
തീയറ്ററിൽ ഇറങ്ങുന്ന സിനിമകളുടെ റിവ്യൂ വിഡിയോകൾ കണ്ടതിനു ശേഷം പോയി സിനിമ കാണുന്നവരുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം യൂട്യൂബ് സിനിമാ റിവ്യൂവർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് എത്തിയിരുന്നു. ആദ്യഷോയ്ക്ക് പിന്നാലെ യൂട്യൂബർമാർ ചിത്രത്തിന്റെ കഥ വെളിപ്പെടുത്തിയെന്നും നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർമാരിൽ ഒരാൾ തന്നോട് ഒരുലക്ഷം രൂപ ചോദിച്ചെന്നുമാണ് അങ്കം അട്ടഹാസത്തിൻറെ നിർമാതാവ് അനിൽ കുമാർ ആരോപിച്ചത്. മാധവ് സുരേഷിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അണിയറ പ്രവർത്തകരുടെ ആരോപണങ്ങൾ. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് യൂട്യൂബർ അശ്വന്ത് കോക്ക്.
മാധവ് സുരേഷിനെതിരെയാണ് അശ്വന്ത് കോക്കിൻറെ വിമർശനം. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഓൺ റെക്കോർഡിൽ പറയുകയാണെന്നും ഇതിന് തെളിവുണ്ടോ എന്നും അശ്വന്ത് ചോദിക്കുന്നു. ഇത്തരം കാര്യങ്ങളിൽ താൻ സാധാരണ പ്രതികരിക്കാറില്ല എന്നും പറയുമ്പോൾ മിനിമം മര്യാദ വേണം, ഒരു ലക്ഷം രൂപ കേരളത്തിലെ എല്ലാവർക്കും കൊടുത്താലും ആരും പടം കാണില്ല എന്നും ഇത് കണ്ട അവസ്ഥ എനിക്കേ അറിയൂ എന്നുമാണ് അശ്വന്ത് വിഡിയോയിൽ പറയുന്നത്.
ALSO READ: അതൊരു നാക്കുപിഴ; ജസ്പ്രീത് ബുംറയോട് മാപ്പുപറഞ്ഞ് രാംചരൺ
‘എൻറെ ആൾക്കാരാണ് ബന്ധപ്പടുന്നതെന്നാണ് പറയുന്നത്. എനിക്ക് വേറെ ആൾക്കാരില്ല. എനിക്കിത്രയും പൈസ ആവശ്യമില്ല. 10 പൈസ ഒരു മനുഷ്യൻറെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല. ഒരാളുടെ അടുത്ത് നിന്ന് കാലി ചായ വാങ്ങി കുടിക്കാത്ത ആളാണ്. ഒരു തെളിവ് വേണ്ടെ, എടാ മാധവ് സുരേഷേ.. തെളിവ് എവിടെ’ എന്നും വീഡിയോയിലൂടെ അശ്വന്ത് ചോദിക്കുന്നു.
ഒരു കാലത്ത് സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ഫാനാണ് ഞാൻ. നിനക്ക് ഉളുപ്പുണ്ടോ എന്നെ കുറിച്ച് പറയാൻ. പൈസ വാങ്ങിയതിന് തെളിവ് കാണിച്ചാൽ സോഷ്യൽ മീഡിയ പരിപാടി നിർത്തും എന്നും ഇദ്ദേഹം പറയുന്നു. വക്കീലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസ് ഫയൽ ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു.
അശ്വന്ത് കോക്ക് പണം വാങ്ങിയാണ് റിവ്യൂ ചെയ്യുന്നതെന്നും അശ്വന്ത് ഉണ്ടാക്കിയ നഷ്ടം ചെറുതല്ലെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ ആരോപണങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

