അതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് മരിച്ചു

സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദ് പൊലീസ് റിമാൻഡിൽ ഇരിക്കെ കൊല്ലപ്പെട്ടു. സഹോദരൻ അഷ്റഫും പ്രയാഗ് രാജിൽ വെച്ച് വെടിയേറ്റ് മരിച്ചു. സംഭവത്തിൽ അക്രമികളായ മൂന്ന് പേർ കീഴടങ്ങി. കൊലപാതകികൾ എത്തിയത് പൊലീസ് വലയം ഭേദിച്ചാണ് എന്നാണ് റിപ്പോർട്ടുകൾ.

ഉമേഷ് പാൽ വധക്കേസിൽ പ്രതികളാണ് അതിഖും സഹോദരൻ അഷ്റഫും. 2005ൽ അന്നത്തെ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ് അറസ്റ്റിലാവുന്നതും ഈ കേസിലാണ്.മുൻ എം.പി.യായ ഇയാൾ നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

അതിഖിനെയും അഷ്റഫിനെയും പ്രയാഗ് രാജിൽ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. രണ്ടോ മൂന്നോ പേർ ഇവർക്കുനേരെ വെടിയുതിർത്തതായിട്ടാണ് വിവരം.

അതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും യുപി പൊലീസിൻ്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിൽ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here