
ബംഗളൂരുവിലെ ഹുബ്ബള്ളി നഗരത്തിൽ കളിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് 12 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥി ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു. ഹുബ്ബള്ളി നഗരത്തിലെ ഗുരുസിദ്ധേശ്വര നഗറിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. 14 വയസുകാരനായ ചേതൻ രക്കസാഗിയാണ് കൊല്ലപ്പെട്ടത്. ഏഴാം ക്ലാസുകാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമരിപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നും കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു.
പ്രതിയും ഇരയും അയൽവാസികളാണ്. ഇന്നലെ രാത്രി കളിക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോയി കത്തിയെടുത്തു കൊണ്ടുവന്ന 12 വയസുകാരൻ മുതിർന്ന ചേതനെ കുത്തുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ബഹളം വച്ചു. കുത്തേറ്റ ഉടൻ കുഴഞ്ഞു വീണ കുട്ടിയെ, ബഹളം കേട്ടെത്തിയവർ ഉടൻ ഹുബ്ബള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വേനലവധിക്കാലത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കാറുണ്ടായിരുന്നെന്നാണ് പൊലീസിനോട് കുടുംബം പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

