രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ: എ പി അബൂബക്കർ മുസ്‌ലിയാർ

ഇന്ത്യ സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിലാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എ.പി അബൂബക്കർ മുസ്‌ലിയാർ.ഭരണഘടന നൽകുന്ന ഉറപ്പുകളാണ് പൗരർക്ക് സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നതെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മുംബൈ ഏകതാ ഉദ്യാനിൽ സമാപിച്ച എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോണ്ഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം , മതേതരത്വം എന്നിവക്ക് പരുക്കേൽക്കാതെ നോക്കേണ്ടതുണ്ട്. ധാരാളം മതങ്ങളും , ജാതി ഉപജാതികളും തുടങ്ങി പലരീതിയിൽ വ്യത്യസ്തതകളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഒരു സംസ്കാരം മാത്രം പ്രതിഫലിപ്പിക്കുകയും രാജ്യത്തിന്റെ ബഹുസ്വര ജീവിതത്തിന് മുറിവേൽപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ കെട്ടുറപ്പിനെ ബാധിക്കും. ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന ഏകീകരണങ്ങളെല്ലാം രാജ്യത്തെ ദോഷകരമായി ബാധിക്കും. ദളിതർ , ന്യൂനപക്ഷങ്ങൾ , മറ്റു പിന്നാക്ക ജനവിഭാഗങ്ങൾ തുടങ്ങി ഭൂരിപക്ഷം വരുന്ന പാർശ്വവത്കൃത വിഭാഗങ്ങളുടെ പുരോഗതിക്കായി ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ആശയങ്ങളെല്ലാം കാര്യക്ഷമമായി നടപ്പിലാക്കപ്പെടണം.നമ്മൾ ഇന്ത്യൻ ജനത എന്ന ഭരണഘടനയുടെ ആമുഖവാക്യം രാജ്യം എന്ന നിലയിൽ നമ്മുടെ എല്ലാ നാനാത്വങ്ങളെയും അംഗീകരിച്ചു കൊണ്ടുളള പ്രഖ്യാപനമാണ്. എസ് എസ് എഫ് സമ്മേളന പ്രമേയമായി അത് സ്വീകരിച്ചത് രാജ്യത്തെ ബഹുസ്വരതക്ക് കരുത്തുപകരാനാണെന്നും ഗ്രാൻഡ് മുഫ്തി കൂട്ടിച്ചേർത്തു.

ALSO READ: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി; ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

സൗഹാർദ്ദവും , സ്നേഹവും പുലരുന്ന ഇന്ത്യക്കായി രാജ്യത്തെ ജനങ്ങൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കണം. തീവ്രതയും , വർഗീയതയും ഇസ്‌ലാം അംഗീകരിക്കുന്നില്ല സമാധാനത്തിന്റെ വഴി സ്വീകരിക്കാനാണ് മതത്തിന്റെ അധ്യാപനം. മുസ് ലിംകളെല്ലാം ആ പാത സ്വീകരിക്കുന്നവരാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അധ്വാനിച്ചവരാണ് ഇവിടെയുള്ള മുസ് ലിംകൾ. ഇന്ത്യയുടെ പുരോഗതിക്കായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ മുസ് ലിംകൾ എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം ഇന്നലെ സമാപിച്ചു. രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവർത്തകരാണ് മുംബൈ ഏകതാ ഉദ്യാനിൽ സംഗമിച്ചത്. സമ്മേളനം രാജ്യത്തിന്റെ വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായി മാറി. 3 ദിവസങ്ങളിലായി 7 വേദികളിലായാണ് പ്രതിനിധി സമ്മേളനം നടന്നത്. പ്രധാന വേദിയിൽ വൈകിട്ട് നടന്ന സമാപന സമ്മേളനം അഫീഫുദ്ധീൻ ജീലാനി ബാഗ്ദാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദ് മുഖ്യാതിഥിയായി. സയ്യിദ്‌ അലി ബാഫഖി തങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഈൻ മിയ ജീലാനി, അല്ലാമാ ഹുസൈൻ ഷാ ജീലാനി, മഹ്ദി മിയ സാഹിബ്, മന്നാൻ മിയ സാഹിബ്, മുഫ്തി ബദ്‌റെ ആലം, സയ്യിദ് ഫസൽ കോയമ്മ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, സയ്യിദ് അബ്ദുറഹ്മാൻ ബാഖവി അൽഅഹ്‌സനി, , സയ്യിദ്‌ മുഹമ്മദ് അഷ്‌റഫ് അഷ്‌റഫി, മുഫ്തി മുഹമ്മദ്, മുഫ്തി യഹ്‌യ റാസാ, മുഫ്തി മുജ്തബ ശരീഫ്, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, ഡോ.മുഹമ്മദ് ഫറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, ഇബ്രാഹിം മദനി, സഈദ് നൂരി സാഹിബ് എന്നിവർ സംബന്ധിച്ചു.സമ്മേളനത്തിന്റെ ഭാഗമായി പഠനം, കരിയർ ലോകത്തെ പുത്തനറിവുകൾ പകർന്നു നൽകുന്ന എജ്യുസൈൻ എക്സ്പോയും പുസ്തകമേളയും നഗരിയിൽ സംഘടിപ്പിച്ചിരുന്നു.

ALSO READ: ‘റോബിൻമാർ’ വെട്ടിലായി; ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News