
കരിമ്പുഴ ഗ്രാമപഞ്ചായത്ത് അംഗന്‍വാടി വര്‍ക്കര്‍മാരുടെ സെലക്ഷന്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേട്. പഞ്ചായത്ത് ഭരിക്കുന്ന യു ഡി എഫിന്റെ നേതൃത്വത്തിലാണ് ക്രമക്കേടുകള്‍ നടന്നത്. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നേതാക്കളുടെ ബന്ധുക്കളെ മാത്രമാണ് സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. സെലക്ഷന്‍ ലിസ്റ്റിനെതിരെ പ്രതിഷേധം വ്യാപകം ഉയരുന്നുണ്ട്.
2024 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കേണ്ട ഇന്റര്‍വ്യൂ നടന്നത് 2025 ജൂണ്‍ 28-നായിരുന്നു. 555 പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ അംഗന്‍വാടി വര്‍ക്കര്‍മാരുടെ സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പത്തോളം പേര്‍ മാത്രം. യു ഡി എഫ് ഭരിക്കുന്ന കരിമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്റര്‍വ്യൂ. പ്രവര്‍ത്തനപരിചയവും യോഗ്യതയും ഉള്ളവരെ പരിഗണിക്കാതെ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ ബന്ധുക്കളെ മാത്രം ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബന്ധുക്കളെ നിയമിക്കാനായിരുന്നെങ്കില്‍ പിന്നെന്തിനാണ് ഇത്തരത്തില്‍ ഒരു നാടകം കളിച്ചതെന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ ചോദിക്കുന്നു.
യു ഡി എഫ് പ്രവര്‍ത്തകരെ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് മെമ്പര്‍ എം മോഹനന്‍ പറഞ്ഞു. അതേസമയം, നാല് ദിവസങ്ങളിലായിയാണ് ഇന്റര്‍വ്യൂ നടന്നതെന്നും ഇന്റര്‍വ്യൂവിന് വന്നവരുടെ യോഗ്യത നോക്കിയാണ് ലിസ്റ്റ് പുറത്തിറക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here