ട്രെയിന്‍ അപകടം: രാജിവെച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി അടയാളപ്പെടുത്തിയത് അശ്വിനി വൈഷ്ണവിന് ഓര്‍മ്മയുണ്ടോ?

ആര്‍ രാഹുല്‍

1956 ആഗസ്റ്റില്‍ ആന്ധ്രാപ്രദേശിലെ മഹ്ബൂബ്‌നഗറില്‍ 112 പേര്‍ മരിച്ച ഒരു ട്രെയിന്‍ അപകടം ഉണ്ടായി. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ റെയില്‍വേ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് രാജിക്കത്ത് നല്‍കി. എന്നാല്‍ ആ രാജി സ്വീകരിക്കാന്‍ നെഹ്രു തയ്യാറായില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം 1956 നവംബറില്‍ തമിഴ്നാട്ടിലെ അരിയല്ലൂരില്‍ വീണ്ടും ഒരു റെയില്‍വേ അപകടമുണ്ടായി. ഈ ദുരന്തത്തില്‍ 144 പേര്‍ മരിച്ചു. ശാസ്ത്രി ഉടന്‍ തന്നെ പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയും, അത് നേരത്തെ അംഗീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഈ രണ്ടാമത്തെ രാജി രാജ്യവ്യാപകമായി ചര്‍ച്ചയായി. ‘ഞാന്‍ വഹിക്കുന്ന ചുമതലയില്‍ നിന്ന് ഞാന്‍ ‘നിശബ്ദമായി ‘ രാജിവെച്ചാല്‍ , അത് എനിക്കും സര്‍ക്കാരിനും മൊത്തത്തില്‍ നല്ലതായിരിക്കും’ രാജിക്കത്തില്‍ ശാസ്ത്രി പറഞ്ഞ് ഇപ്രകാരമായിരുന്നു.

ഇത് തനിക്ക് ബുദ്ധിമുട്ടുള്ള തീരുമാനമാണെന്ന് ലോക്സഭയില്‍ നെഹ്രു പറഞ്ഞു. ശാസ്ത്രിയോട് തനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ടെന്നും ഭരണഘടനാപരമായ ഔചിത്യത്തിന്റെ വിശാലമായ വീക്ഷണകോണില്‍ നമ്മള്‍ ഇതില്‍ മാതൃക കാണിക്കണം. രാജ്യത്ത് എന്ത് സംഭവിച്ചാലും അത് നമ്മളെ ബാധിക്കാതെ മുന്നോട്ട് പോകുമെന്ന് ആരും കരുതരുതെന്നും അന്ന് നെഹ്രു ലോക്‌സഭയില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ രാജി സ്വീകരിച്ചാല്‍ അത് ഭരണഘടനാപരമായ ഔചിത്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും നെഹ്രു പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സൂചന നല്‍കിയതിന് ശേഷമായിരുന്നു ശാസ്ത്രിയുടെ രാജി അദ്ദേഹം സ്വീകരിച്ചത്.

രാജിക്കത്ത് സ്വീകരിക്കാന്‍ നെഹ്രു തയ്യാറാണെന്ന സൂചന ലഭിച്ചപ്പോള്‍ ശാസ്ത്രിയുടെ രാജി സ്വീകരിക്കരുത് എന്ന് മുപ്പത് എംപിമാര്‍ നെഹ്രുവിനോട് അഭ്യര്‍ത്ഥിച്ചു. രാജി സന്നദ്ധത അറിയിച്ച ശാസ്ത്രിയെ അഭിനന്ദിക്കേണ്ടതുണ്ടെങ്കിലും അപകടത്തിന് വ്യക്തിപരമായി ഉത്തരവാദിയല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്. സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായത്, റെയില്‍വേ ബോര്‍ഡ് ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ ദുരന്തത്തിന് ഉത്തരവാദിത്വം ഭരണത്തിന് ചുമതലയുള്ള രാഷ്ട്രീയ നേതൃത്വമല്ല ഏറ്റെടുക്കേണ്ടത് മറിച്ച് ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് പാര്‍ലമെന്റംഗങ്ങള്‍ വാദിച്ചു.

