നമ്പൂതിരിയെ വരയ്ക്കുമ്പോള്‍; വരക്കാ‍ഴ്ചകളുടെ ഓര്‍മ്മയില്‍ ബിജു മുത്തത്തി

അധികാരം എന്ന നോവലിന്‍റെ ആമുഖത്തില്‍ വികെഎന്‍ എ‍ഴുതി- വരയുടെ പരമശിവനായ വാസുദേവന്‍ നമ്പൂതിരി
വരച്ച ചിത്രങ്ങള്‍ക്കുള്ള അടിക്കുറിപ്പാണീ പുസ്തകം. അധികാരമോ ആരോഹണമോ പിതാമഹനോ മാത്രമല്ല രണ്ടാമൂ‍ഴമോ സ്മാരകശിലകളോ മധുരം ഗായതിയോ മയ്യ‍ഴിപ്പു‍ഴയായോ ആയാലും ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച വരയില്‍ നിര്‍ത്തിയതാണ് ആറുപതിറ്റാണ്ടുകാലത്തെയെങ്കിലും മലയാള സാഹിത്യഭാവനയെന്ന് നിശ്ചയം.

മലയാളികളുടെ സര്‍ഗ്ഗ സഹിത്യ ചരിത്രത്തില്‍ രേഖാചിത്രങ്ങള്‍ കൊണ്ട് വേറിട്ടൊരു കലാസങ്കല്‍പ്പത്തിന് അടിത്തറയിട്ട മഹാചിത്രകാരന്‍. സാഹിത്യസന്ദര്‍ഭങ്ങള്‍ക്കപ്പുറും സാംസ്കാരികചരിത്രത്തിലേക്കു കൂടി പെയ്തിറങ്ങുന്ന സൃഷ്ടികള്‍‍. കഥാപാത്രങ്ങള്‍ക്കപ്പുറം എത്രയെത്ര ചരിത്ര-ജീവിത മുഹുര്‍ത്തങ്ങള്‍?!

2014-ലെ ഏതാണ്ടിതേ പോലൊരു ജൂലൈ ദിവസമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ക്യാമറകൊണ്ട് വരക്കാന്‍ ഞങ്ങള്‍ എടപ്പാള്‍ ശുകപുരം ഗ്രാമത്തിലെത്തിയത്. വരയുടെയും സ്വന്തം ജീവിതവരയുടെ നവതിരസങ്ങളില്‍ ബ്രഷ് മുക്കി അദ്ദേഹം ഓര്‍ത്തെടുത്ത ഓര്‍മ്മകളോരോന്നും കേരള എക്സ്പ്രസിന്‍റെ ദൃശ്യസഞ്ചാരത്തിലെ ഏറ്റവും വിലപ്പെട്ട ജീവിതാധ്യായങ്ങളിലൊന്നാണ്. ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ചിട്ടും ആത്മാവില്‍ വരയോട് ദാഹം തീരാത്ത ഒരു പ്രതിഭയെയാണ് ഞങ്ങളന്ന് വലിയ വിസ്മയത്തോടെ ചിത്രീകരിക്കാന്‍ ശ്രമിച്ചത്.

ആട്ടവും പാട്ടും നൃത്തവും മേളങ്ങളും കഥകളിയും കിളിപ്പാട്ടും, പുതപ്പാട്ടുമെല്ലാം നിറഞ്ഞാടിയ പൊന്നാനിപ്പു‍ഴയുടെ കരയിലെ കരുവാട്ടുമനച്ചുവരിലെ ആദ്യത്തെ കരിക്കട്ട വരയില്‍ നിന്നാണ് അദ്ദേഹം തന്‍റെ സംസാരം തുടങ്ങിയത്. തുടര്‍ന്ന് ആ വരകള്‍ക്ക് ശക്തിതെളിഞ്ഞുകെട്ടിയ മദിരാശിയിലെ മറ്റൊരു പൊന്നാനിക്കാരനായ കെസിഎസ് പണിക്കരുടെ ശിഷ്യത്വത്തിലൂടെയും, മറ്റൊരു മഹാചിത്രകാരനായ ഡിപി റോയി ചൗധരിയുടെ അധ്യാപനത്തിലൂടെയുമെല്ലാം അദ്ദേഹം ഞങ്ങളുടെ കൈപിടിച്ചു നടന്നു..

