‘അന്നവള്‍ നിര്‍ബന്ധം പിടിച്ചു; മാമാ, റെയിന്‍ബോയും, യൂണികോണ്‍ കുതിരേം കൂടി വരയ്ക്കണം’; നോവായി നക്ഷത്ര

മാവേലിക്കരയില്‍ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രക്ക് വേണ്ടി വരച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ചിത്രകാരന്‍. നക്ഷത്രയുടെ വീട്ടില്‍ വരയ്ക്കാന്‍ പോയപ്പോള്‍ റെയിന്‍ബോയും, യൂണികോണ്‍ കുതിരയും വരയ്ക്കാന്‍ നിര്‍ബന്ധം പിടിച്ച നക്ഷത്രയുടെ കുസൃതി പങ്കുവെച്ചായിരുന്നു ചിത്രകാരന്റെ കുറിപ്പ്. മാവേലിക്കര സ്വദേശി രാജേഷ് പങ്കുവെച്ച കുറിപ്പ് വേദനിപ്പിക്കുന്നതാണ്.

Also read- ‘കൊല്ലാന്‍ പ്രത്യേകം മഴു തയ്യാറാക്കി’; മാവേലിക്കരയിലെ ആറ് വയസുകാരിയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

രാജേഷിന്റേ ഫേസ്ബുക്ക് പോസ്റ്റ്

‘മാമാ, റെയിന്‍ബോയും, യൂണികോണ്‍ കുതിരേം കൂടി വരയ്ക്കണം ‘…..
ഇന്നലെമാവേലിക്കരയില്‍ കൊല്ലപ്പെട്ട, ‘നക്ഷത്രമോള്‍’,
കഴിഞ്ഞ മാസം അവളുടെ വീട്ടില്‍ ഞാന്‍ വരയ്ക്കാന്‍ ചെന്നപ്പോള്‍ എന്നോട് നിര്‍ബന്ധം പിടിച്ച് വരപ്പിച്ചതാണിത്. ??
‘പ്രീയപ്പെട്ട കുഞ്ഞേ….
ഇനി നിനക്ക്,
ചിറകുള്ള കുതിരയായി, മഴവില്ലിനുള്ളില്‍ക്കൂടി പറന്നു, പറന്നു നടക്കാമല്ലോ.

Also read- മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മവേലിക്കരയില്‍ കൊലപാതകം അരങ്ങേറിയത്. ആറ് വയസുകാരി നക്ഷത്രയാണ് അച്ഛന്‍ മഹേഷിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് നക്ഷത്രയുടെ മരണത്തിന് കാരണമായത്. ഒറ്റ വെട്ടില്‍ തന്നെ കുട്ടിയുടെ സുഷുമ്നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടിരുന്നു.

നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന മഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിന് ശേഷമാണ് നാട്ടിലെത്തിയത്. ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഇയാളുടെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe