‘ഔറംഗസേബ് പള്ളി പണിതത് കൃഷ്ണജന്മഭൂമിയിലെന്ന വാദം’: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ചോദ്യംചെയ്ത് സോഷ്യല്‍ മീഡിയ

ഔറംഗസേബ് പള്ളി പണിതത് മഥുരയിലെ കൃഷ്ണജന്മഭൂമിയിലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദത്തിനെതിരെ സോഷ്യല്‍ മീഡിയ. നസൂല്‍ കുടിയാന്‍മാരുടെ അധീനതയില്‍ അല്ലായിരുന്ന കത്ര കുന്നില്‍ കേശവദേവ ക്ഷേത്രം നിലനിന്നിരുന്നുവെന്നും എന്നാല്‍ ഈ ക്ഷേത്രം പൊളിച്ച് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് പള്ളി പണിതുവെന്നുമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നത്. യുപിയിലെ മെയിന്‍പുരി സ്വദേശിയായ അജയ് പ്രതാപ് സിംഗ് നല്‍കിയ വിവരാവകാശ പരാതിക്കാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഈ വിധത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന കേശവദേവ് ക്ഷേത്രം പൊളിച്ചുമാറ്റിയതിനെപ്പറ്റിയും അജയ് സിംഗ് വിവരാവകാശ പരാതിയില്‍ ചോദിച്ചിരുന്നെങ്കിലും എഎസ്ഐ ഇതിന് പ്രത്യേകം മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ തര്‍ക്കഭൂമിയിലെ കേശവദേവ് ക്ഷേത്രം മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബ് പൊളിച്ചുമാറ്റിയിട്ടുണ്ടെന്നാണ് എഎസ്ഐ വാദം. കൃത്യമായ ശാസ്ത്രീയ രേഖകള്‍ മുമ്പോട്ടുവെക്കാതെ എഎസ്‌ഐ നല്‍കുന്ന വിവരത്തില്‍ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ചത്.

ALSO READ:കാനഡയിലെ ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ഇന്ത്യന്‍ വംശജന്‍ പിടിയില്‍

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നേരത്തേ ശ്രീരാമ ക്ഷേത്രമായിരുന്നെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ കെ കെ മുഹമ്മദ് വാദിച്ചിരുന്നത്. സുപ്രീം കോടതിയിലും സമാനവാദം ഉയര്‍ത്തിയിരുന്നുവെങ്കിലും ശാസ്ത്രീയ രേഖകള്‍ സമര്‍പ്പിക്കാന്‍ എഎസ്‌ഐക്ക് കഴിഞ്ഞിരുന്നില്ല. അയോധ്യ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി എഎസ്‌ഐയെ ശകാരിച്ചിരുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് കൃഷ്ണജന്മഭൂമി വിഷയത്തിലും സോഷ്യല്‍ മീഡിയ ആശങ്ക പങ്കുവെക്കുന്നത്.

ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നുവെന്ന്് സോഷ്യല്‍ മീഡിയ പറയുന്നു. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തി പള്ളി പൊളിച്ചു നീക്കണമെന്നുള്ള പൊതുതാത്പര്യ ഹര്‍ജി ഈ മാസമാദ്യം സുപ്രീംകോടതി തള്ളിയിരുന്നു. പള്ളി പൊളിക്കണമെന്ന ആവശ്യം പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും ഹര്‍ജിക്കാരനോട് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നില്ല.

ALSO READ:ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News