കലോത്സവവേദികളെ കെ എസ് യു കലാപവേദികളക്കുന്നത് ഇത് ആദ്യമല്ല; ചോരപുരണ്ട കണക്കുകൾ

മാളയിൽ ഡി സോൺ കലോത്സവത്തിനിടയിൽ കെ എസ് യു നേതാക്കൾ എസ് എഫ് ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് റിമാന്റ് റിപ്പോര്‍ട്ട്.

അതേസമയം, കലിക്കറ്റ്‌ സർവകലാശാലാ ഡി സോൺ കലോത്സവവേദിയെ അക്രമഭൂമിയാക്കി മാറ്റിയ കെ എസ് യു വിന്റെ ആസൂത്രിതനീക്കത്തെ വിമർശിച്ച് ദേശാഭിമാനി മുഖപ്രസംഗം. കൊലയാളികളെ വിശുദ്ധരാക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണകൂടി ഉറപ്പിച്ചാണ്‌ അക്രമിസംഘം ക്യാമ്പസിൽ തമ്പടിച്ചതെന്നും വ്യക്‌തം എന്ന് മുഖപ്രസംഗത്തിൽ വിശദമാക്കുന്നു.

Also read: രണ്ട് വയസുകാരിയുടെ മരണം; വീട്ടിലെ നാലു പേരിലൊരാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പൊലീസ് നിഗമനം

ദേശാഭിമാനി മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗം:

ഇതാദ്യമല്ല കലോത്സവ വേദികളെ കലാപഭൂമിയാക്കുവാൻ കെഎസ്‌യു ശ്രമിക്കുന്നത്‌. തൃശൂർ ഗവ. കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറി ആർ കെ കൊച്ചനിയനെ കെഎസ്‌യുക്കാർ കുത്തിക്കൊന്നത്‌ 1992 ൽ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസിൽവച്ചാണ്‌. ഇതിനുമുമ്പും ശേഷവും കെഎസ്‌യു പലവട്ടം കലാലയങ്ങളെ ചോരയിൽ മുക്കി. കലോത്സവങ്ങൾ നടത്തുന്നതിലെ പിടിപ്പുകേടുകൾക്ക്‌ മറയിടാൻ അക്രമം അഴിച്ചുവിടുന്നത്‌ അവരുടെ പതിവുശൈലിയാണ്‌.

ഇരുമ്പുവടിയും കസേരകളും ഉപയോഗിച്ചാണ്‌ ഡി സോൺ കലോത്സവ സംഘാടനത്തിലെയും ഫലപ്രഖ്യാപനത്തിലെയും പിഴവുകൾ ചൂണ്ടിക്കാട്ടിയവരെ സംഘാടകർ ആക്രമിച്ചത്‌. മാധ്യമങ്ങൾ ഏകപക്ഷീയ ആക്രമണത്തെ എസ്‌എഫ്‌ഐ കെഎസ്‌യു സംഘർഷം എന്നനിലയിലാണ്‌ അവതരിപ്പിച്ചത്‌. ചരിത്രം പരിശോധിച്ചാൽ ക്യാമ്പസുകളിൽ കൊലക്കത്തിയുമായെത്തുന്നതാരെന്ന്‌ മനസ്സിലാകും. തലശേരി ബ്രണ്ണൻ കോളേജിലെ അഷറഫ്‌, ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളേജിലെ ധീരജ്‌, പത്തനംതിട്ട കാതോലിക്കറ്റ്‌ കോളേജിലെ സി വി ജോസ്, പട്ടാമ്പി സംസ്‌കൃത കോളേജിലെ സെയ്‌താലി, പന്തളം എൻഎസ്എസ് കോളേജിലെ ജി ഭുവനേശ്വരൻ തുടങ്ങി എത്രയെത്ര എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ കെഎസ്‌യുവിന്റെ കൊടുംക്രൂരതയ്‌ക്കിരയായത്‌.

Also read: എലപ്പുള്ളി മഴവെള്ള സംഭരണി സന്ദർശിക്കാൻ വി ഡി സതീശനെ ക്ഷണിച്ച് മന്ത്രി എം ബി രാജേഷ്

ഒറ്റപ്പെട്ട സംഭവമല്ല ഡി സോണിലേത്‌. ജനുവരി 23ന്‌ കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ നടന്ന സി സോൺ കലോത്സവത്തിലും എംഎസ്‌എഫ്‌–കെഎസ്‌യു സംഘം എസ്‌എഫ്‌ഐ പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചു. അതിനും ഒരാഴ്‌ച മുമ്പ്‌ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയൻ കാർണിവലിനിടെ ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ ഓഫീസ്‌ എംഎസ്‌എഫ്‌ തല്ലിത്തകർക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്‌തു. ആഴ്ചകൾക്ക് മുൻപ് കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ വോട്ടെണ്ണൽ അട്ടിമറിച്ചു. ഇതേത്തുടർന്ന്‌ വിജയികളെ ചുമതലയേൽക്കാൻ താൽക്കാലിക വിസി അനുവദിച്ചിട്ടില്ല. യൂണിയൻ ചുമതലയേൽക്കാത്തതിൽ കലോത്സവംതന്നെ നടത്താനാകാത്ത സ്ഥിതിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News