
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ സര്‍ക്കാരിനെതിരെ തിരിക്കാനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യ സമ്പ്രദായത്തെ തകര്‍ക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തില്‍ ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏല്‍പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്. യു ഡി എഫ് ഭരണകാലത്ത് തകര്‍ന്നുകിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ മലയാളികള്‍ക്ക് മറക്കാനാകുമോ? അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുണ്ടായിരുന്നോ? മരുന്നും സജ്ജീകരണങ്ങളുമുണ്ടായിരുന്നോ? ഇല്ല!
കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളര്‍ത്തിയത് കഴിഞ്ഞ ഒൻപത് വര്‍ഷമായി തുടരുന്ന എല്‍ ഡി എഫ് ഭരണമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ഫണ്ട് ചെലവഴിച്ച് ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു. ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിത്തീര്‍ത്തത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇടതുപക്ഷ സര്‍ക്കാരാണ്. ഈ അപകടത്തെയും ദാരുണ മരണത്തെയും സുവര്‍ണാവസരം എന്ന് കരുതി മുതലെടുക്കാന്‍ എത്തുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here