
പുനലൂരിലെ അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ പി എസ് സുപാല്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
അരിപ്പയിലെ ഭൂപ്രശനം പരിഹരിക്കാന്‍ പട്ടയ മിഷന്‍ വഴി നടപടികള്‍ സ്വീകരിച്ചിരുന്നു. പുനലൂര്‍ താലൂക്കില്‍ തിങ്കള്‍ക്കരിക്കം വില്ലേജിലെ 94 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി, കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് കൈവശം വച്ചിരുന്ന തങ്ങള്‍ കുഞ്ഞ് മുസലിയാരുടെ അവകാശികളില്‍ നിന്നും 1997ല്‍ തിരികെ ഏറ്റെടുത്തിരുന്നു.
ALSO READ: ‘ജമാഅത്ത് വിഷയത്തിൽ സതീശൻ്റെ അതേ നിലപാടാണോ ഷാജിക്കും മുനീറിനും’; വര്‍ഗീയ ശക്തികള്‍ക്ക് മണ്ണ് ഒരുക്കുന്നത് ആരാണെന്ന് വേഗം മനസ്സിലാകുന്നുവെന്നും സമസ്ത യുവനേതാവ്
ഇതില്‍ നിന്നും 21.54 ഏക്കര്‍ ഭൂമി ചെങ്ങറ ഭൂസമര പുനരധിവാസ പാക്കേജിലുള്‍പ്പെടുത്തി 20 ആദിവാസി കുടുംബങ്ങള്‍ക്കായി ഒരു ഏക്കര്‍ ഭൂമി വീതവും, 1.54 ഏക്കര്‍ ഭൂമി ഈ കുടുംബങ്ങളുടെ പൊതു ആവശ്യത്തിലേക്കും എന്ന നിലയിലുമാണ് മാറ്റിവച്ചത്. അവശേഷിക്കുന്ന ഭൂമിയില്‍ 2013 ജനുവരി മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഭൂരഹിതരായ ആളുകള്‍ കയ്യേറി കുടില്‍ കെട്ടി ഭൂസമരം ആരംഭിച്ചതാണ് അരിപ്പ ഭൂസമരത്തിന്റെ പശ്ചാത്തലം.
അരിപ്പ സമരഭൂമിയില്‍ ആദ്യകാലങ്ങളില്‍ നടത്തിയ വിവരശേഖരണത്തില്‍ വിവിധ സമുദായങ്ങളില്‍പ്പെട്ട 516 കുടുംബങ്ങള്‍ അവിടെ കുടില്‍കെട്ടി താമസിച്ചുവരുന്നതായും ഇതില്‍ 336 പട്ടികജാതിക്കാര്‍, 54 പട്ടിക വര്‍ഗക്കാര്‍, 126 മറ്റ് വിഭാഗക്കാര്‍ എന്നിങ്ങനെ ഉണ്ടെന്ന് കണക്കാക്കിയിരുന്നു. നിലവില്‍ ആകെ കൈവശങ്ങളുടെ എണ്ണം 297 ആണ്. 32 പട്ടികവര്‍ഗ വിഭാഗക്കാരും, 198 പട്ടികജാതി വിഭാഗക്കാരും, മറ്റു വിഭാഗത്തിലുള്ള 67 പേരും ഉണ്ട്. ഇതില്‍ കൊല്ലം ജില്ലയില്‍ നിന്നും 163, തിരുവന്തപുരം – 72, കോട്ടയം – 33, പത്തനംതിട്ട – 22, ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് കൈവശങ്ങള്‍.
ALSO READ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ വ്യാഴാഴ്ച വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും
ഭൂരഹിതരില്ലാത്ത പുനലൂര്‍ എന്ന പദ്ധതിയില്‍ അരിപ്പ സമര ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിയുടെ അധ്യക്ഷയില്‍ വീണ്ടും യോഗം ചേര്‍ന്നത്.
യോഗത്തിലെ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അരിപ്പ ഭൂസമരവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി അവതരിപ്പിക്കും. ധാരണയായാല്‍ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
യോഗത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ ഗീത, കൊല്ലം ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ്, റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍ എല്‍ ഗോപകുമാര്‍, കൊല്ലം ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ബീനാ റാണി, കൊല്ലം ലാന്‍ഡ് റവന്യൂ ജൂനിയര്‍ സൂപ്രണ്ട് വിനോദ്, കൊല്ലം ജില്ലാ സര്‍വെ സൂപ്രണ്ട് എ ഷൈന്‍, പുനലൂര്‍ തഹസില്‍ദാര്‍ അജിത് ജോയി എന്നിവരും പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here