അതിരപ്പിള്ളിയിലെ മുറിവേറ്റ കാട്ടാനയെ കണ്ടെത്താനായില്ല; മയക്കു വെടി വെക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യവും അവസാനിപ്പിച്ചു

ATHIRAPPILLI WILD ELEPHANT

തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തി മയക്കു വെടി വെക്കാനുള്ള രണ്ടാം ദിവസത്തെ ദൗത്യവും അവസാനിപ്പിച്ചു. കാട്ടിലേക്ക് കയറിയ ആനയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് രണ്ടാം ദിവസത്തെ ദൗത്യം അവസാനിപ്പിച്ചത്. വൈൽഡ് ലൈഫ് ചീഫ് സർജൻ ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് രണ്ടാം ദിവസം ഉൾക്കാട്ടിൽ പരിശോധന നടത്തിയത്.

ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മാറ്റി മയക്കുവെടി വെക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി പടക്കം പൊട്ടിച്ചതോടെയാണ് ആന കഴിഞ്ഞദിവസം ഉൾക്കാട്ടിലേക്ക് കയറിപ്പോയത്. തുടർന്ന്, ബുധനാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ ആനയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ALSO READ; 2016ല്‍ യുഡിഎഫ് മന്ത്രിസഭ ഒഴിയുമ്പോള്‍ പെന്‍ഷന്‍ 18 മാസമായി കുടിശികയായിരുന്നു; സഭയില്‍ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

ഈ സാഹചര്യത്തിലാണ് ദൗത്യസംഘം വിപുലീകരിച്ച് മൂന്ന് ഗ്രൂപ്പുകളായി വ്യാഴാഴ്ച പകൽ മുഴുവൻ പരിശോധന നടത്തിയത്. എന്നാൽ, നിരാശയായിരുന്നു ഫലം. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാം ദിവസത്തെ ദൗത്യം അവസാനിപ്പിച്ചത്. ആനയെ കണ്ടെത്താനുള്ള ശ്രമം വെള്ളിയാഴ്ചയും തുടരും എന്നാണ് വനംവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരത്തുള്ള മുനിത്തടത്ത് ആനയുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ അവിടെയാണ് പരിശോധന ആരംഭിച്ചത്. ആനയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. മറ്റ് മൃഗങ്ങളെയും ആനകളെയും കണ്ടെത്താൻ കഴിഞ്ഞു എങ്കിലും മസ്തകത്തിൽ മുറിവുള്ള ആനയെ മാത്രം കണ്ടെത്താൻ സാധിച്ചില്ല. ദിവസങ്ങൾക്ക് മുമ്പാണ് മസ്തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന രീതിയിൽ ആനയെ പ്രദേശത്ത് കണ്ടെത്തിയത്. ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉണ്ടായതോടെയാണ് മയക്കു വെടിവെച്ചു പിടികൂടി ചികിത്സിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News