
സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും. ആരോഗ്യ, തൊഴില്‍, ധന വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്നതാകും കമ്മറ്റി. ആശ വര്‍ക്കര്‍മാരുടെ സംഘടനകള്‍ ഒറ്റക്കെട്ടായി സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തതോടെ എസ് യു സി ഐയുടെത് രാഷ്ട്രീയ പ്രേരിത സമരമെന്ന ആരോപണം ബലപ്പെടുകയാണ്.
ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ധന, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ ഉണ്ടാകും. മൂന്ന് മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുക. ഓണറേറിയം വര്‍ധനവും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ളവയാകും കമ്മിറ്റിയുടെ പരിഗണന വിഷയങ്ങള്‍.
Read Also: സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിര്‍ത്തണം: കെ.യു.ഡബ്ല്യു.ജെ
കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി വിളിച്ച ട്രേഡ് യൂണിയന്‍ നേതാക്കളുടെയും ആശാവര്‍ക്കര്‍മാരുടെ സംഘടനകളുടെയും യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഒറ്റക്കെട്ടായി സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തു. എന്നാല്‍ സമരം ചെയ്യുന്ന മറ്റുള്ളവരുമായി ആലോചിച്ച് നിലപാട് അറിയിക്കാം എന്നായിരുന്നു യോഗത്തില്‍ എസ് യു സി ഐ വ്യക്തമാക്കിയത്. തുടര്‍ന്ന് പുറത്തിറങ്ങിയ എസ് യു സി ഐ നേതാക്കള്‍ ഉടനെ നിലപാട് മാറ്റി. മന്ത്രി ആവശ്യമെങ്കില്‍ ചര്‍ച്ചയ്ക്ക് വിളിക്കട്ടെ എന്നായിരുന്നു എസ് യു സി ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ചര്‍ച്ച കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നിര്‍ദേശത്തിലെ അഭിപ്രായം നേതാക്കള്‍ മന്ത്രിയെയോ മന്ത്രിയുടെ ഓഫീസിനെയോ അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ ആശമാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും സമരം അവസാനിപ്പിക്കാത്തത് സമരസമിതിയിലെ ചിലര്‍ക്കും വിയോജിപ്പുണ്ട്. നിലവില്‍ നടക്കുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം ബലപ്പെടുത്തുന്നതാണ് നേതൃത്വത്തിന്റെ നിലപാട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here