സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഫൈന്‍ആര്‍ട്‌സില്‍ പി ജി പഠനത്തിന് അപേക്ഷിക്കാം

ജന്മവാസനയ്‌ക്കൊപ്പം ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കില്‍ പ്രഫഷണല്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന മേഖലയാണ് ലളിതകലകള്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പരസ്യ രംഗത്തെ കുതിച്ചു ചാട്ടങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം, വെബ്‌സൈറ്റ് രൂപകല്‍പനയിലെ നൂതന വെല്ലുവിളികള്‍, മള്‍ട്ടിമീഡിയയും ഗെയിമിങ്ങുമടക്കമുളള മേഖലകളിലെ പുതുമകള്‍ എന്നിവയൊക്കെ ചേര്‍ന്ന് വിഷ്വല്‍ ആര്‍ട്‌സിന് ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്.

ചിത്രങ്ങളും ശില്പങ്ങളും ഒരു കലാകാരന് തന്റെ ആത്മപ്രകാശനത്തിന്റെ വഴികളാണ്. എന്നാല്‍ അതിനപ്പുറമുളള വാണിജ്യമാനങ്ങള്‍ അവയ്ക്കുണ്ട്. ലളിതകലകളെന്നും പ്രയുക്തകലകളെന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ലളിതകലകള്‍ ജന്മസിദ്ധമായ കഴിവുകളെ ആശ്രയിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന് ഏറെ പ്രാധാന്യമുളള ഇക്കാലത്ത് ഗ്രാഫിക്‌സ്. ആനിമേഷന്‍ രംഗത്തും ഇത്തരക്കാര്‍ക്ക് ശോഭിക്കാം.

ക്രിയാത്മകമായ കഴിവുകളെ നിലവിലെ സാമൂഹിക, സാംസ്‌കാരിക അന്തരീക്ഷത്തില്‍ കൃത്യമായി ഉപയോഗിക്കാന്‍ ശീലിപ്പിക്കലാണ് ആധുനിക കലാപഠനത്തിന്റെ രീതി. കലയെ പ്രൊഫഷണലായി സമീപിക്കുന്ന യുവതലമുറയ്ക്ക് ഉപരിപഠനത്തിലും കരിയറിലും അനേകം അവസരങ്ങളുണ്ട്.

തൊഴിലവസരങ്ങള്‍

അനിമേഷന്‍, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി ആര്‍ട്ട് കണ്‍സള്‍ട്ടന്‍സി വരെ സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ അനവധിയാണ്. സ്വയം സംരംഭങ്ങള്‍ തുടങ്ങാനുളള സാധ്യതകള്‍ പോലുമുണ്ട് ഇതില്‍. മാറുന്ന കാലത്തെ അഭിരുചി വ്യത്യാസങ്ങളെ തിരിച്ചറിയാനും ഉള്‍ക്കൊളളാനും കഴിവുണ്ടെങ്കില്‍ മാര്‍ക്കറ്റിംഗിലും ഒരുകൈ നോക്കാം. വിപണി കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗപ്പെടുത്താം.

ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റ്, ഗ്രാഫിക് ഡിസൈനര്‍, ബ്രാന്‍ഡിംഗ് ഓഫീസര്‍, അനിമേറ്റര്‍, കാര്‍ട്ടൂണിസ്റ്റ്, ഇല്ലസ്‌ട്രേറ്റര്‍, ആര്‍ട്ട് കണ്‍സള്‍ട്ടന്റ്, ആര്‍ട്ട് ഡീലര്‍ എന്നിങ്ങനെ പുതിയ ലോകത്തില്‍ ധാരാളം പുതിയ കരിയറുകള്‍ ഫൈന്‍ ആര്‍ട്‌സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. സിനിമ, ഫോട്ടോഗ്രഫി, തീയേറ്റര്‍, വീഡിയോ പ്രൊഡഷന്‍, എഡിറ്റിംഗ്, ഡിസൈനിംഗ്, പരസ്യം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഫൈന്‍ ആര്‍ട്‌സ് പഠിച്ചവര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്.

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഫൈന്‍ ആര്‍ട്‌സ് പഠിക്കാം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (വിഷ്വല്‍ ആര്‍ട്‌സ്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്.

ALSO READ:‘ദി റിയൽ കേരള സ്റ്റോറി’; ഏതു പ്രതിസന്ധിയിലും ഒന്നിച്ചു നിൽക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 34 കോടിയിലൂടെ മലയാളികൾ

പ്രവേശനം എങ്ങനെ?

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സര്‍വ്വകലാശാലയില്‍ നിന്നും 55% മാര്‍ക്കോടെ (എസ്. സി./എസ്. ടി., ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക്) ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്കോ സര്‍വ്വകലാശാല അംഗീകരിക്കുന്ന മറ്റു സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദം (10+ 2+ 3 പാറ്റേണ്‍) കരസ്ഥമാക്കിയവര്‍ക്കോ അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം പ്രകാരം എല്ലാ കോഴ്സുകളും പൂര്‍ത്തിയായവര്‍ക്കും ഒന്ന് മുതല്‍ നാല് സെമസ്റ്ററുകള്‍ വിജയിച്ച് (എട്ട് സെമസ്റ്റര്‍ പ്രോഗ്രാമിന് ഒന്ന് മുതല്‍ ആറ് സെമസ്റ്ററുകള്‍ വിജയിച്ച്) 2024 ഏപ്രില്‍ / മെയ് മാസങ്ങളില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ 2024 ആഗസ്റ്റ് 31ന് മുന്‍പായി അവസാന വര്‍ഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അവസാന തീയതി ഏപ്രില്‍ 24

ഏപ്രില്‍ 24ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ മെയ് രണ്ടുവരെ ഡൌണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷകള്‍ മെയ് 13 മുതല്‍ 16 വരെ, സര്‍വ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 27ന് റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കും. ജൂണ്‍ 12ന് ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484-2699731.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News