
നടിയും അവതാരകയുമായ ആര്യ നടത്തുന്ന ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമ്മിച്ച് വമ്പൻ തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപ നൽകിയാൽ മതിയെന്ന് പരസ്യം നൽകിയാണ് പലരിൽ നിന്നുമായി പണം തട്ടിയെടുത്തത്. സംഭവത്തിൽ താരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഹാറിൽനിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
നിരവധിപേർക്ക് പണം നഷ്ടമായതായിട്ടാണ് വിവരം. തട്ടിപ്പിന് ഇരയായ ആൾ പറഞ്ഞപ്പോഴാണ് നടി ഇതിനെ കുറിച്ച് അറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിന് ഇരയായതായി നിരവധി പേർ തന്നെ ദിവസേനെ വിളിച്ച് പരാതി പറയുന്നതായും താരം വ്യക്തമാക്കി.
ALSO READ: നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ കേസ്
‘കാഞ്ചീവരം’ എന്ന പേരിലുള്ള റീട്ടെെൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് ഈ പേജിലും പങ്കുവച്ചത്. ബന്ധപ്പെടാനായി ഫോൺ നമ്പറും ഉണ്ടാകും. ഇതിൽ വിളിച്ചാൽ ക്യുആർകോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഇതായിരുന്നു രീതി.
പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വന്നപ്പോഴാണ് പലരും തട്ടിപ്പിനിരയായി എന്ന് മനസ്സിലാകുന്നത്. പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. എന്നാൽ പത്തോളം പേജുകൾ തട്ടിപ്പുകാർ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയിൽ നിന്നുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

