രാജഗിരിയില്‍ ടേബിള്‍ ടെന്നീസ് അക്കാദമി ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

രാജഗിരി കോളേജില്‍ പുതുതായി ആരംഭിക്കുന്ന ‘സ്റ്റാഗ് ടേബിള്‍ ടെന്നീസ് അക്കാദമിയുടെ’ ഉദ്ഘാടനം നിര്‍വ്വഹിച്ച് കേന്ദ്ര കായിക, യുവജനക്ഷേമ, വാര്‍ത്താ വിനിമയ വകുപ്പുമന്ത്രി അനുരാഗ് ഠാക്കൂര്‍. കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് പദ്മജാ മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്താരാഷ്ട്ര കായിക ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയവരും നിലവില്‍ മികച്ച പ്രകടനം കാഴ്ചയ്ക്കുന്നവരുമായ ഒരുകൂട്ടം കായിക പ്രതിഭകളെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നല്‍കി മന്ത്രി ആദരിച്ചു.

യുവാക്കള്‍ ചിന്തിക്കുകയും പഠിക്കുകയും ഭാവിയിലേക്കുള്ള അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യണം. ഒപ്പം യുവാക്കള്‍ സുസ്ഥിരമായ ജീവിതശൈലി കണ്ടെത്തുകയും, പുതിയ ഇന്ത്യയുടെ ശില്‍പികളാവുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അനുരാഗ് ഠാക്കൂര്‍ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ കായിക പ്രതിഭകളെ ലോക നിലവാരത്തില്‍ എത്തിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് സ്റ്റാഗ് ടേബിള്‍ ടെന്നീസ് അക്കാദമിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഫാ. സാജു എം.ഡി സി.എം.ഐ പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യ ക്ഷമതയുമുള്ള യുവജനങ്ങളാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്, ആ സമ്പത്തിനെ വളര്‍ത്തിയെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവനകളുമായി രാജഗിരി എന്നും ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കിയ രാജഗിരി ബിസിനസ് സ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഫാ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ, തങ്ങളുടെ എളിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമറിയിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് നന്ദി അറിയിച്ചു.

ചടങ്ങില്‍, മേഴ്സികുട്ടന്‍ (അത്ലറ്റ്), സി.സി ജേക്കബ് (ഫുട്‌ബോള്‍), സുബാഷ് ജെ ഷേണായി (ബാസ്‌ക്കറ്റ്ബോള്‍), ജോര്‍ജ്ജ് തോമസ് (ബാഡ്മിന്റണ്‍), ജയറാം (ക്രിക്കറ്റ്), വി. ശ്രീനിവാസന്‍ (ടേബിള്‍ ടെന്നീസ്), എ. രാധിക സുരേഷ് (ടേബിള്‍ ടെന്നീസ്) എന്നിവര്‍ക്ക് മന്ത്രി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, രാജഗിരി ബിസിനസ് സ്‌കൂള്‍ എന്നിവയുടെ വര്‍ഷാന്ത്യ ചിന്തന്‍ ശിബിരമായ പ്രീ- ബോധി സമ്മേളനത്തിലും അനുരാഗ് ഠാക്കൂര്‍ സംസാരിച്ചു. കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് പദ്മജാ എസ് മേനോന്‍, ആര്‍.സി.എസ്.എസ് പ്രിന്‍സിപ്പാള്‍ ഡോ. ബിനോയ് ജോസഫ്, രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി വര്‍ഗീസ് തുടങ്ങിയവന്‍ ചടങ്ങില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel