കണ്ടെടുത്ത വെങ്കലയുഗത്തിന്റെ അവശേഷിപ്പുകളിലും ലഹരിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here