
തിരുവനന്തപുരം ടെക്നൊപാർക്കിലെ ഒരു കമ്പനി ഉണ്ടാക്കിയ ഉപഗ്രഹം സ്‌പെയ്‌സ് എക്സിന്റെ റോക്കറ്റിൽ ബഹിരാകാശത്തേക്ക്. സംഭവത്തെ പറ്റിയും ഹെക്സ് 20 എന്ന കമ്പനിയെ പറ്റിയും മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് പങ്കുവെച്ച പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നമ്മുടെ നാട്ടിലെ മിക്കവാറും മാധ്യമങ്ങൾ മണലുകൊണ്ട് കയറുപിരിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെ നാട്ടിൽത്തന്നെ വേറെ ഒരു കാര്യം സംഭവിച്ചു.
തിരുവനന്തപുരം ടെക്നൊപാർക്കിലെ ഒരു കമ്പനി, ഹെക്സ് 20, ഒരു ചെറിയ ഉപഗ്രഹമുണ്ടാക്കി, കഴിഞ്ഞ 15-ആം തിയതി എലോൺ മസ്കിന്റെ സ്‌പെയ്‌സ് എക്സിന്റെ റോക്കറ്റിൽ കയറ്റിവിട്ടു. അതിൽ ഒരു ജർമ്മൻ കമ്പനിയുടെ പേലോഡുണ്ട്. തിരുവനന്തപുരത്തെ മരിയൻ കോളേജിൽ അവർ ഒരു കൺട്രോൾ റൂമുണ്ടാക്കി; അവിടെനിന്നു സിഗ്നലുകൾ ശേഖരിച്ചു. ഇനി ഡേറ്റ പ്രോസസ്സ് ചെയ്തു അവരുടെ ക്ലയന്റിന് കൊടുക്കും. ഇന്ത്യയിൽ, സ്വകാര്യമേഖലയിൽ ഇങ്ങനെയൊരു കാര്യം ഇതാദ്യമായാണ്!
Also Read: എന്താണ് പൊയ്, എന്താണ് നിജം; കുട്ടികളുടെ ഓൺലൈൻ ഇടപെടലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് പൊലീസ്
ഇപ്പോൾ വിക്ഷേപിച്ചത് ഒരു ചെറിയ ഉപഗ്രഹമാണ്; വലിയ പരിപാടികൾക്ക് അവർക്കു പ്ലാനുണ്ട്; ഓർഡർ ബുക്ക് നിറയെ ആവശ്യക്കാരുണ്ട്.
അഞ്ചുപേരാണ് കമ്പനിയുടെ സംരംഭകർ, അഞ്ചുപേരും തിരുവനന്തപുരത്തുകാർ, നാലുപേർ സി ഇ ടി യിൽ പഠിച്ചവർ, രാജ്യത്തും വിദേശത്തുമുള്ള സ്‌ഥാപനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർ.
ഐ എസ് ആർ ഓ തിരുവനന്തപുരത്ത് സൃഷ്ടിച്ചുവച്ച ഒരു അന്തരീക്ഷമുണ്ട്; മികച്ച വെണ്ടർമാരുടെ ഒരു നിരയാണ് അതിൽ പ്രധാനപ്പെട്ടത്. അതുപയോഗിച്ചാണ് ഹെക്സ് 20 യിലെ എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും അവരുടെ ഉപഗ്രഹങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്; കൂടുതൽ ചെയ്യാൻ പ്ലാനിടുന്നത്. ഒപ്പം സ്‌പെയ്‌സ് ടെക്‌നോളജി മേഖലയിലെ സംരംഭം എന്ന നിലയിൽ ടെക്‌നോപാർക്കും സ്റ്റാർട്ടപ്പ് മിഷനും നൽകിയ വലിയ പിന്തുണയും അവർക്കു സഹായകമായി.
ഹെക്സ് 20 സ്‌ഥാപകരായ മൂന്നുപേർ അവരുടെ സംരംഭത്തെപ്പറ്റി പറയുന്ന ഒരു ലിങ്ക് കമന്റിലുണ്ട്. കഴിയുന്നവർ കാണണം, ഇത്തരം സംരംഭകർക്ക് പ്രോത്സാഹനകരമായ ഒരു വരി അതിൽ കുറിച്ചിടണം, കേരളത്തെക്കുറിച്ചു പറയുമ്പോൾ ഈ കമ്പനിയെക്കുറിച്ചും പറയണം. എല്ലാവരുമറിയട്ടെ, നമ്മുടെ കുഞ്ഞുങ്ങളുടെയും സ്വപ്നങ്ങളിൽ ബഹിരാകാശം നിറയട്ടെ.കേരളം അവിടെയൊക്കെ പരക്കട്ടെന്ന്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here