
ക്രിക്കറ്റ് ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി നിലവില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) വന്‍ കുതിപ്പിലാണ് പഞ്ചാബ് കിങ്ങ്‌സ്. ഇതിനകം കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് പട്ടികയില്‍ മുന്‍പന്തിയിലാണ് ടീം. ഞായറാഴ്ച നടന്ന പോരാട്ടത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റിസിനെതിരെ 54 റണ്‍സിന്റെ വന്‍വിജയമാണ് പഞ്ചാബ് കിങ്ങ്‌സ് നേടിയത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പഞ്ചാബ് പടുത്തുയര്‍ത്തിയപ്പോള്‍ 200 റണ്‍സില്‍ ലഖ്‌നൗ നിര പരാജയപ്പെടുകയായിരുന്നു.
മത്സരത്തിനു പിന്നാലെ പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പഞ്ചാബ് കിങ്ങ്‌സിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ഫാസ്റ്റ്ബൗളര്‍ അര്‍ഷദീപ് സിങ്ങിനെ ടീം ഉടമയും ബോളിവുഡ് നടിയുമായിരുന്ന പ്രീതി സിന്റ മൈതാനത്തുവെച്ച് ആലിംഗനം ചെയ്യുകയായിരുന്നു. ഒപ്പം നിറചിരിയോടെ പുറത്ത് പലതവണ തട്ടുകയും ചെയ്തു. ഇതോടെ ആഹ്ലാദം അടക്കാനാകാതെ അര്‍ഷദീപ് കൈകളുയര്‍ത്തി നൃത്തം ചെയ്യുകയായിരുന്നു. ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അതിവേഗം വൈറലായി. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി രംഗത്തുവന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ഋഷഭ് പന്തിന്റെ വിക്കറ്റാണ് അര്‍ഷദീപ് വീഴ്ത്തിയത്.
Also read: തോൽവി സഹിക്കാനായില്ല! വൈറലായി വൈഭവ് സൂര്യവംശിയുടെ കണ്ണീർ
അര്‍ഷദീപിന്റെ ആഹ്ലാദപ്രകടനം കണ്ട് ചിരിയോടെ സമീപത്ത് നില്‍ക്കുന്ന ലഖ്‌നൗ പേസര്‍ മുഹമ്മദ് ഷമിയെയും സാമൂഹികമാധ്യമമായ എക്‌സിലൂടെ പുറത്തുവന്ന വീഡിയോയില്‍ കാണാം. ഇതോടെ മുഹമ്മദ് ഷമിയെ ഒരാള്‍ തമാശരൂപേണ കളിയാക്കുകയും ചെയ്തു. ബോളിവുഡ് സുന്ദരിയായ പ്രീതി സിന്റയില്‍നിന്ന് ഒരു ആലിംഗനം ലഭിക്കാനാണ് മുഹമ്മദ് ഷമി കാത്തുനില്‍ക്കുന്നതെന്നായിരുന്നു വീഡിയോയുടെ താഴെ ഒരാള്‍ കുറിച്ചത്. പ്രീതി സിന്റയുടെ ആലിംഗനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതാണ് ഈ കമന്റെന്നാണ് ആരാധകരുടെ ഭാഷ്യം.
1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും ബോളിവുഡില്‍ തിളങ്ങിനിന്ന നടിയാണ് പ്രീതി സിന്റ. പഞ്ചാബ് കിങ്ങ്‌സിന്റെ സഹഉടമസ്ഥയായ പ്രീതി സിന്റ മത്സരങ്ങളിലെല്ലാം ടീം അംഗങ്ങള്‍ക്ക് പിന്തുണയുമായി മൈതാനത്ത് എത്താറുണ്ട്. ടീമിന്റെ വിജയത്തില്‍ ആര്‍പ്പുവിളിക്കുന്ന പ്രീതി സിന്റയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നതും പതിവാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

