
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും (APSEZ) മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഗ്രൂപ്പും തമ്മിൽ നിർണായക കരാറിൽ മുന്നോട്ട് നീങ്ങാൻ തീരുമാനം. കരാർ പ്രകാരം എം എസ് സി യുടെ കണ്ടെയ്‌നർ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് , വിഴിഞ്ഞം തുറമുഖത്തിന്റെ കൺസഷൻ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി സ്വന്തമാക്കും. ഇതിനായി 1.397 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും. ആവശ്യമായ നിയന്ത്രണ ഏജൻസികളുടെ ഉൾപ്പെടെയുള്ള പതിവ് അനുമതികൾക്ക് വിധേയമായാണ് ഇടപാട് പൂർത്തിയാകുക. ഇതോടെ ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമായി നിക്ഷേപം മാറും. മുണ്ട്ര കണ്ടെയ്‌നർ ടെർമിനൽ നമ്പർ 3-ലും എണ്ണൂർ തുറമുഖത്തും നടന്ന സംയുക്ത സംരംഭങ്ങൾക്ക് പിന്നാലെ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും എംഎസ് സിയും തമ്മിലുള്ള മൂന്നാമത്തെ പ്രധാന സഹകരണമാണിത്.
പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി ഇ യു പിന്നിട്ട ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറിയതോടെ പ്രധാന ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി വളർന്നുവെന്നും എം എസ് സി യുമായുള്ള ഈ വിപുലമായ പങ്കാളിത്തം ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇന്ത്യയുടെ അന്താരാഷ്ട്ര വിപണികളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിൻ്റെ ഹോൾടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.
Also read: പ്രളയത്തിൽ നടുങ്ങി അസാം ; അതീവ ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
നിർണായകമായ ഈ കരാർ തുറമുഖത്തിന്റെ വളർച്ച വേഗത്തിലാക്കാനും, ബംഗ്ലാദേശുമായി ബന്ധപ്പെട്ട ചരക്ക് നീക്കം വർധിപ്പിക്കാനും, കിഴക്കൻ ആഫ്രിക്കൻ വ്യാപാരപാതകളിൽ സാന്നിധ്യം ശക്തിപ്പെടുത്താനും, റിലേ കാർഗോയുടെ അളവ് ഉയർത്താനും സഹായിക്കും. TiL അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്‌നർ ടെർമിനലുകൾ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ടെർമിനൽ ഓപ്പറേറ്റർമാരിൽ ഒന്നാണ്. 2024 ഡിസംബറിൽ കമ്മിഷൻ ചെയ്ത വിഴിഞ്ഞം തുറമുഖം 16 ലക്ഷം TEU ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ഡീപ്-ഡ്രാഫ്റ്റ് മെഗാ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖവുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