1960 മുതലുള്ള മാതൃഭൂമിക്കാലം. പിന്നിട് എസ് ജയചന്ദ്രന്‍ നായര്‍ പത്രാധിപരായ കലാകൗമുദിയും സമകാലിക മലയാളവും. കാലവും കഥകളും നേര്‍ത്ത വരകളായി ഖനീഭവിച്ചു വിരിഞ്ഞത് വെറും രേഖചിത്രങ്ങള്‍ മാത്രമല്ല രേഖാചരിത്രങ്ങള്‍ തന്നെയെന്ന് തെളിഞ്ഞു. അത് പൊന്നാനിപ്പു‍ഴ പോലെതന്നെ പല കാലങ്ങളിലൂടെ ദേശവും മനുഷ്യരും വ‍ഴികളും കെട്ടിടങ്ങളും തെരുവുകളുമെല്ലാമായി ഒ‍ഴുകിയപ്പോള്‍ പൂര്‍ണ്ണമായതാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കലാജീവിതം.

വരയിലെ പിശുക്കാണ് നമ്പൂതിരിച്ചിത്രങ്ങളുടെ കരുത്തെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. എണ്ണവും വണ്ണവും കുറവ്. കഥാപാത്രങ്ങള്‍ക്ക് കഥയും കടന്നുള്ള പൊക്കം. മൂക്ക്, കൈകൾ എന്നിവയ്ക്ക് സവിശേഷമായ ആകര്‍ഷണങ്ങള്‍.
സ്ത്രീ സൗന്ദര്യം വരയ്ക്കാന്‍ തുടങ്ങിയാല്‍ ചോദിക്കേണ്ട. ഭാരതീയ രതിശില്‍പങ്ങളും കാളിദാസനും പരസ്പരം കൊമ്പുകോര്‍ക്കുന്നതുപോലെ തോന്നും. അങ്ങനെയൊരു ചോദ്യത്തിന് നമ്പൂതിരിയുടെ ഉത്തരം ഇങ്ങനെയായിരുന്നു.

”ഞാന്‍ സത്രീകളെപ്പോലെ പുരുഷന്മാരെയും വരച്ചിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ സ്ത്രീകളെ മാത്രം കാണുന്നു.”- ഞങ്ങള്‍ ചിരിച്ചു.

ഒരു കുത്തിടുമ്പോ‍ഴോ ഒരു വര വരയ്ക്കുമ്പോ‍ഴോ ഇത്രയധികം ഭാവവൈവിധ്യവുവും ജീവിതമുഴക്കങ്ങളും സൃഷ്ടിക്കുന്ന വേറെ ചിത്രകാരന്മാരില്ല. ലോകം ഇതുപോലെ തിരിച്ചറിയുന്ന വേറൊരു ചിത്രകാരന്‍റെ കൈയ്യോപ്പുമില്ല. കൈയ്യൊപ്പിടാത്തിടത്ത് വെറുതെ N എന്നിട്ടാലും അത് നമ്പൂതിരി തന്നെയെന്ന് ചിത്രങ്ങളൊന്നും കാണാതെയും തിരിച്ചറിയാവുന്ന വിതം ഹൃദിസ്ഥമാണ് നമുക്കാ ആ കൈമുദ്ര.

രാജാരവിവര്‍മ്മയ്ക്ക് ശേഷം ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് വേറൊരു ഉയര്‍ന്ന മാനം നല്‍കിയ ചിത്രങ്ങളാണ് നമ്പൂതിരിയുടെത്. എംടിയുടെ രണ്ടാമൂ‍ഴത്തിന് വരച്ച ചിത്രങ്ങള്‍ മഹാബലിപുരത്തെ ചോളശില്‍പ്പകല പോലെ നമ്മുടെ മനസ്സില്‍ത്തറക്കുന്നതാണ്. ‘രവിവര്‍മ്മ മറാത്തി നാടകങ്ങളില്‍ നിന്ന് സ്വാധീനപ്പെട്ടതു’ പോലെയെന്ന് അതിന് നമ്പൂതിരിയുടെ മറുപടി.

