കേരളം റെയിൽവേ വികസനത്തിന് സഹകരിക്കുന്നില്ല എന്ന കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

അങ്കമാലി – ശബരി റെയിൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെൻറിൽ നൽകിയ മറുപടി രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്നുമുള്ള ഒരുതരത്തിലെ ഒളിച്ചോട്ടമാണിത്. 1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി ശബരി പാത. എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ സംസ്ഥാനം നൽകിയതാണെന്നും മുഖ്യമന്ത്രി. അലൈൻമെൻറ് അംഗീകരിച്ചു. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്തതതാണ്. പദ്ധതി ചെലവിൻറെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്നും ഉറപ്പു നൽകി. പദ്ധതിയുമായി മുന്നോട്ടു പോകാതെ അലംഭാവം കാണിച്ചത് കേന്ദ്ര സർക്കാരും റെയിൽവേ വകുപ്പുമാണ്, മുഖ്യമന്ത്രി വിശദമാക്കി.

Also Read; ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം; കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ഉറപ്പാക്കി: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിൻറെ കാലതാമസം കാരണം ശബരി പാതയുടെ എസ്റ്റിമേറ്റിൽ വൻ വർദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു. അത് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി, 36 ശതമാനം വർദ്ധന. ഇതിൻറെ ഭാരവും സംസ്ഥാനം വഹിക്കാനാണ് കേന്ദ്രം സ്വീകരിച്ച നിലപാട്. ചെങ്ങന്നൂർ – പമ്പ റെയിൽപാത ഉൾപ്പെടെ ഒരു പുതിയ പദ്ധതിയ്ക്കും സംസ്ഥാനം എതിരല്ല. ചെങ്ങന്നൂർ – പമ്പ പാതയ്ക്കായി സംസ്ഥാനത്തോടെ ഇതുവരെ കേന്ദ്രഗവൺമെൻറ് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിലും ഒരു പദ്ധതിയും കേരളത്തിനായി പ്രത്യേകമായി അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുള്ള തലശ്ശേരി നഞ്ചങ്കോട്, നിലമ്പൂർ മൈസൂർ, അങ്കമാലി-ശബരി എന്നീ പാതയ്ക്ക് ഒരു തുകയും അനുവദിച്ചില്ല.

എന്നാൽ, നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് അദ്ദേഹം തയ്യറായായത്. ഇത് ശരിയായില്ല. അങ്കമാലി – ശബരി പാതയ്ക്കായി 2125 കോടി രൂപ അനുവദിച്ചെന്നും എന്നാൽ കേരളം അത് ചിലവഴിച്ചില്ല എന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെൻറിൽ പറഞ്ഞത്. ഇത് തികച്ചും തെറ്റായ പ്രസ്താവനയാണ്. കേരളത്തിലാകെ സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി നൽകിയ തുകയാണ് ശബരി റെയിൽപാതയ്ക്കായി നീക്കി വെച്ചു എന്നു ദ്യോതിപ്പിക്കുന്ന തരത്തിൽ അദ്ദേഹം പാർലമെൻറിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ പാറശ്ശാല വരെയുള്ള പാതയ്ക്ക് 49.50 ഹെക്റ്റർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറാനായി. മറ്റ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റെയിൽവേ അനുവദിച്ച 2125 കോടി രൂപയിൽ 1823 കോടി രൂപ മൂന്ന് പാതയ്ക്ക് ചേർത്ത് ഡെപ്പോസിറ്റ് ചെയ്തു കഴിഞ്ഞിട്ടുമുണ്ട്, മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read; “ദുരിതബാധിതര്‍ക്കായി പുനരധിവാസം ഉറപ്പാക്കും ; കേന്ദ്രം സഹായം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ”: മുഖ്യമന്ത്രി പിണറായി വിജയൻ

ശബരി പാതയിൽ അനങ്ങാപ്പാറ സമീപനം ആരുടേതാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തിൻറെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഒരു വീഴ്ചയും അലംഭാവവുമുണ്ടായിട്ടില്ല. ശബരി റെയിൽപാത പുനരുജ്ജീവിപ്പിക്കാനും ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്താനുമുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് തന്നെ കത്തെഴുതിയിരുന്നു. 2021 ഒക്ടോബറിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇതേ ആവശ്യം ഉന്നയിച്ചു. അങ്കമാലി-ശബരിപാത ഉൾപ്പെടെയുള്ള വിവിധ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് 2023 ജൂണിൽ വിശദമായ കത്തെഴുതി.

പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റ ശേഷം 21/06/2024 -ന് കേന്ദ്ര മന്ത്രിയ്ക്ക് വീണ്ടും സംസ്ഥാനം കത്തയച്ചു. ഇതിനു പുറമേ ചീഫ് സെക്രട്ടറിയും കേരള സർക്കാരിൻറെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും ഇക്കാര്യത്തിൽ കത്തുകൾ അയച്ചിട്ടുണ്ട്. എന്നാൽ പോസിറ്റീവായ ഒരു സമീപനവും കേന്ദ്രത്തിൽ നിന്നുണ്ടായില്ല എന്നതാണ് നമ്മുടെ ദുരനുഭവം. ഇക്കാര്യത്തിൽ മാത്രമല്ല റെയിൽവേയുമായി ബന്ധപ്പെട്ട് കേരളത്തിന് ദുരനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News