
ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ ജീവകാരുണ്യത്തിന്റെ മഹത്തായ മാതൃകയുമായി തിരുവനന്തപുരം നഗരസഭ. പൊങ്കാലയ്ക്ക് ശേഷം ഭക്തർ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ ശേഖരിച്ച് അതിദരിദ്രർക്ക് വീടുകൾ നിർമ്മിച്ചു നൽകുകയാണ് നഗരസഭ. കഴിഞ്ഞതവണ 24 വീടുകൾ നിർമ്മിച്ചെങ്കിൽ ഇക്കുറി കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകുകയാണ് ലക്ഷ്യം.
പൊങ്കാലയ്ക്ക് പിന്നാലെ നഗരം ശുചീകരിക്കുക മാത്രമല്ല, ഭക്തർ ഉപേക്ഷിച്ചു പോയ പൊങ്കാല കല്ലുകളും ശേഖരിക്കുകയാണ് നഗരസഭ. മാലിന്യ ശേഖരണത്തിനൊപ്പം എടുത്ത കല്ലുകളെല്ലാം ലൈഫ് ഭവന പദ്ധതിക്കുവേണ്ടി ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനമെന്ന് മേയർ ആര്യ രാജേന്ദ്രൻ കൈരളി ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞതവണ രണ്ടുലക്ഷം ഇഷ്ടികകളാണ് നഗരസഭ ശേഖരിച്ചത്. ഇതു 24 കുടുംബങ്ങൾക്ക് വീട് വച്ചുനൽകാൻ ഉപകരിച്ചതായും ആര്യ ചൂണ്ടിക്കാട്ടി.
സാധാരണഗതിയിൽ സ്വകാര്യവ്യക്തികൾ ചുടുകട്ട ശേഖരിക്കുകയും വില്പന നടത്തി ലാഭം ഉണ്ടാക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ കഴിഞ്ഞവർഷം മുതലാണ് ഈ ചുടുകട്ടകൾ സമൂഹത്തിനുവേണ്ടി ഉപയോഗപ്പെടുത്താൻ നഗരസഭ തീരുമാനിക്കുന്നത്.
അതിദരിദ്രരായ കുടുംബങ്ങൾക്കും ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ച കുടുംബങ്ങൾക്കും ഈ ചുടുകട്ടകൾ എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഇത്തവണ കല്ലുകളുടെ എണ്ണം രണ്ടു ലക്ഷം കവിയുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കൂടുതൽ വീടുകൾ ഇതുവഴി നിർമ്മിക്കാൻ ആകുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here