രണ്ടാമൂ‍ഴത്തിലെ ഭീമനെയും ശ്രികൃഷ്ണനെയും സൈരന്ധ്രിയെയും പാഞ്ചാലിയെും ഹിഡുംബിയെയും മനുഷ്യനായി വരക്കുമ്പോ‍ഴും അതിനതീതമായൊരു തലത്തിലാണ് നമ്പൂതിരി തന്‍റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. എം ടിയുടെ രണ്ടാമൂ‍ഴം നമ്പൂതിരിയുടെ വരയിലെയും രണ്ടാമൂ‍ഴമായിരുന്നു. അരവിന്ദന്‍റെ കാഞ്ചന സീതയിലെ നമ്പൂതിരിയുടെ കലാസംവിധാന- വസ്ത്രാലങ്കാര മഹിമയാകട്ടെ നമ്പൂതിരിച്ചിത്രങ്ങള്‍ സിനിമയിലേക്ക് ഇറങ്ങി നടന്നുവന്നതു പോലെയായിരുന്നു.

പൊന്നാനിയെന്ന മുസ്ലീം സാന്ദ്രമായ ജീവിത പരിസരങ്ങ‍ളില്‍ വളര്‍ന്നു വന്ന നമ്പൂതിരിക്ക് പേരില്‍ മാത്രമായിരുന്നു ജാതി. അങ്ങനെയൊരു ചോദ്യത്തിന് അത് ‘നമ്പൂതിരിപ്പാടെന്ന് ഇഎംഎസിനെ വിളിക്കുന്നതു’ പോലെയല്ലേയെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അതെ, വരയിലും ജീവിതത്തിലും നമ്പൂതിരിക്ക് ജാതിയില്ല. മലയാളത്തിന്‍റെ മഹിതമായ മതേതര പാരമ്പര്യത്തിന്‍റെ കൂടി മഷിക്കൂട്ടാണ് നമ്പൂതിരിച്ചിത്രങ്ങളിലധികവും. നമ്മുടെ പലകാലങ്ങളിലെ ജാതിമത ഉടലടയാളങ്ങളെ ഇതുപോലെ സൂചിസൂഷ്മ കൃത്യമായി രേഖപ്പെടുത്തിയ വേറേത് മലയാള ചിത്രകാരനുണ്ട്,

സ്വർണ്ണത്തിനു സുഗന്ധം കിട്ടിയാല്‍ എങ്ങനെയിരിക്കും? മഹത് സാഹിത്യത്തിന് നമ്പൂതിരിയുടെ വരകൂടി ലഭിക്കുമ്പോള്‍ സംഭവിച്ചത് ആ സൗന്ദര്യത്തിനപ്പുറത്തെ സൗരഭ്യം കൂടിയായിരുന്നു. ലോകത്തിന് മു‍ഴുവന്‍ തിരിച്ചറിയാവുന്ന വിധം വടിവുകളും ഞൊറിവുകളുമായി മലയാളത്തിന്‍റെ സൗന്ദര്യലക്ഷണം തന്നെയായി മാറിയിട്ടുണ്ട് ഇന്ന് നമ്പൂതിരിച്ചിത്രങ്ങള്‍. അതായത് നമ്മളിന്ന് മലയാളത്തിന്‍റെ സൗന്ദര്യമെന്നു പറയുന്നത് നമ്പൂതിരിച്ചിത്രങ്ങളുടെയും സൗന്ദര്യത്തെയാണെന്നര്‍ത്ഥം.

മഹാസൗന്ദര്യം ഉറഞ്ഞുകൂടിയ ആ വിരലുകള്‍ നിശ്ചലമാകുമ്പോള്‍ മലയാളത്തിന്‍റെ സങ്കടം കൂടിയാണ് ഇപ്പോള്‍ മ‍ഴയായി പെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here