ആര്യൻ ഖാൻ കേസ്;  സമീർ വാങ്കഡെയെ കുടുക്കിയത് കിരൺ ഗോസാവിയുടെ സെൽഫി

 
ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാനായിരുന്നു  സമീർ വാങ്കഡെയുടെ പദ്ധതി. എന്നാൽ പണി  പാളിയത് ഒരു സെൽഫിയിൽ നിന്നാണെന്ന വിവരങ്ങളാണ് എൻസിബിയുടെ വിജിലൻസ് ടീമിൽ നിന്ന് പുറത്ത് വരുന്നത്. ആര്യൻ ഖാനെ ആഡംബര കപ്പലിൽ നിന്ന് അറസ്റ്റ് ചെയ്തതിന് ശേഷം കേസിൽ നിന്ന് ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കവെയാണ് കണക്കുകൂട്ടലുകൾ തെറ്റുന്നത്.
2021 ഒക്ടോബർ 2ന് കോ‍ർഡേലിയ ക്രൂയിസിൽ നടത്തിയ റെയ്‌ഡിൽ കസ്റ്റഡിയിലെടുത്ത 27 പേരിൽ നിന്ന് പലരെയും ഒഴിവാക്കിയാണ് ആര്യൻ ഉൾപ്പടെ 10 പേരായി ചുരുങ്ങിയത്.
ഗോസാവിയുടെ സെൽഫി 
പിന്നീട്, വാങ്കഡെയുടെ അറിവോടെയും അനുവാദത്തോടെയുമാണ് ഷാരൂഖ് ഖാന്റെ മാനേജർ പൂജ  ദദ്‌ലാനിയുമായി ബന്ധപ്പെട്ട് കിരൺ ഗോസാവി പണം ആവശ്യപ്പെടുന്നത് എൻസിബി ഓഫീസറാണെന്ന് ആര്യൻ ഖാനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു  സെൽഫി എടുത്തത്. തുടർന്ന് തന്നെ രക്ഷിക്കണമെന്ന് ഷാരൂഖ് ഖാനോട് ആവശ്യപ്പെടുന്ന  ആര്യന്റെ ഓഡിയോ സന്ദേശവും  ഗോസാവി  റെക്കോർഡ് ചെയ്തു. ഇതിന്റെ ചിത്രങ്ങളും ആര്യന്റെ ശബ്ദ സന്ദേശവും പൂജക്ക് കൈമാറിയായിരുന്നു വിലപേശൽ നടത്തിയത്.
വാദി പ്രതിയായി 
തുടർന്ന്  പൂജ ദദ്‌ലാനി കിരൺ ഗോസാവിയെ  കാണുകയും ചർച്ചകൾക്ക് ശേഷം  18 കോടി രൂപയായി ഡീൽ ഉറപ്പിക്കുകയുമായിരുന്നു. ടോക്കൺ തുകയായി  50 ലക്ഷം രൂപയാണ് കിരൺ ഗോസാവിക്ക് കൈമാറിയത്.   . എന്നാൽ, ഗോസാവി എൻസിബി ഉദ്യോഗസ്ഥനല്ലെന്ന് അറിഞ്ഞതോടെയാണ് കേസ് വഴിമാറിയത്. കിരൺ ഗോസാവിക്കൊപ്പമുള്ള ആര്യൻ ഖാന്റെ ഫോട്ടോകൾ  വൈറലായതും ഇടപാടിനെ  പാളം തെറ്റിച്ചു.
പിന്നീട് ഗോസാവി ദദ്‌ലാനിയെ കാണുകയും ടോക്കൺ തുകയിൽ നിന്ന് 38 ലക്ഷം രൂപ തിരികെ നൽകുകയും ബാക്കി 12 ലക്ഷം രൂപ വാങ്കഡെക്ക് നൽകിയതിനാൽ തിരികെ നൽകാനാകില്ലെന്നും അറിയിച്ചുവെന്നാണ് സി ബി ഐ കണ്ടെത്തിരിയിരിക്കുന്നത്. ഷാരൂഖിന്റെ മാനേജർ ദദ്‌ലാനിയുമായി ഫേസ്‌ടൈം വഴി ഗോസാവി ബന്ധപ്പെട്ടിരുന്നുവെന്നും അതേ സമയം മറ്റൊരു സോഷ്യൽ മീഡിയ ആപ്പ് വഴി എല്ലാ അപ്‌ഡേറ്റുകളും വാങ്കഡെയിലേക്ക് കൈമാറിയിരുന്ന വിവരങ്ങളും സി ബി ഐക്ക് ലഭിച്ചതോടെയാണ് കുരുക്ക് മുറുക്കിയത്.
ആസൂത്രിതമായ നീക്കങ്ങൾ പാളി 
ഗോസാവിയുടെ സ്വകാര്യ വാഹനത്തിൽ ആര്യൻ ഉൾപ്പടെയുള്ളവരെ എൻസിബി ഓഫീസിലേക്ക് കൊണ്ട് വന്നത് ഗൂഢാലോചനയുടെ തെളിവാണെന്നും സി ബി ഐ പറയുന്നു. ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ ആഡംബര കപ്പലിലെ റെയ്‌ഡിൽ കസ്റ്റഡിയിലെടുത്ത പ്രഥമ വിവര റിപ്പോർട്ട് വാങ്കഡെയുടെ സംഘം മാറ്റിയതായും എഫ് ഐ ആറിലുണ്ട്.
അറസ്റ്റിനെ തുടർന്ന് 22 ദിവസം ജയിലിൽ കിടന്ന ആര്യൻ ഖാനെ എൻസിബിയുടെ ഉന്നത തല അന്വേഷണത്തെ തുടർന്നാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി മോചിപ്പിച്ചത്. തുടർന്നാണ് പണം തട്ടിയെടുക്കാൻ സമീർ വാങ്കഡെ കെട്ടിച്ചമച്ച കേസാണെന്ന് ആരോപണമുയർന്നത്. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി വാങ്കഡെയോട് ഡൽഹി സി ബി ഐ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News