
എസ്എഫ്ഐ 18 -ാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട്ട് വന്നപ്പോൾ, ജീവിതത്തിൽ ആദ്യമായി കടൽ കണ്ട ഒരു വ്യക്തിയുണ്ട്. അഖിലേന്ത്യാ സമ്മേളനത്തിൽ കേന്ദ്രഭരണ പ്രദേശമായ കശ്മീരിനെ പ്രതിനിധീകരിച്ച് എത്തിയ ആഖിബ് യൂസഫ് ആണ് ആ വ്യക്തി. സമ്മേളനത്തിൽ പങ്കെടുത്ത അനുഭവവും, ഒപ്പം കശ്മീർ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചും ആഖിബ് കൈരളി ന്യൂസിനോട് സംസാരിച്ചു
ജീവിതത്തിൽ ആദ്യമായാണ് കശ്മീർ സ്വദേശിയായ ആഖിബ് യൂസഫ് കടൽ കാണുന്നത്. നിലവിൽ എസ്എഫ്ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് കശ്മീർ കുൽഗാം സ്വദേശിയായ ആഖിബ് യൂസഫ്. പഹൽഗാം ഭീകരാക്രമണത്തിൽ തീവ്രവാദികൾക്കെതിരെ പൊരുതി, ടൂറിസ്റ്റുകളുടെ ജീവൻ രക്ഷിച്ച കശ്മീർ സ്വദേശിയായ ആദിൽ ഷായുടെ മരണം, ദേശീയ മാധ്യമങ്ങൾ വേണ്ട വിധത്തിൽ പ്രാധാന്യം നൽകിയില്ലെന്നും ആഖിബ് പറഞ്ഞു. അക്രമങ്ങളും വിഭാഗീയതയും നടമാടുന്ന കശ്മീരിനെ താരതമ്യം ചെയ്യുമ്പോൾ കേരളം മതമൈത്രിയുടെയും യോജിപ്പിൻ്റെയും തുരുത്താണെന്നും ആഖിബ് സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം എസ്എഫ്ഐ 18-ാം അഖിലേന്ത്യാ സമ്മേളനം വിദ്യാർത്ഥി റാലിയോടെ ഇന്ന് സമാപിക്കും. കോഴിക്കോട് കടപ്പുറത്തെ കെ വി സുധീഷ് നഗറിൽ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനം തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, ദേശീയ പ്രസിഡൻ്റ് ആദർശ് എം ബേബി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്, സ്വാഗതസംഘം ചെയർമാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ സംസാരിക്കും. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന റാലിയിൽ കാൽ ലക്ഷം വിദ്യാർത്ഥികൾ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

