ആറ്റുകാല്‍ പൊങ്കാല; സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജം, മന്ത്രിതല അവലോകന യോഗം ചേര്‍ന്നു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാലിൽ അവലോകന യോഗം ചേര്‍ന്നു. പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങള്‍ ഫെബ്രുവരി 17ന് മുമ്പ് പൂര്‍ണമാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ കർശന നിരീക്ഷണമുണ്ടാകും. ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ റോഡരികിൽ മരങ്ങളോ വാഹനങ്ങളോ ഉണ്ടെങ്കിൽ അവ അടിയന്തരമായി നീക്കം ചെയ്യും.

എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണം കര്‍ശനമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ എന്നിവരും പങ്കെടുത്തു. നഗരത്തില്‍ റോഡ് പണി നടക്കുന്ന സ്ഥലങ്ങളില്‍ ഭക്തര്‍ക്ക് സുരക്ഷിതമായി പൊങ്കാലയിടാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ആറ്റുകാല്‍ പൊങ്കാല.

ALSO READ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതി; 2024 മാർച്ച് 31 വരെയുള്ള പിഴപ്പലിശ ഒഴിവാക്കി

ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദര്‍ശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. പൊങ്കാല ദിവസം 3,500ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തും. കൂടുതല്‍ നിരീക്ഷണ ക്യാമറകളും വിമണ്‍ കണ്‍ട്രോള്‍ റൂമും സ്ഥാപിക്കും. പാര്‍ക്കിംഗ് ഏരിയകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. അടിയന്തരസാഹചര്യം നേരിടുന്നതിന് ജില്ലാ ദുരന്തനിവാരണവിഭാഗം പൂര്‍ണ സജ്ജമാണ്. അഞ്ച് ജില്ലകളില്‍ നിന്നുള്ള 63 വാഹനങ്ങളും 400ലധികം ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഉത്സവ ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘങ്ങളും ആംബുലന്‍സുകളുമുണ്ടാകും.

കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതല്‍ 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനമുണ്ടാകും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ ടീമിന് പുറമേ പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകളും കൂടുതൽ 108 ആബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും. തിരക്ക് കണക്കിലെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുകയും റെയില്‍വേ നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിംഗ് ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ ഭക്ഷ്യസുരക്ഷാ വിഭാഗം വിവിധ അന്നദാന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തും. ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകള്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തികളും 17ന് മുമ്പ് പൂര്‍ത്തിയാക്കും.

ALSO READ: തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ കൂടി മരിച്ചു

പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ തെരുവ് വിളക്കുകള്‍ കത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. പൊങ്കാല ദിവസത്തെ ശുചീകരണത്തിന് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് പൊങ്കാല ദിവസം രാത്രി 10 മണിക്ക് മുമ്പ് തന്നെ നഗരം പൂര്‍ണമായും ശുചീകരിക്കുന്നതിനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അന്നദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുണ്ടാകും. മൊബൈല്‍ ടോയ്ലെറ്റുകള്‍, വാട്ടര്‍ടാങ്കുകള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വായുമലിനീകരണ തോത് അളക്കുന്നതിനും ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണ സംഘം പ്രവര്‍ത്തിക്കും. ഭക്തരെയെത്തിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ പാര്‍ക്കിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ALSO READ: കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ബിജിപിയിലെത്തിയത് ദുരെയുള്ള ഭൂചലനത്തിന്റെ തുടര്‍ചലനം: മാധ്യമപ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ് വൈറല്‍

ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഗായത്രി ബാബു, സി.എസ് സുജാദേവി, പാളയം രാജന്‍, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഉണ്ണികൃഷ്ണന്‍, ഉത്സവമേഖലകളായ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രേംജി സി, ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ നോഡല്‍ ഓഫീസർ കൂടിയായ സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ഡി.സി.പി നിതിന്‍ രാജ്, ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ വേണുഗോപാല്‍ എസ്, സെക്രട്ടറി കെ.ശരത് കുമാര്‍, പ്രസിഡന്റ് ശോഭ.വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News