ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത കേസില്‍ അന്വേഷണ സംഘം കണ്ണൂരിലെത്തി തെളിവെടുത്തു

ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത കേസില്‍ അന്വേഷണ സംഘം കണ്ണൂരിലെത്തി തെളിവെടുത്തു. മൂന്ന് ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യഥാര്‍ത്ഥ പെണ്‍കുട്ടിയുടെ അഭിമുഖം എടുത്ത മറ്റ് മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേസില്‍ പ്രതികളായ 4ഏഷ്യാനെറ്റ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പോക്‌സോ കോടതി ശനിയാഴ്ച വിധി പറയും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസില്‍ കോഴിക്കോട് നിന്നുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തിയാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെഴുത്തത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയ പെണ്‍കുട്ടിയുടെ ആദ്യ വീഡിയോദൃശ്യങ്ങള്‍ മറ്റു മാധ്യമങ്ങള്‍ക്കായി ചിത്രീകരിച്ച മൂന്ന് ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് വെള്ളയില്‍ സിഐ, വി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. സംഭവം നടക്കുന്ന കാലയളവില്‍ കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ആയിരുന്ന ചക്കരക്കല്‍ സിഐ ശ്രീജിത്ത് കോടേരിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.

വ്യാജ വാര്‍ത്ത ചമച്ച കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ശനിയാഴ്ച കോഴിക്കോട് പോക്സോ കോടതി വിധി പറയും. ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് അടക്കം 4 പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഇവര്‍ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

കുട്ടികളെ ഉപയോഗിച്ച് നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യല്‍ വകുപ്പ് കൂടി ചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 83(2) ജാമ്യമില്ലാ വകുപ്പാണ്. പി വി അന്‍വര്‍ എംഎല്‍എയാണ് വ്യാജ വീഡിയോ കേസില്‍ ഏഷ്യനെറ്റ് ന്യൂസിനെതിരെ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News