ഏഷ്യാ കപ്പ് ക്രിക്കറ്റ് ഷെഡ്യൂള്‍ ഈയാഴ്ച പുറത്തിറക്കും

ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഷെഡ്യൂള്‍ ഈയാഴ്ച പുറത്തിറക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ നടക്കുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ സംബന്ധിച്ച് ആതിഥേയരായ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ടീം ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്താന്‍ കഴിയില്ലെന്നാണ് ബിസിസിഐ നിലപാട്.

Also Read: ഇന്ത്യൻ രുചികളിലൂടെ ചെറുകിട വിപണികൾ കീഴടക്കാനൊരുങ്ങി പിസാ ഹട്ട്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് നജാം സേഥി ഉണ്ടായിരുന്ന ഘട്ടത്തില്‍ 9 മത്സരങ്ങള്‍ ശ്രീലങ്കയിലും നാലു മത്സരങ്ങള്‍ പാക്കിസ്ഥാനിലും നടത്താമെന്ന് നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍ പകരക്കാരനായി മുഹമ്മദ് സാക്കാ അഷ്‌റഫ് എത്തിയതോടെ ഹൈബ്രിഡ് സ്‌റ്റൈല്‍ പറ്റില്ലെന്ന നിലപാടിലാണ്. ഏതൊക്കെ മത്സരങ്ങള്‍ എവിടെയൊക്കെ വേണമെന്ന തര്‍ക്കം നിലനില്‍ക്കുന്നത് പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലാണെങ്കിലും തീരുമാനം വൈകുന്നതിന് കാരണം ഇന്ത്യ- പാക്കിസ്ഥാന്‍ വൈരം തന്നെ. ഇന്ത്യന്‍ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്താന്‍ കഴിയില്ലെന്ന ബിസിസിഐ നിലപാട് അവസാന വട്ട ചര്‍ച്ചകളിലും സെക്രട്ടറി ജെയ്ഷാ പറഞ്ഞുറപ്പിച്ചുകഴിഞ്ഞു. ഷെഡ്യൂളിനെ പറ്റി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഈയാഴ്ച ഷെഡ്യൂള്‍ പുറത്തിറങ്ങുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പത്രക്കുറിപ്പ്. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം ശ്രീലങ്കയിലെ ദാംബുള്ളയില്‍ നടക്കാനാണ് സാധ്യത.

Also Read: ഇന്ത്യയിലെ ആഫ്രിക്കന്‍ ഗ്രാമം, അറബ് അധിനിവേശത്തിന്റെ ഭാഗമായി ആദ്യമായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ വംശജര്‍

ക്രിക്കറ്റില്‍ ഏഷ്യയിലെ പ്രബലരായ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഒപ്പം നേപ്പാളും പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഒന്നിടവിട്ട് വണ്‍ഡേ, ട്വന്റി20 ഫോര്‍മാറ്റില്‍ അവതരിപ്പിക്കപ്പെടുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഇത്തവണ ഏകദിന ശൈലിയാണ് സ്വീകരിക്കുന്നത്. ഷെഡ്യൂളില്‍ സമവായമായാല്‍ ഉദ്ഘാടന മത്സരം പാക്കിസ്ഥാനിലും, ഇന്ത്യന്‍ മത്സരങ്ങള്‍ പൂര്‍ണമായും ശ്രീലങ്കയിലും ഫൈനല്‍ വേദിയില്‍ പിന്നീട് തീരുമാനം എന്ന നിലയ്ക്കും വാക്കുറപ്പിച്ചേക്കും. പക്ഷേ, ഇന്ത്യന്‍ നിലപാടും പാക്കിസ്ഥാന്റെ കടുംപിടിത്തവും ഇതേ പടി തുടര്‍ന്നാല്‍ ഇന്ത്യ അടക്കമുള്ളവരുടെ ബഹിഷ്‌കരണത്തിലേക്കും വഴിമാറിയേക്കാം. എങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും തര്‍ക്കങ്ങളും ബഹിഷ്‌കരണങ്ങളും പ്രതിഫലിച്ചേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here