
“ആന്റി-ഏജിംഗ് മില്യണയർ” എന്നറിയപ്പെടുന്ന ടെക് സംരംഭകനായ ബ്രയാൻ ജോൺസണെതിരെ അദ്ദേഹത്തിന്റെ കമ്പനി ജീവനക്കാരുടെ ഞെട്ടിക്കുന്ന ആരോപണം. ബ്രയാന്‍ ജോണ്‍സണിന്റെ കമ്പനിയായ ‘ബ്ലൂപ്രിന്റി’ല്‍ നടക്കുന്ന അദ്ദേഹത്തിന്റെ വിചിത്രമായ പെരുമാറ്റരീതികളെക്കുറിച്ചും ഇതു പുറത്തറിയുന്നത് തടയാനായി ജീവനക്കാരുമായി നിര്‍ബന്ധിത കരാര്‍ തയ്യാറാക്കിയിരുന്നതുമായാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ALSO READ: എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; വിജ്ഞാപനം പുറത്ത്
നഗ്നനായും അല്പവസ്ത്രം ധരിച്ചും ബ്രയാന്‍ ജോണ്‍സണ്‍ തന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ബ്ലൂപ്രിന്റി’ന്റെ ഓഫീസിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരുമായി തന്റെ ലൈംഗികവൃത്തികളെക്കുറിച്ചും ഉദ്ധാരണം അടക്കമുള്ള വിഷയങ്ങളും ഇയാള്‍ ചര്‍ച്ചചെയ്തിരുന്നു. ഇതെല്ലാം രഹസ്യമായി സൂക്ഷിക്കാനാണ് ജീവനക്കാരെ നിര്‍ബന്ധിച്ച് ചില കരാറുകളില്‍ ഒപ്പുവെയ്പ്പിച്ചിരുന്നത്. ഈ വിഷയത്തിൽ 30 പേരെ അഭിമുഖം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നതെന്ന് റിപ്പോർട്ടുണ്ട്.
ബ്രയാന്‍ ജോണ്‍സണിന്റെ വീട്, ജോലിസ്ഥലം, വ്യക്തിപരമായ മറ്റുകാര്യങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍, വാഹനങ്ങള്‍, വിമാനങ്ങള്‍ തുടങ്ങി സ്വകാര്യമായ വിവരങ്ങളെ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇത്തരം കാര്യങ്ങളിൽ പ്രശ്നമില്ലെന്ന് ഉറപ്പു നൽകുന്ന മൂന്നു കരാറുകളിൽ ഒപ്പു വച്ചതിനു ശേഷമാണ് ബ്രയാൻ ജോൺസന്‍റെ ബ്ലൂപ്ലിന്‍റ് കമ്പനി ജീവനക്കാർക്ക് നിയമനം നൽകുന്നത്.
ബ്രയാന്‍ ജോണ്‍സണ്‍ അല്പവസ്ത്രം ധരിക്കുന്നതിലും ചിലസമയത്ത് വിവസ്ത്രനായി ഓഫീസിലെത്തുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നതാണ് ജീവനക്കാര്‍ ഒപ്പിട്ടുനല്‍കിയ കരാറുകളിലെ ഒരു വ്യവസ്ഥ. ബ്രയാന്‍ ജോണ്‍സണ്‍ ലൈംഗികവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും ജീവനക്കാര്‍ ഒപ്പിട്ടുനല്‍കിയ കരാറിലുണ്ടായിരുന്നു. സ്ഥാപനമേധാവിയുടെ പെരുമാറ്റം തങ്ങള്‍ക്ക് സ്വീകാര്യമാണെന്നും കുറ്റകരമായി തോന്നുന്നില്ലെന്നും അണ്‍പ്രൊഫഷണല്‍ അല്ലെന്നും കരാറില്‍ ജീവനക്കാര്‍ സമ്മതിച്ചിരുന്നു.
അതേസമയം, അല്പവസ്ത്രം ധരിച്ച് ബ്രയാന്‍ ജോണ്‍സണ്‍ ഓഫീസിലെത്തുന്നതിലും വനിതാ ജീവനക്കാരുമായി ശൃംഗരിക്കുന്നതിലും ജീവനക്കാര്‍ അസ്വസ്ഥരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇതെല്ലാം അംഗീകരിക്കുന്ന കരാറില്‍ ഒപ്പുവെച്ചതിനാല്‍ ഇതിനെതിരേ പ്രതികരിക്കുന്നതില്‍ അവര്‍ക്ക് നിയന്ത്രണമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിനെ ബ്രയാൻ തള്ളിയിട്ടുണ്ട്. വസ്തുതകൾ വളച്ചൊടിച്ചാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ബ്രയാൻ എക്സിൽ കുറിച്ചു. ജോലിയിൽ നിന്ന് പിരിച്ചു വിട്ടവരോടാണ് ന്യൂയോർക്ക് ടൈംസ് സംസാരിച്ചിരിക്കുന്നതെന്നും തന്‍റെ കൈയിൽ നിന്ന് 9 മില്യൺ ഡോളർ തട്ടിയെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മുൻ കാമുകിയാണ് അവരുടെ പ്രധാന സാക്ഷിയെന്നും ബ്രയാൻ ആരോപിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here