ജമായത്തെ ഇസ്ലാമിക്ക് യുഡിഎഫില്‍ ഔപചാരികമായി പ്രവേശനം ലഭിച്ചിരിക്കുന്നു: പരിഹാസവുമായി അശോകന്‍ ചരുവില്‍

ജമായത്തെ ഇസ്ലാമിക്ക് (വെല്‍ഫെയര്‍ പാര്‍ടി) യു.ഡി.എഫില്‍ ഔപചാരികമായി (അസോസിയേറ്റഡ് മെമ്പര്‍ഷിപ്പ്!) പ്രവേശനം ലഭിച്ചിരിക്കുന്നുവെന്ന് അശോകന്‍ ചരുവില്‍. നിലമ്പൂര്‍ ഉപതെരഞെടുപ്പ് ഘട്ടത്തിലാണ് ഈ പ്രവേശനം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലീഗിനെ മെരുക്കാന്‍ ജമായത്തെ ഇസ്ലാമി.
ജമായത്തെ ഇസ്ലാമിക്ക് (വെല്‍ഫെയര്‍ പാര്‍ടി) യു.ഡി.എഫില്‍ ഔപചാരികമായി (അസോസിയേറ്റഡ് മെമ്പര്‍ഷിപ്പ്!) പ്രവേശനം ലഭിച്ചിരിക്കുന്നു. നിലമ്പൂര്‍ ഉപതെരഞെടുപ്പ് ഘട്ടത്തിലാണ് ഈ പ്രവേശനം ഉണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ജമായത്തെ ഇസ്ലാമിയുടെ തുറന്ന പിന്തുണ ആര്യാടന്‍ ഷൗക്കത്തിന് ദോഷകരമായിട്ടാണ് ഭവിക്കുക. അക്കാര്യം കോണ്‍ഗ്രസ്സിനും അറിയാം. പക്ഷേ ഈ മുന്നണി ബാന്ധവം ഇനിയുള്ള കാലത്ത് കോണ്‍ഗ്രസിന് ആവശ്യമുണ്ട്. നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
യു.ഡി.എഫ് മുന്നണിയിലെ പ്രധാനകക്ഷി കോണ്‍ഗ്രസ് ആണെന്നാണല്ലോ പൊതുധാരണ. എന്നാല്‍ അതൊരു ധാരണ മാത്രമാണെന്നും സത്യമതല്ലെന്നും എല്ലാവര്‍ക്കും അറിയാം. ജനപിന്തുണയുടെ കാര്യത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് ഇന്ന് കോണ്‍ഗ്രസ്സിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. 2026ല്‍ പ്രതിപക്ഷനേതൃസ്ഥാനം കോണ്‍ഗ്രസ്സിനു ലഭിക്കണമെങ്കില്‍ ലീഗ് കനിയേണ്ടി വരും. ലീഗിനെ മെരുക്കാനും ഭീഷണിപ്പെടുത്താനും അനുനയിപ്പിക്കാനും സ്വന്തം കയ്യിലെ ഒരായുധമായിട്ടായിരിക്കും കോണ്‍ഗ്രസ് ജമായത്ത് ഇസ്ലാമിയെ ഉപയോഗിക്കുക.
മുസ്ലീംസമുദായത്തിന്റെ പിന്തുണ തേടിക്കൊണ്ടാണ് ലീഗും ജമായത്തെ ഇസ്ലാമിയും പ്രവര്‍ത്തിക്കുന്നത്. പക്ഷേ ആശയപരമായി വലിയ അന്തരമാണ് ഇവര്‍ക്കു തമ്മിലുള്ളത്. ഹിന്ദുമതരാഷ്ട്രവാദം മുന്നോട്ടു വെക്കുന്ന ആര്‍.എസ്.എസിന്റെ മറുവശമാണ് ജമയാത്ത് ഇസ്ലാമി. ഏറെ കാലമായി രംഗത്തുണ്ടെങ്കിലും ജനാധിപത്യബോധവും സമാധാനകാംഷയും പുലര്‍ത്തുന്ന കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിനിടയില്‍ അവര്‍ക്ക് ഒരു സ്വാധീനവും ഉണ്ടാക്കാനായിട്ടില്ല. എന്നാല്‍ ലീഗിന് നല്ല ജനപിന്തുണയുണ്ട്. വര്‍ഗ്ഗീയതയും തീവ്രവാദവും മുന്നോട്ടുവെച്ച് യുവാക്കളെ ലീഗില്‍ നിന്ന് അടര്‍ത്തി മാറ്റാനാണ് ഇസ്ലാമി പരിശ്രമിക്കുന്നത്. സത്യത്തില്‍ ഈ ഭീഷണിക്കുമുന്നില്‍ കുറച്ചുകാലമായി ലീഗ് പരിഭ്രമത്തിലാണ്.
ജനപിന്തുണയില്ലെങ്കിലും അടവുനയതന്ത്രങ്ങളില്‍ വലിയ സാമര്‍ത്ഥ്യമാണ് ജമായത്തെ ഇസ്ലാമിക്കുള്ളത്. ആര്‍.എസ്.എസ്. ഉള്‍പ്പടെ മതരാഷ്ട്രീയം പുലര്‍ത്തുന്ന മറ്റു സംഘങ്ങളേപ്പോലെ വേഷപ്രച്ഛന്നരാകാനും കള്ളംപറയാനും അവര്‍ക്ക് വലിയ വൈദഗ്ദ്യമുണ്ട്. ആര്‍.എസ്.എസ് ഗോഡ്‌സയെ മറച്ചുപിടിക്കുന്നതുപോലെ ആവശ്യമായ ഘട്ടത്തില്‍ അവര്‍ മൗദൂദിയേയും മറച്ചുപിടിക്കാറുണ്ട്.
എന്തായാലും തുടര്‍നാളുകളില്‍ മുസ്ലീംലീഗിന് വലിയ ഭീഷണിയായിരിക്കും യു.ഡി.എഫിലെ അവരുടെ സാന്നിദ്ധ്യം.
അശോകന്‍ ചരുവില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News