തോൽവിയുടെ വക്കിൽ നിന്ന് ചരിത്രത്തിലേക്ക്, അറ്റ്ലാൻ്റയെ പ്രകമ്പനം കൊള്ളിച്ച വിജയം; അർജന്റീന‌യെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ഈജിപ്തിനെതിരായ മത്സരത്തിൽ അർജന്റീനയുടെ ജയത്തിനെതിരെ വിമർശനം ശക്തമാവുകയാണ്. അതേസമയം തന്നെ അർജന്റീനയുടെ വിജയത്തെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.

ഇന്നലത്തെ അർജന്റീനയുടെ വിജയം ഒരു സാധാരണ ഫുട്ബോൾ മത്സര വിജയം മാത്രമായിരുന്നില്ല. മനോധൈര്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അസാധാരണ പാഠമായിരുന്നുവെന്ന് ഇക്ബാൽ ബാപ്പുകുഞ്ഞ് ഫേസ്ബുക്കിൽ പങ്കുവച്ചു.

രണ്ട് ഗോളുകൾക്ക് പിന്നിൽ പോയിട്ടും ഒരു നിമിഷം പോലും കീഴടങ്ങാതെ പൊരുതി മൂന്ന് ഗോളുകൾ തിരിച്ചടിച്ച് നേടിയ വിജയം ഫുട്ബോൾ ലോകത്ത് വീണ്ടും ഒരു സ്പാനിഷ് വാക്കിനെ ഓർമ്മിപ്പിച്ചു — “രെമോന്താദ” (Remontada). സ്പാനിഷിൽ Remontada എന്നത് അസാധ്യമായി തോന്നുന്ന സാഹചര്യത്തിൽ നിന്നുള്ള അതിശയകരമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. ഇന്നലെ അർജന്റീന നടത്തിയ പോരാട്ടം ആ വാക്കിന്റെ യഥാർഥ അർഥം വീണ്ടും ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.

‘രെമോന്താദ’ എന്ന പദം ലോകമെമ്പാടും പ്രശസ്തമായത് 2017-ലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലായിരുന്നു. ആദ്യ പാദത്തിൽ നാല് ഗോളുകൾക്ക് 4-0 പിന്നിലായശേഷം രണ്ടാം പാദത്തിൽ അവസാന നിമിഷങ്ങൾ വരെ പൊരുതി ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവുകളിലൊന്ന് നടത്തി ബാഴ്‌സലോണ പി.എസ്.ജിയെ 6-5 ന് പുറത്താക്കിയപ്പോൾ, ആ വിജയം “ലാ രെമോന്താദ” എന്ന പേരിൽ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടി.

ഇന്നലെ അർജന്റീനയും അതേ സന്ദേശമാണ് നൽകിയത്. സ്കോർബോർഡിൽ പിന്നിലായാലും മത്സരം അവസാനിക്കുന്നതുവരെ പ്രതീക്ഷ അവസാനിക്കുന്നില്ല. പ്രതിസന്ധി എത്ര വലുതായാലും ആത്മവിശ്വാസവും കൂട്ടായ്മയും അവസാന വിസിൽ മുഴങ്ങുന്നതുവരെ പോരാടാനുള്ള മനസ്സും ഉണ്ടെങ്കിൽ, തോൽവിയുടെ വക്കിൽ നിന്ന് പോലും വിജയത്തിലേക്ക് തിരിച്ചുവരാം എന്നതാണ് ‘രെമോന്താദ’ യുടെ സന്ദേശം.
അതുകൊണ്ടാണ് ഇത്തരം മത്സരങ്ങൾ ഫുട്ബോൾ മാത്രമല്ല, ജീവിത സമരങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് പറയുന്നത്. ചില വിജയങ്ങൾ ട്രോഫികൾ നേടും. ചില വിജയങ്ങൾ ചരിത്രത്തിൽ ഒരു പുതിയ “രെമോന്താദ”യായി ജീവിക്കുമെന്ന് ഇക്ബാൽ ബാപ്പുകുഞ്ഞ് ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News