
കൊച്ചിയിൽ ഒരു വിദ്യാർഥിക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭയിൽ ഉൾപ്പെട്ട വാഴക്കാലയിലുള്ള സ്കൂൾ വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അഞ്ചു വയസ്സ് പ്രായമുള്ള കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വെള്ളത്തിൻ്റെ സാമ്പിളും ശേഖരിച്ചു. മസ്തിഷ്ക ജ്വര ലക്ഷണങ്ങൾ ഉള്ള കുട്ടികൾ ഉണ്ടെങ്കിൽ അറിയിക്കണം എന്ന് കാണിച്ച് തൃക്കാക്കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളുകൾക്കും കോളേജുകൾക്കും ആണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം കളമശ്ശേരി സെൻ്റ് പോൾസ് സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്കാണ് സ്ഥിരീകരിച്ചത്.
അതേസമയം, വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കളമശ്ശേരി സെൻ്റ് പോൾസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. പരീക്ഷകളും മാറ്റി വെച്ചു. ആരോഗ്യ വകുപ്പിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി സ്കൂൾ അടച്ചത്. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ആയിരിക്കും തുടർന്നുള്ള കാര്യങ്ങൾ എന്ന് സെൻ്റ് പോൾസ് സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമുവൽ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here