
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുന്നുവെന്ന ചർച്ചകൾ ഉയർന്നപ്പോൾ ആ സ്ഥാനത്തേക്ക് വരുന്നുവെന്ന തരത്തിൽ ഉയർന്ന പേര് ആന്റോ ആന്റണിയുടേത് ആയിരുന്നു. എന്നാൽ ഇന്നാണ് പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള വാർത്തകൾ വന്നത്. ഇതോടെ കടുത്ത അതൃപ്തിയിലാണ് ആന്റോ ആന്റണി. തനിക്ക് എതിരെ ഉപജാപക സംഘം പ്രവർത്തിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ഉപജാപക സംഘം ബിജെപിയുമായി ചേർന്ന് തനിക്ക് എതിരെ നീക്കം നടത്തി. ഉപജാപക സംഘം പ്രവർത്തിക്കുന്നത് ബിജെപി പിന്തുണയോടെയാണ്. വെളള്ളാപ്പള്ളി തനിക്കെതിരെ സംസാരിച്ചതും അതിൻ്റെ ഭാഗമായിട്ടാണ്.
തനിക്ക് എതിരെ നടന്നത് സൈബർ ആക്രമണം ആണ്. ഒരു മതത്തിൻ്റെയും സമുദായത്തിൻ്റെയും ആളല്ല ഞാൻ. പറയാനുള്ളത് പിന്നീട് പറയും. പാർട്ടി ഫോറങ്ങളിൽ കാര്യങ്ങൾ പറയും. 53 വർഷത്തെ രാഷ്രീയ പ്രവർത്തന കാലയളവിൽ ഒരു കളങ്കവുമില്ല എന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ കണ്ടാൽ ആളുകൾ തിരിച്ചറിയുന്നവരെ പ്രസിഡൻ്റാക്കണമെന്ന കെ മുരളീധരൻ്റെ വിമർശനത്തിലും അദ്ദേഹം മറുപടി പറഞ്ഞു.
അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്ന ആളാണെല്ലോയെന്ന് ആയിരുന്നു ആൻ്റോയുടെ മറുപടി. മാധ്യമങ്ങളെ കണ്ട ശേഷം വാതിൽ വലിച്ചടച്ചാണ് ആന്റോ ആന്റണി പോയത്.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് സംസ്ഥാന കോൺഗ്രസിൽ കോൺഗ്രസ് ദേശീയ നേതൃത്വം സമഗ്ര അഴിച്ചു പണി നടത്തിയത്. ക്രൈസ്തവസഭകളുടെ പ്രതിനിധിയായി ആന്റോ ആന്റണിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും സഭ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്ന് ദേശീയ നേതൃത്വം പിൻവലിഞ്ഞത്.
രാഹുൽ ഗാന്ധിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അധ്യക്ഷസ്ഥാനത്ത് കടിച്ചു തൂങ്ങാൻ ഇല്ലെന്ന് കെ സുധാകരൻ നിലപാട് അറിയിച്ചതോടെ പകരക്കാരനെ തേടിയുള്ള ചർച്ചകളും സജീവമായി. ഒടുവിൽ സുധാകരൻ തന്നെയാണ് തന്റെ വിശ്വസ്തനും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിന്റെ പേര് നേതൃത്വത്തിന് മുമ്പിൽ വച്ചത്. മറ്റ് പ്രവർത്തകസമിതി അംഗങ്ങളും മുൻ പിസിസി അധ്യക്ഷൻമാരും സണ്ണി ജോസഫിന് പിന്തുണ അറിയിച്ചതോടെ നേതൃത്വം തീരുമാനം ഉറപ്പിക്കുകയായിരുന്നു. കെ സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാക്കി.
അതേസമയം അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനർ ആക്കിയതോടെ ഇടഞ്ഞു നിൽക്കുന്ന വെള്ളാപ്പള്ളിയേയും ഈഴവ സമുദായത്തെയും വിശ്വാസത്തിൽ എടുക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കെ സി വേണുഗോപാലിന്റെ വിശ്വസ്തനായ എ പി അനിൽകുമാറും യുവ മുസ്ലിം പ്രാധിനിത്യം പരിഗണിച്ച് ഷാഫി പറമ്പിലും വർക്കിംഗ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടംപിടിച്ചു. അതേസമയം ആന്റോ ആന്റണിയെ പ്രവർത്തകസമിതിയിലേക്ക് പരിഗണിച്ചെങ്കിലും അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്നതിലുള്ള കടുത്ത അതൃപ്തിയെ തുടർന്ന് ഈ ക്ഷണം ആന്റോ നിരസിച്ചതായാണ് വിവരം. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ മാത്രം നിലനിർത്തിക്കൊണ്ട് മറ്റ് എല്ലാ പദവികളിലും പുതുമുഖങ്ങളെ പരിഗണിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