എന്നാല്‍ ശാസ്ത്രി ആ ന്യായീകരണത്തിന് മുന്നില്‍ ഒന്നും വഴങ്ങിയില്ല. നെഹ്രു, രാജി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറി. ഈ വിഷയത്തില്‍ ലോക്സഭയില്‍ സംസാരിച്ച നെഹ്റു ഇങ്ങനെ വിശദീകരിച്ചു. ഈ കത്ത് ലഭിച്ചപ്പോള്‍ ശാസ്ത്രിയുടെ മനസ്സിന്റെ വലിയ വിഷമവും അദ്ദേഹം ചുമക്കുന്ന ഭാരവും കണ്ടു. ഞാന്‍ ഇന്നലെ രാത്രിയും ശാസ്ത്രിയോട് സംസാരിച്ചു. പിന്നീട് ഞാന്‍ അതിനെക്കുറിച്ച് വീണ്ടും ചിന്തിച്ചു. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നതാണ്, റെയില്‍വേ മന്ത്രി അപകടത്തിന് ഉത്തരവാദിയായതു കൊണ്ടല്ല എന്നായിരുന്നു.

ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചെറിയ മനുഷ്യന് രാജ്യത്തിന്റെ ഭരണഘടനയോടുള്ള വിശ്വസ്തതയും താന്‍ വഹിച്ച പദവിയോടുള്ള അര്‍പ്പണബോധവും കൊണ്ടാണ് രാജി സമര്‍പ്പിച്ചത്. ഇത്തരം മൂല്യങ്ങള്‍ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അന്യം നിന്ന് പോകുന്ന കാലത്ത് ശാസ്തിയുടെ രാജി ഓര്‍മ്മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അര്‍പ്പണബോധമുള്ള ഒരു മനുഷ്യന്‍, മനസ്സാക്ഷിയുള്ള മനുഷ്യന്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന മാതൃക നമുക്ക് നല്‍കുകയായിരുന്നു ശാസ്ത്രി. മനഃസാക്ഷിയുള്ള ഒരു മനുഷ്യന്‍ തന്റെ ചുമതലയില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോഴെല്ലാം അയാള്‍ക്ക് ആഴത്തില്‍ ദുഖം തോന്നുകയും ശാസ്ത്രിയുടെ വാചകത്തില്‍ പറഞ്ഞാല്‍ ‘നിശബ്ദനായി’ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യും.

ശാസ്ത്രിക്ക് ശേഷം മുമ്പ് സൂചിപ്പിച്ചതിനേക്കാള്‍ വലിയ ടെയിന്‍ അപകടങ്ങള്‍ നടന്നു. എത്ര റെയില്‍വേ മന്ത്രിമാര്‍ രാജിവെച്ചു? എന്നതും ഇപ്പോള്‍ പ്രസക്തമാണ്. ബാലസോര്‍ ദുരന്തത്തിന്റെ ഒന്നാം ഘട്ടത്തിന് ശേഷവും വീഴ്ചയുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ വന്ന സ്ഥിതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനിവൈഷ്ണവ് രാജിവെക്കും എന്ന അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 280 പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞിരിക്കുന്നത്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകള്‍ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. സിഗ്‌നലിംഗ് സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാനും റെയില്‍വേയ്ക്ക് കഴിഞ്ഞില്ല എന്നതും റെയില്‍വേ മന്ത്രാലയം തന്നെ അംഗീകരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു മനുഷ്യന്‍ മുമ്പ് ഇവിടെ ജീവിച്ചിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തേണ്ടത് ഭരണാധികാരികള്‍ ഭരണഘടനയും ഭരണഘടനാ പദവിയും ദുരുപയോഗം ചെയ്യുന്ന ഈ കെട്ടകാലത്ത് ഒരു അനിവാര്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News