
ടെക് ലോകത്തെ മുടിചൂടാമന്നനാണ് ആപ്പിൾ. എഐ അടക്കമുള്ള പുതുമയേറിയ സാങ്കേതിക വിദ്യകൾ കോർത്തിണക്കിക്കൊണ്ടുള്ള ഗാഡ്ജെറ്റുകളുമായെത്തി തങ്ങളുടെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിൽ ആപ്പിൾ ഒരുപടി മുന്നിലാണെന്ന് പറയാം. എന്നാൽ ഉപയോക്താക്കളുടെ സുരക്ഷയാണ് ഞങ്ങൾക്കെന്നും മുഖ്യമെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന ആപ്പിളിന് ഇതേ നാണയത്തിൽ തന്നെ ഒരെട്ടിൻ്റെ പണി കിട്ടിയിരിക്കുകയാണ് ഇപ്പോൾ. മറ്റാരുമല്ല, ആപ്പിളിൻ്റെ വോയിസ് അസിസ്റ്റൻഡ് സേവനമായ സിരിയാണ് പണി പറ്റിച്ചത്.
ഒറ്റ വാക്കിൽ പറഞ്ഞാൽ സ്വകാര്യതാ ലംഘനമാണ് സംഭവം. സിരി സ്വകാര്യ സംഭാഷണങ്ങൾ അനുവാദമില്ലാതെ കേട്ടുവെന്നും പിന്നീട് ഇതുമായി ബന്ധപ്പെട്ട പരസ്യ ഫീഡുകൾ അടക്കം ലഭ്യമാക്കിയെന്നും ചൂണ്ടിക്കാണിച്ച് ഒരു ഉപയോക്താവ് നൽകിയ പരാതിയാണ് ആപ്പിളിന് വിനയായത്.2023 ഡിസംബറിൽ ഫയൽ ചെയ്ത ലോപ്പസ് – ആപ്പിൾ ഇൻകോർപ്പറേറ്റഡ് എന്ന കേസിലാണ് ഇപ്പോൾ ആപ്പിൾ ഒരു സുപ്രധാന നീക്കം കൂടി നടത്തിയിരിക്കുകയാണ്. കേസ് ഒത്തുതീർപ്പാക്കാൻ തങ്ങൾ 95 മില്യൺ ഡോളർ നൽകാമെന്നാണ് ആപ്പിൾ അറിയിച്ചത്. ഇതോടെ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ സിരി കേട്ടുവെന്ന് ഉപയോക്താക്കളുടെ പക്കൽ തെളിവുണ്ടെങ്കിൽ ആപ്പിൾ നൽകുന്ന നഷ്ടപരിഹാരത്തുക സ്വന്തമാക്കാം.
എന്നാൽ നഷ്ടപരിഹാരത്തുക അങ്ങനെ വെറുതെ നൽകാൻ ആപ്പിൾ തയ്യാറല്ല. പണം ലഭിക്കണമെങ്കിൽ നിങ്ങളുടെ സ്വകാര്യത സിരി ലംഘിച്ചുവെന്നത് അക്കമിട്ട് തെളിവോടെ നിരത്തണമെന്നാണ് ആപ്പിൾ പറയുന്നത്. തീർന്നില്ല,
2014 സെപ്റ്റംബർ 17നും 2024 ഡിസംബർ 31നും ഇടയിൽ യോഗ്യമായ ഒരു ആപ്പിൾ ഡിവൈസ് ആയിരിക്കണം ഉപയോക്താക്കളുടെ കൈയ്യില്‍ ഉണ്ടാകേണ്ടത് എന്നതാണ് ആപ്പിളിൻ്റെ ഒരു നിബന്ധന. നിലവിൽ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ സിരി കൈവശപ്പെടുത്തിയെന്ന് ആപ്പിൾ തന്നെ കണ്ടെത്തിയ ഉപയോക്താക്കൾക്ക് കമ്പനി തന്നെക്ലെയിം കോഡുകളുള്ള ഇമെയിലുകളും പോസ്റ്റൽ സന്ദേശങ്ങളും അയയ്ക്കാൻ തുടങ്ങിയതായാണ് വിവരം. അതേസമയം കമ്പനിയിൽ നിന്നും ഇത്തരം അറിയിപ്പുകൾ ലഭിച്ചിട്ടില്ലെങ്കിൽ ആപ്പിളിൻ്റെ ഔദ്യോഗിക സെറ്റിൽമെന്റ് വെബ്‌സൈറ്റിലേക്ക് പോയി ഉപയോക്താക്കള്‍ക്ക് നഷ്ചപരിഹാരം ക്ലെയിം ചെയ്യാവുന്നതാണ്.2025 ജൂലൈ രണ്ടാണ് ആപ്പിൾ ഇതിനായി ഏർപ്പെടുത്തിയിരിക്കുന്ന പരിധി.
ഒരു കാര്യം കൂടി പറയട്ടെ, നഷ്ടപരിഹാരമെന്ന് കേള്‍ക്കുമ്പോള്‍ കോടികള്‍ കൈയ്യില്‍ കിട്ടുമെന്ന് ആരും വിചാരിക്കരുത്. മുൻപ് സൂചിപ്പിച്ചതുപോലെ ആകെ 95 മില്യൺ ഡോളറാണ് കേസ് ഒത്തുതീര്‍പ്പാക്കാൻ ആപ്പിള്‍ കെട്ടിവെക്കുന്നത്. അതിനാല്‍ ഈ പണം വീതിച്ചായിരിക്കും ഓരോ ഉപയോക്താക്കള്‍ക്കും ആപ്പിള്‍ പണം നല്‍കുക. ഇത് ഏകദേശം ഇരുപത് ഡോളര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ആപ്പിള്‍ ഡിവൈസിലൂടെ സ്വകാര്യതാ ലംഘനം നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തെളിവുകള്‍ കാണിക്കാൻ കഴിഞ്ഞാല്‍ ലഭിക്കുന്ന പണവും കൂടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here